Last Updated:
തനിക്കെതിരെ അത്യന്തം അപകീർത്തികരവും വ്യാജവുമായ കാര്യങ്ങൾ പ്രചരിപ്പിച്ച് പൊതുസമൂഹത്തിനിടയിൽ മോശക്കാരിയാക്കാൻ ശ്രമിച്ചെന്ന് അൻസിബ പരാതിയിൽ ചൂണ്ടിക്കാട്ടി
സോഷ്യൽമീഡിയയിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് നടിമാരായ ലക്ഷ്മിപ്രിയയ്ക്കും ശ്വേത മേനോനുമെതിരെ കേസ് കൊടുത്ത് അൻസിബ ഹസൻ. വ്യാജവും അശ്ലീലം നിറഞ്ഞതുമായ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ചുവെന്നാണ് പരാതി. നടി ലക്ഷ്മി പ്രിയ, ‘കാൻ ചാനൽ മീഡിയ’ ഉടമ സുകുമാർ, നടി ശ്വേതാ മേനോൻ എന്നിവർക്കെതിരെയാണ് എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.
തനിക്കെതിരെ അത്യന്തം അപകീർത്തികരവും വ്യാജവുമായ കാര്യങ്ങൾ പ്രചരിപ്പിച്ച് പൊതുസമൂഹത്തിനിടയിൽ മോശക്കാരിയാക്കാൻ ശ്രമിച്ചെന്ന് അൻസിബ പരാതിയിൽ ചൂണ്ടിക്കാട്ടി. ‘കാൻ ചാനൽ മീഡിയ’ എന്ന പേജിലൂടെ ലക്ഷ്മി പ്രിയ, സുകുമാർ എന്നയാളുടെ സഹായത്തോടെ തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്ന വിഡിയോ പ്രചരിപ്പിച്ചെന്നാണ് അൻസിബയുടെ പരാതി.
ഒരു നടി എന്നതിലുപരി ഒരു സ്ത്രീ എന്ന നിലയിൽ തന്നെ മോശക്കാരിയാക്കാൻ ബോധപൂർവ്വം ശ്രമിച്ച ലക്ഷ്മി പ്രിയ, അതിന് ഒത്താശ ചെയ്ത ചാനൽ ഉടമ, ഇതിന് പിന്നിൽ ഗൂഢാലോചന നടത്തിയ ശ്വേതാ മേനോൻ എന്നിവർക്കെതിരെ കർശന നടപടി വേണമെന്ന് അൻസിബ ആവശ്യപ്പെട്ടു.
തന്റെ സുഹൃത്താണ് ഇത്തരത്തിലൊരു വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് തന്നോട് പറഞ്ഞതെന്നും ഇല്ലാത്ത കാര്യങ്ങളാണ് തന്നെ കുറിച്ച് പ്രചരിപ്പിച്ചതെന്നും അൻസിബ പറഞ്ഞു. വ്യക്തിവൈരാഗ്യം മൂലം ലക്ഷ്മി പ്രിയയും, ‘അമ്മ’ മുൻ പ്രസിഡന്റായിരുന്ന ശ്വേതാ മേനോനും ചേർന്ന് ഗൂഢാലോചന നടത്തി എന്നെ വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അധിക്ഷേപിക്കാനുമായി ഇപ്രകാരം വ്യാജമായ കാര്യങ്ങൾ കെട്ടിച്ചമച്ച് പ്രചരിപ്പിക്കുന്നതാണെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നതായി അൻസിബ പരാതിയിൽ പറയുന്നു.
രാജിവച്ച് പോയതിന് ശേഷം ശ്വേതാ മേനോൻ തിരുവനന്തപുരത്തുള്ള ഒരു സോഷ്യൽ മീഡിയ പി.ആർ. ഏജൻസിയുമായി ചേർന്ന് ഇത്തരം വ്യാജ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനായി നിയമവിരുദ്ധമായ കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് കേൾക്കുന്നുണ്ട്. ആയതിനാലും ആ വിഷയത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Ernakulam,Kerala
