30% സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ആർട്സ്, ഹ്യുമാനിറ്റീസ്,സോഷ്യൽ സയൻസ്,നിയമം, മാനേജ്മെന്റ്, സയൻസ്, എഞ്ചിനീയറിംഗ്, മെഡിക്കൽ, ടെക്നിക്കൽ, അഗ്രികൾച്ചർ തുടങ്ങിയ മേഖലയിലെ ഭൂരിഭാഗം വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. ബിരുദ പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ആണ്, തിരഞ്ഞെടുപ്പ്. കഴിഞ്ഞ അധ്യയന വർഷം സ്കോളർഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് സെലക്ഷൻ സ്റ്റാറ്റസ്, അപ്ഡേറ്റ് ആകുന്ന മുറയ്ക്ക് റീന്യൂവൽ ചെയ്യാൻ സാധിക്കുന്നതാണ്.
നാഷണൽ സ്കോളർഷിപ്പ് ഫോർ പി ജി സ്റ്റഡീസ് സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിലെ മറ്റു വെൽഫയർ ബേസ്ഡ് സ്കോളർഷിപ്പുകൾ സ്വീകരിക്കാൻ കഴിയില്ല. അതിനാൽ, സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് ലഭിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ, സെൻട്രൽ സെക്ടർ സ്കോളർഷിപ്പിൽ നിന്നും ഒഴിവായാൽ മാത്രമേ, ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. സ്കോളർഷിപ്പിൻ്റെ തെരഞ്ഞെടുപ്പിൽ, ഒറ്റ പെൺകുട്ടികൾക്ക് മുൻഗണനയുള്ളതിനാൽ ഒറ്റ പെൺകുട്ടി വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥിനികൾ നിർബന്ധമായും അപേക്ഷിക്കണം.
നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (NSP) വഴി ഓൺലൈനായി മാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷാ സമർപ്പണത്തിന് ഒക്ടോബർ 31 വരെ സമയമുണ്ട്. നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിലൂടെ ഔദ്യോഗിക വെബ്‌സൈറ്റായ scholarships.gov.in സന്ദർശിച്ച്, വൺ ടൈം രജിസ്ട്രേഷൻ (OTR) സംവിധാനം വഴി , ഫേസ് ഓതന്റിക്കേഷൻ പൂർത്തിയാക്കി പ്രാഥമിക രജിസ്ട്രേഷൻ നടത്തുക. പിന്നീട്, പോർട്ടലിൽ ലോഗിൻ ചെയ്ത് UGC സ്കോളർഷിപ്പ് വിഭാഗത്തിൽ നിന്ന് ‘National Scholarship for Post Graduate Studies’ തെരഞ്ഞെടുക്കുക. തുടർന്ന് വ്യക്തിഗത വിവരങ്ങളും, വിദ്യാഭ്യാസ യോഗ്യതകളും, ബാങ്ക് വിവരങ്ങളും കൃത്യമായി നൽകിയ ശേഷം ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക. അപേക്ഷ സമർപ്പിച്ച ശേഷം, നിർബന്ധമായും അതിന്റെ പ്രിന്റൗട്ട് ഭാവിയിലെ റഫറൻസ് ആവശ്യങ്ങൾക്കായി സൂക്ഷിക്കേണ്ടതുണ്ട്.
യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ (UGC) നടപ്പാക്കുന്ന സ്കോളർഷിപ്പിന് പ്രതിമാസം ₹15,000/- നിരക്കാൻ ആദ്യ വർഷം ₹1,50,000/- രൂപയും രണ്ടാം വർഷം സമാന നിരക്കിൽ ₹1,50,000/- രൂപയും ഉൾപ്പടെ മൊത്തം 3 ലക്ഷം രൂപ ലഭിക്കുന്നു. രാജ്യത്താകെ പ്രതിവർഷം 10,000 സ്കോളർഷിപ്പ് സ്ലോട്ടുകളാണ്, ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്കായി ഈയിനത്തിൽ ലഭ്യമാക്കിയിട്ടുള്ളത്.
അംഗീകൃത സർവ്വകലാശാലകളിലോ കോളേജുകളിലോ ബിരുദാനന്തര ബിരുദ കോഴ്സിന്റെ ആദ്യ വർഷത്തിൽ (First Year) പ്രവേശനം നേടിയിരിക്കുന്ന വിദ്യാർത്ഥികൾക്കാണ്, അർഹത.
റഗുലർ/ഫുൾ ടൈം (Regular/Full-Time) മോഡിൽ പി.ജി. പഠനം നടത്തുന്നവർക്ക് മാത്രമേ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. സ്വാശ്രയ കോളേജുകളിൽ പഠിയ്ക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ, അവരുടെ ആദ്യ ബിരുദാനന്തര ബിരുദം റഗുലറായി ചെയ്യുന്നവരായിരിക്കണം.അപേക്ഷകർക്ക് 30 വയസ്സ് കവിയാൻ പാടില്ല.
1. ഡിഗ്രി മാർക്ക് ലിസ്റ്റ്
2. ജോയിനിങ്ങ് കം വെരിഫിക്കേഷൻ സർട്ടിഫികേറ്റ്(സർട്ടിഫികേറ്റ് മാതൃക അപേക്ഷയുടെ അവസാനം നൽകിയിട്ടുണ്ട്)
3. ഒബിസി – നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
4. ഇ.ഡബ്ല്യു. എസ്. സർടിഫിക്കറ്റ് (ബാധകമെങ്കിൽ)
5. ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് (UDID ഉണ്ടായിരിക്കേണ്ടതാണ്)
6. ഒറ്റ പെൺ കുട്ടി സർട്ടിഫിക്കറ്റ് (മാതൃക അപേക്ഷയുടെ അവസാനം ലഭിക്കുന്നതാണ്).
7. ആധാർ ലിങ്ക് ചെയ്തിട്ടുള്ളതും ആക്ടീവുമായ ബാങ്ക് പാസ്ബുക്ക് വിശദാംശങ്ങൾ (ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ-DBT ലഭിക്കുന്നതിന്)
8. ആധാർ കാർഡും, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറും (NSP OTR രജിസ്ട്രേഷനായി)
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)