Headlines

‘എന്റെ കുടുംബം വരൾച്ചകൊണ്ട് മരിക്കുന്നതിനു കാരണം നിങ്ങൾ ‘: എൻവിഡിയ എക്സിക്യൂട്ടീവിനെതിരെ വിദ്യാർത്ഥി  | Buzz News


Last Updated:

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാ സെന്ററുകളുടെ പാരിസ്ഥിതിക ആഘാതത്തെയും അവ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന ജലത്തിന്റെയും ഊർജ്ജത്തിന്റെയും ആവശ്യകതയെയും കുറിച്ചുള്ള ചർച്ചകൾക്ക് ഈ സംഭവം പുതിയ വഴികൾ തുറന്നിരിക്കുകയാണ്.

News18
News18

ന്യൂയോർക്കിൽ നടന്ന ക്ലൈമറ്റ് വീക്കിനിടെ എൻവിഡിയയുടെ മുതിർന്ന ഉദ്യോഗസ്ഥനുമായി ഒരു ഇന്ത്യൻ വിദ്യാർത്ഥി നടത്തിയ വൈകാരികമായ വാക്കുതർക്കം സോഷ്യൽ മീഡിയയിൽ വൈറലായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാ സെന്ററുകളുടെ പാരിസ്ഥിതിക ആഘാതത്തെയും അവ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന ജലത്തിന്റെയും ഊർജ്ജത്തിന്റെയും ആവശ്യകതയെയും കുറിച്ചുള്ള ചർച്ചകൾക്ക് ഈ സംഭവം പുതിയ വഴികൾ തുറന്നിരിക്കുകയാണ്.

സെപ്റ്റംബർ 23-ന് എൻവിഡിയയുടെ സുസ്ഥിരതാ വിഭാഗം മേധാവി ജോഷ് പാർക്കർ പങ്കെടുത്ത പാനൽ ചർച്ചയ്ക്കിടയിലാണ് പ്രതിഷേധമുണ്ടായത്. എഐ ഇൻഫ്രാസ്ട്രക്ചറിന്റെ ദ്രുതഗതിയിലുള്ള വികസനം വഴി കാലാവസ്ഥാ വ്യതിയാനത്തിന് കമ്പനി കാരണമാകുന്നു എന്ന് ആരോപിച്ചുകൊണ്ട് വിദ്യാർത്ഥി പ്രതിഷേധക്കാർ ചർച്ച ഇടയ്ക്കിടെ തടസ്സപ്പെടുത്തുന്നതായി ഓൺലൈനിൽ പങ്കുവെച്ച വീഡിയോകളിൽ കാണാം.

ഇന്ത്യയിലെ വരൾച്ചാ പ്രശ്നങ്ങളുമായി വിഷയം ബന്ധപ്പെടുത്തി സംസാരിച്ച ഒരു വിദ്യാർത്ഥി പ്രത്യേക ശ്രദ്ധ നേടി. “പാർക്കർ, നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ! നിങ്ങൾ കാരണം ഇന്ത്യയിലെ എന്റെ കുടുംബം വരൾച്ചയാൽ മരിക്കുന്നു. ഇനി എത്ര പേർ മരിക്കണം? നിങ്ങൾ സുസ്ഥിരതയെക്കുറിച്ച് ആശങ്കപ്പെടുന്നുവെന്ന് പറയുന്നു, എന്നാൽ നിങ്ങൾ 15 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളിയിരിക്കുന്നു” എന്ന് വിദ്യാർത്ഥി വിളിച്ചുപറഞ്ഞു. തുടർന്ന് സുരക്ഷാ ജീവനക്കാർ ഇയാളെയും മറ്റ് പ്രതിഷേധക്കാരെയും പുറത്തേക്ക് കൊണ്ടുപോയി.

എഐയുടെ പാരിസ്ഥിതിക ചിലവുകൾ ലക്ഷ്യമിട്ട് പ്രതിഷേധക്കാർ

സാങ്കേതിക വ്യവസായത്തിന്റെ സുസ്ഥിരതാ അവകാശവാദങ്ങളെ ചോദ്യം ചെയ്തുകൊണ്ട് നിരവധി പ്രവർത്തകർ ചർച്ചകൾ തടസ്സപ്പെടുത്തുന്നതായി ചടങ്ങിന്റെ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഡാറ്റാ സെന്ററുകളും വലിയ സാങ്കേതിക കമ്പനികളും കാലാവസ്ഥാ പ്രതിസന്ധിയെ വഷളാക്കുകയാണെന്ന് മറ്റൊരു പ്രതിഷേധക്കാരൻ ആരോപിച്ചു. ഡാറ്റാ സെന്ററുകളുടെയും എഐയുടെയും പ്രത്യാഘാതങ്ങൾ ആളുകൾ അനുഭവിക്കുമ്പോൾ നിങ്ങൾക്ക് എങ്ങനെ അവിടെ ശാന്തമായിരിക്കാൻ കഴിയും, ഈ കോർപ്പറേഷനുകളാണ് കാലാവസ്ഥാ ദുരന്തത്തിന് ഉത്തരവാദികൾ എന്നും അവർ കുറ്റപ്പെടുത്തി.

ഇസ്രായേലുമായുള്ള എൻവിഡിയയുടെ വ്യാപാര ബന്ധങ്ങളെയും പ്രകടനക്കാർ വിമർശിച്ചു. കമ്പനിയുടെ എഐ ചിപ്പുകൾ ഇസ്രായേൽ സൈന്യമാണ് ഉപയോഗിക്കുന്നത് എന്ന ആരോപണവും പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നുണ്ടായി. കോർപ്പറേഷനുകളുടെ ‘ഗ്രീൻവാഷിംഗ്’ രീതികളെ ചോദ്യം ചെയ്യാനും എഐ മുന്നേറ്റത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ വെളിച്ചത്തുകൊണ്ടുവരാനുമാണ് ഈ പ്രതിഷേധം ലക്ഷ്യമിട്ടതെന്ന് സൺറൈസ് മൂവ്മെന്റുമായി ബന്ധപ്പെട്ട പ്രവർത്തകർ വ്യക്തമാക്കി.

ഇന്ത്യയിലെ വരൾച്ചാ പരാമർശം ഏറെ ശ്രദ്ധിക്കപ്പെടാനുള്ള കാരണം

പ്രതിഷേധക്കാരന്റെ പരാമർശം എൻവിഡിയയെ ലക്ഷ്യമിട്ടുള്ളതാണെങ്കിലും, ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ ഡാറ്റാ സെന്ററുകളുടെ വിപുലീകരണത്തെക്കുറിച്ച് ഇന്ത്യയിൽ നടന്നുക്കൊണ്ടിരിക്കുന്ന വിശാലമായ ചർച്ചകളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാക്കളുടെ വിമർശനത്തിന് ശേഷം ഈ വിഷയം കൂടുതൽ ശ്രദ്ധ നേടിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും രൂക്ഷമായ വരൾച്ചയും ജലക്ഷാമവും നേരിടുമ്പോൾ തന്നെ ഡാറ്റാ സെന്റർ വ്യവസായം വ്യാപിപ്പിക്കാനുള്ള പദ്ധതികൾക്കെതിരെയാണ് വിമർശനങ്ങൾ ഉയർന്നത്. വലിയ തോതിലുള്ള വ്യാവസായിക ജല ഉപയോഗത്തെക്കുറിച്ചുള്ള ആശങ്കകളും പാരിസ്ഥിതിക ഗവേഷകർ ഉയർത്തുന്നുണ്ട്.

ആധുനിക എഐ ഇൻഫ്രാസ്ട്രക്ചറിന് തണുപ്പ് നൽകാൻ ആവശ്യമായ വെള്ളത്തിന്റെ അളവിനെക്കുറിച്ചും വിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഡൗൺ ടു എർത്ത് പ്രസിദ്ധീകരിച്ച സമീപകാല വിശകലനം അനുസരിച്ച്, ഇന്ത്യയിലെ മിക്ക ഡാറ്റാ സെന്ററുകളും ബാഷ്പീകരണ ശീതികരണ സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. സെർവറുകൾ പുറത്തുവിടുന്ന ചൂട് നീക്കം ചെയ്യാൻ വലിയ അളവിലുള്ള വെള്ളമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഡാറ്റാ സെന്റർ ശേഷിയുടെ ഓരോ മെഗാവാട്ടിനും പ്രതിവർഷം ഏകദേശം 25 ദശലക്ഷം ലിറ്റർ വെള്ളം ആവശ്യമാണെന്ന് കർണാടക ഐ.ടി മന്ത്രി പ്രിയങ്ക് ഖാർഗെ ഈ വർഷം നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

എഐ ഇൻഫ്രാസ്ട്രക്ചറിന്റെ വർദ്ധിച്ചുവരുന്ന പരിശോധനകൾ

വൈദ്യുതി ഉപഭോഗത്തിനപ്പുറം എഐയുടെ പാരിസ്ഥിതിക ചിലവുകൾ വലുതാണെന്ന് വിമർശകർ വാദിക്കുന്നു. ബാഷ്പീകരണ ശീതികരണ സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ 80 ശതമാനത്തോളം ഭാഗവും ബാഷ്പീകരണത്തിലൂടെ നഷ്ടപ്പെടുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. 2027 ഓടെ ആഗോള എഐ ഇൻഫ്രാസ്ട്രക്ചറിന് പ്രതിവർഷം 4.2 ബില്യൺ മുതൽ 6.6 ബില്യൺ ക്യുബിക് മീറ്റർ വരെ വെള്ളം ആവശ്യമായി വന്നേക്കാമെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ജലക്ഷാമം നിലനിൽക്കുന്ന പ്രദേശങ്ങളിലാണ് പല ഡാറ്റാ സെന്ററുകളും നിർമ്മിക്കപ്പെടുന്നത് എന്നത് ശുദ്ധജല സ്രോതസ്സുകൾക്കായുള്ള മത്സരം വർദ്ധിപ്പിക്കുന്നുണ്ട്.

സോഷ്യൽ മീഡിയയുടെ പ്രതികരണങ്ങൾ

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുകയും ഭൂരിഭാഗം ഉപയോക്താക്കളും പ്രതിഷേധക്കാർക്ക് പിന്തുണ നൽകുകയും ചെയ്തു. ഈ തലമുറയിലെ വിദ്യാർത്ഥികളുടെ ആവേശത്തെയും ലക്ഷ്യബോധത്തെയും അഭിനന്ദിക്കുന്നുവെന്ന് ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് കുറിച്ചു. ധൈര്യപൂർവ്വം ശബ്ദമുയർത്തിയതിന് നന്ദിയെന്ന് മറ്റു ചിലരും അഭിപ്രായപ്പെട്ടു. കോർപ്പറേഷനുകൾക്കെതിരെ നിലകൊണ്ട വിദ്യാർത്ഥികളെ പ്രശംസിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്.



Source link

Leave a Reply

Your email address will not be published. Required fields are marked *