Headlines

പൈലറ്റാകണോ? ഉഡാൻ അക്കാദമിയിൽ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കോഴ്‌സിന്  അപേക്ഷിക്കാം| How to Apply for Commercial Pilot License CPL Course at UDAAN Academy | കരിയർ വാർത്ത


ഉത്തർപ്രദേശിലെ അമേഠി ജില്ലയിലുള്ള ഫുർസത്ഗഞ്ച് എയർഫീൽഡിലാണ് ഈ അക്കാദമി സ്ഥിതി ചെയ്യുന്നത്. പ്രധാനമായും കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് (CPL) കോഴ്‌സാണ് ഇവിടെയുള്ളത്. ഇതിനോടൊപ്പം ബി.എസ് സി (ഏവിയേഷൻ) ബിരുദവും നേടാൻ അവസരമുണ്ട്. കൂടാതെ എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനീയറിംഗ് (AME), ഡ്രോൺ പൈലറ്റ് പരിശീലനം എന്നിവയും ഇവിടെ ലഭ്യമാണ്.

അത്യാധുനിക വിമാനങ്ങളുടെ ഗണത്തിൽ പെടുന്ന (Diamond DA-40, DA-42, Zlin തുടങ്ങിയവ), ഫ്ലൈറ്റ് സിമുലേറ്ററുകൾ എന്നിവ ഉപയോഗിച്ചാണ് ഇവിടെ പരിശീലനം നൽകുന്നത്. സ്വന്തമായി എയർഫീൽഡും എയർ ട്രാഫിക് കൺട്രോളും (ATC) ഈ അക്കാദമിക്കുണ്ട്.

വർഷത്തിലൊരിക്കൽ നടത്തുന്ന അഖിലേന്ത്യാ പ്രവേശന പരീക്ഷ, അഭിമുഖം, പൈലറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം ലഭിക്കുന്നത്. പൂർണ്ണമായും താമസിച്ചു പഠിക്കേണ്ട (Residential) ഒരു സ്ഥാപനമാണിത്. പൈലറ്റാകാൻ ആഗ്രഹിക്കുന്ന ഇന്ത്യയിലെ വിദ്യാർത്ഥികളുടെ സ്വപ്നതുല്യമായ പഠനകേന്ദ്രമാണിത്. തൊഴിൽ സാധ്യതയുള്ള എയർലൈൻ–പൈലറ്റ് പരിശീലനത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്രമാണ് അമേഠി ഉഡാൻ അക്കാദമി.

സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഈ സ്വയംഭരണ സ്‌ഥാപനത്തിലെ കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കോഴ്‌സ് പ്രവേശനത്തിന് ഏപ്രിൽ 13 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനവസരമുണ്ട്.

മികച്ച ഹോസ്റ്റൽ സൗകര്യങ്ങൾ, സ്പോർട്സ് കോംപ്ലക്സ്, സ്വിമ്മിംഗ് പൂൾ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ട്.സ്‌റ്റുഡന്റ് പൈലറ്റ് ലൈസൻസ്, പ്രൈവറ്റ് പൈലറ്റ് ലൈസൻസ്, കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് എന്നിങ്ങനെ 3 തലങ്ങളിലായാണ് പരിശീലനം.

അടിസ്ഥാന യോഗ്യത

‘ആബ് ഇനിഷ്യോ ടു സിപിഎൽ’ പ്രോഗ്രാമിൽ ചേരാൻ ഇംഗ്ലിഷ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് പഠിച്ച പ്ലസ്ടു (ഇവയോരോന്നിനും 50% എങ്കിലും മാർക്കോടെ)വാണ്  അടിസ്ഥാന യോഗ്യത. എന്നാൽ പട്ടികജാതി/വർഗ്ഗ, പിന്നാക്ക, സാമ്പത്തിക പിന്നാക്ക വിഭാഗക്കാർക്ക് 45% മാർക്കു മതി. കോഴ്സിനു ചേരുമ്പോൾ അപേക്ഷാർത്ഥിയ്ക്ക് 17 വയസ്സ് തികയണം. കൂടാതെ അവിവാഹിതരുമായിരിക്കണം.

പ്രവേശനം‌

മെയ് 3ന് ഓൺലൈൻ എഴുത്തു പരീക്ഷ ,രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി അടക്കം 18 കേന്ദ്രങ്ങളുണ്ട്. എഴുത്തുപരീക്ഷയിൽ മികവുള്ളവർക്കു പൈലറ്റ് അഭിരുചി / സൈക്കോമെട്രിക്‌ ടെസ്‌റ്റ്, ഇന്റർവ്യൂ എന്നിവയുണ്ട്. പൈലറ്റ് അഭിരുചി പരീക്ഷയ്ക്കു ജീവിതത്തിൽ ഒരു ചാൻസ് മാത്രമേ ലഭിക്കൂ.ആകെ 125 സീറ്റ് മാത്രമാണുള്ളത്. അതിൽ, കേന്ദ്രമാനദണ്ഡപ്രകാരം വിവിധ വിഭാഗങ്ങൾക്ക് സംവരണമുണ്ട്.ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ നിർദേശാനുസരണമുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രവേശനസമയത്ത് ക്ലാസ് 2 മെ‍ഡിക്കൽ എക്സാമിനറുടെ സർട്ടിഫിക്കറ്റ് മതി. പിന്നീട് ക്ലാസ് വണ്ണിന്റെയും വേണ്ടിവരും. രണ്ടിനും കേരളത്തിൽ സൗകര്യമുണ്ട്.

പഠനം, സൗജന്യമല്ല

ട്രെയ്നിങ് ഫീസ് 55 ലക്ഷം രൂപയാണ്. കൂടാതെ പഠനോപകരണങ്ങൾക്കും മറ്റുമായി വേറെയും ചെലവുണ്ടാകും. ഹോസ്‌റ്റൽ ചെലവ് പ്രതിമാസം 15,000/- വരും. എല്ലാ വിഭാഗക്കാരും ഇതേ ക്രമത്തിൽ ഫീസടയ്ക്കണം. സമാന്തരമായി 3 വർഷ ബിഎസ്‌സി ഏവിയേഷൻ ബിരുദ കോഴ്‌സിനും പഠിക്കാം. ഇതിന് 40 സീറ്റുണ്ട്.

Indira Gandhi Rashtriya Uran Akademi, Fursatganj Airfield,

AMETHI (U.P.) – PIN 229302

Toll Number- +91 022-61087558

വെബ്സൈറ്റ്

അപേക്ഷാ സമർപ്പണത്തിന്

തയാറാക്കിയത്-  ഡോ. ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)



Source link

Leave a Reply

Your email address will not be published. Required fields are marked *