Last Updated:
നിലവിലെ ജോലി ഉപേക്ഷിക്കാതെ തന്നെ മാനേജ്മെന്റ് രംഗത്ത് ഉയർന്ന യോഗ്യത നേടാനും കരിയറിൽ നേതൃത്വ പദവികളിലേക്ക് ഉയരാനും ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്
ഇന്ത്യയിലെ ഏറ്റവും മികച്ച ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഐഐടി മദ്രാസ്, ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കായി നടത്തുന്ന അഭിമാനകരമായ എക്സിക്യൂട്ടീവ് എംബിഎ (Executive MBA) പ്രോഗ്രാമിലേക്ക് പുതിയ ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. നിലവിലെ ജോലി ഉപേക്ഷിക്കാതെ തന്നെ മാനേജ്മെന്റ് രംഗത്ത് ഉയർന്ന യോഗ്യത നേടാനും കരിയറിൽ നേതൃത്വ പദവികളിലേക്ക് ഉയരാനും ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്.
മാറിക്കൊണ്ടിരിക്കുന്ന കോർപ്പറേറ്റ് ലോകത്ത് ഉന്നത നേതൃത്വത്തിലേക്ക് വളരാൻ പ്രൊഫഷണലുകളെ പ്രാപ്തരാക്കുന്ന രീതിയിലാണ് ഈ കോഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സങ്കീർണമായ ബിസിനസ്സ് സാഹചര്യങ്ങളിൽ ദീർഘവീക്ഷണത്തോടെയുള്ള തന്ത്രപരമായ തീരുമാനമെടുക്കലും വിവിധ വകുപ്പുകളെയും ടീമുകളെയും ഏകോപിപ്പിച്ച് വിജയത്തിലേക്ക് നയിക്കാനുള്ള നേതൃത്വ പാടവനൈപുണ്യവും അത്യന്താപേക്ഷിതമാണ്. ഇതുകൂടാതെ ആധുനിക മാനേജ്മെന്റ് തത്വങ്ങളും ബിസിനസ് തന്ത്രങ്ങളും സ്വായത്തമാക്കാൻ സഹായിക്കുന്ന ബിസിനസ് മാനേജ്മെന്റ് മികവും സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ, പ്രോജക്റ്റ് മാനേജ്മെന്റ്, റിസോഴ്സ് ഒപ്റ്റിമൈസേഷൻ എന്നിവ കാര്യക്ഷമമാക്കാനുള്ള പ്രായോഗിക അറിവ് നൽകുന്ന പ്രവർത്തന നിയന്ത്രണവും (Operational Mastery) പരിശീലന കാലയളവിൽ സ്വാഭാവികമായും സിദ്ധിക്കുന്നു. ഫ്രഷായ വിദ്യാർത്ഥകൾക്കല്ല; മറിച്ച് പ്രവൃത്തിപരിചയമുള്ള പ്രൊഫഷണലുകൾക്കാണ്, അവസരം.
വിദ്യാഭ്യാസ യോഗ്യത, ആവശ്യമായ മിനിമം പ്രവൃത്തിപരിചയം, സെലക്ഷൻ പ്രക്രിയ, കോഴ്സ് ഫീസ് ഘടന, ക്ലാസുകളുടെ ക്രമീകരണം തുടങ്ങിയ സമഗ്ര വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിലെ പ്രോസ്പെക്ടസിൽ ലഭ്യമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിബന്ധനകൾ കൃത്യമായി വായിച്ചു മനസ്സിലാക്കിയ ശേഷം നിശ്ചിത തീയതിക്കകം (ഒക്ടോബർ 26, 2026) ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
