Last Updated:
ചൂഷണം ഏതെങ്കിലും ഒരു രാജ്യത്തോ തൊഴിൽ മേഖലയിലോ മാത്രം ഒതുങ്ങിനിൽക്കുന്ന പ്രതിഭാസമല്ലെന്ന് രമ്യ കൃഷ്ണൻ
സിനിമാ മേഖലയിലെ ലൈംഗിക ചൂഷണ പ്രവണതയായ ‘കാസ്റ്റിങ് കൗച്ച്’ ഇന്നും നിലനിൽക്കുന്ന യാഥാർഥ്യമാണെന്ന് നടി രമ്യ കൃഷ്ണൻ (Ramya Krishnan). സ്ത്രീകൾക്ക് മാത്രമല്ല, ലിംഗഭേദമന്യേ ആർക്കും ഇത്തരം ചൂഷണങ്ങൾ നേരിടേണ്ടിവരാമെന്നും താരം അഭിപ്രായപ്പെട്ടു. അടുത്തിടെ ‘റോ ടോക്ക്സ് വിത്ത് വി.കെ’ (Raw Talks With VK) എന്ന പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് രമ്യ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് എന്ന പ്രവണത നിലനിൽക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, പണ്ടുമുതലേ ഇത്തരം ചൂഷണങ്ങൾ ഉണ്ടായിരുന്നുവെന്നും ഇന്നും തുടരുകയാണെന്നുമായിരുന്നു രമ്യയുടെ മറുപടി.
തന്റെ നിലപാട് വ്യക്തമാക്കുന്നതിനിടെ എപ്സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളും താരം പരാമർശിച്ചു. ചൂഷണം ഏതെങ്കിലും ഒരു രാജ്യത്തോ തൊഴിൽ മേഖലയിലോ മാത്രം ഒതുങ്ങിനിൽക്കുന്ന പ്രതിഭാസമല്ലെന്ന് അവർ ചൂണ്ടിക്കാട്ടി.
“എപ്സ്റ്റീൻ ഫയലുകൾ പരിശോധിച്ചുനോക്കൂ. സ്ത്രീകൾക്ക് ഏറെ സ്വാതന്ത്ര്യവും മുന്നേറ്റവുമുള്ള അമേരിക്കയിൽപ്പോലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവിടെയും സ്ത്രീകൾക്ക് സമാനമായ അനുഭവങ്ങൾ നേരിടേണ്ടിവന്നു. അങ്ങനെയിരിക്കെ, ഇന്ത്യയിൽ ഇത്തരം പ്രവണതകളില്ലെന്ന് ആർക്കാണ് പറയാനാകുക? ഇത് ഇവിടെ നടക്കുന്നുണ്ട്, മുൻപും നടന്നിട്ടുണ്ട്, ഇനിയും സംഭവിക്കാം. എന്നാൽ ഇത്തരം സാഹചര്യങ്ങൾ രൂപപ്പെടുന്ന രീതിയിലും ഒരാൾക്ക് അനുകൂലമായോ പ്രതികൂലമായോ നിലപാട് അറിയിക്കാനുള്ള അവസരത്തിലും കാലത്തിനനുസരിച്ച് മാറ്റങ്ങളുണ്ടാകാം,” രമ്യ പറഞ്ഞു.
സിനിമാ മേഖലയിൽ മാത്രമായി ഒതുങ്ങുന്നതല്ല ലൈംഗിക ചൂഷണമെന്നും സമൂഹത്തിന്റെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും ഇത്തരം അനുഭവങ്ങളുണ്ടാകാമെന്നും താരം കൂട്ടിച്ചേർത്തു.
“നിർബന്ധിതമായോ, പരസ്പര സമ്മതത്തോടെയോ, അപ്രതീക്ഷിത സാഹചര്യങ്ങളിലോ ഇത്തരം സംഭവങ്ങൾ ഉണ്ടാകാം. എന്നാൽ ഇത് നിലനിൽക്കുന്നുണ്ടെന്ന വസ്തുത ആർക്കും നിഷേധിക്കാനാവില്ല. സിനിമാ മേഖലയുടെ ഗ്ലാമർ സ്വഭാവം കൊണ്ടാണ് ഇത്തരം വിഷയങ്ങൾ കൂടുതൽ ചർച്ചയാകുന്നത്. എന്നാൽ സിനിമയ്ക്ക് പുറത്ത് എത്രയോ സ്ത്രീകൾ സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നുണ്ടാകും? ഇത്തരം ചൂഷണങ്ങൾ എല്ലായിടത്തുമുണ്ട്. ലിംഗഭേദമില്ലാതെ ആർക്കും അതിന് ഇരയാകാം,” രമ്യ വ്യക്തമാക്കി.
ഏകദേശം നാല് പതിറ്റാണ്ടായി ഇന്ത്യൻ സിനിമയുടെ ഭാഗമാണ് രമ്യ കൃഷ്ണൻ. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും പരിചിതമായ മുഖങ്ങളിലൊന്നാണ്.
കൗമാരപ്രായത്തിൽ അഭിനയരംഗത്തെത്തിയ രമ്യ, പിന്നീട് വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയമായ സിനിമാജീവിതം കെട്ടിപ്പടുത്തു. രജനീകാന്ത് നായകനായ ‘പടയപ്പ’യിലെ നീലാംബരി എന്ന കരുത്തുറ്റ കഥാപാത്രവും എസ്.എസ്. രാജമൗലിയുടെ ‘ബാഹുബലി’ പരമ്പരയിലെ രാജമാത ശിവഗാമിയും താരത്തിന്റെ അഭിനയജീവിതത്തിലെ ശ്രദ്ധേയമായ വേഷങ്ങളാണ്. ‘ബാഹുബലി’യിലെ ശിവഗാമിയിലൂടെ രാജ്യത്തുടനീളമുള്ള പ്രേക്ഷകർക്കിടയിൽ രമ്യ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.
രജനീകാന്ത് നായകനായ ‘ജയിലറി’ലും അതിന്റെ രണ്ടാം ഭാഗത്തിലും അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ഭാര്യയായ വിജയി എന്ന വേഷത്തിലും രമ്യ ശ്രദ്ധ നേടി.
