സിനിമയെക്കുറിച്ചുള്ള സംഭാഷണങ്ങൾക്കും ഓർമകൾ പങ്കുവയ്ക്കുന്നതിനുമൊപ്പം, കരൺ ജോഹർ സംവിധാനം ചെയ്ത ‘കഭി ഖുഷി കഭി ഗം’ എന്ന ചിത്രത്തിലെ പ്രശസ്ത ഗാനങ്ങളെ ആസ്പദമാക്കിയുള്ള പ്രത്യേക കലാപരിപാടിയും ചടങ്ങിന്റെ ഭാഗമായി അരങ്ങേറി.
വില്യം രാജകുമാനൊപ്പമുള്ള ചിത്രങ്ങൾ കരൺ ജോഹർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് കൂടിക്കാഴ്ചയുടെ വിശേഷങ്ങൾ പുറത്തുവന്നത്. സിനിമയുടെ ശക്തിയും ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സാംസ്കാരിക ബന്ധവും ആഘോഷിച്ച മനോഹരമായ നേരമായിരുന്നു അതെന്ന് ചിത്രങ്ങൾക്കൊപ്പമുള്ള കുറിപ്പിൽ കരൺ വ്യക്തമാക്കി.
മുംബൈയിലെ ധർമ പ്രൊഡക്ഷൻസ് ഓഫീസിൽ വെയിൽസ് രാജകുമാരനെ സ്വീകരിക്കാനായതിൽ വലിയ സന്തോഷവും അഭിമാനവുമുണ്ടെന്ന് കരൺ ജോഹർ കുറിച്ചു.
“വെയിൽസ് രാജകുമാരൻ വില്യമിനെ ധർമ പ്രൊഡക്ഷൻസിലേക്ക് സ്വാഗതം ചെയ്യാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയും സന്തോഷവുമാണ്. സിനിമയുടെ മാന്ത്രികതയെക്കുറിച്ചും നമ്മെ രൂപപ്പെടുത്തുന്ന കഥകളെക്കുറിച്ചും സംസ്കാരങ്ങളുടെ അതിർവരമ്പുകൾ മറികടന്ന് ആളുകളെ ഒന്നിപ്പിക്കുന്ന ബന്ധങ്ങളെക്കുറിച്ചും മനോഹരമായ സംഭാഷണങ്ങളാണ് നടന്നത്,” കരൺ കുറിച്ചു.
‘കഭി ഖുഷി കഭി ഗം’ എന്ന ചിത്രത്തിന്റെ ഓർമകൾ പങ്കുവെച്ചതായിരുന്നു കൂടിക്കാഴ്ചയിലെ ശ്രദ്ധേയ നിമിഷങ്ങളിലൊന്ന്. ചിത്രം പുറത്തിറങ്ങി 25 വർഷം തികയാനിരിക്കെ, അതിന്റെ ചിത്രീകരണകാലത്തെ രസകരമായ അനുഭവങ്ങൾ കരീന കപൂറിനൊപ്പം പങ്കുവെച്ചതായും കരൺ വെളിപ്പെടുത്തി.
“കഭി ഖുഷി കഭി ഗം സിനിമയുടെ ചിത്രീകരണകാലത്തെ ഓർമകൾ വീണ്ടും പങ്കുവെച്ചത് ഏറെ ഹൃദ്യമായ അനുഭവമായിരുന്നു. അന്നത്തെ ചിത്രീകരണവേളകളിലെ രസകരമായ സംഭവങ്ങൾ ഞങ്ങൾ ഓർത്തെടുത്തു. കരീനയ്ക്കും എനിക്കും പഴയ കാലത്തേക്ക് മടങ്ങിപ്പോയതുപോലെ തോന്നി,” അദ്ദേഹം കുറിച്ചു.
സിനിമയ്ക്ക് ലോകമെമ്പാടുമുള്ള മനുഷ്യരെ പരസ്പരം അടുപ്പിക്കാനുള്ള അസാധാരണമായ കഴിവുണ്ടെന്നും കരൺ അഭിപ്രായപ്പെട്ടു.
“അതിരുകൾക്കും ഭാഷകൾക്കും സംസ്കാരങ്ങൾക്കും അതീതമായി മനുഷ്യരെ ബന്ധിപ്പിക്കാൻ കഥകൾക്ക് കഴിയും. ഇത്തരം നിമിഷങ്ങൾ അതാണ് നമ്മെ ഓർമിപ്പിക്കുന്നത്. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ദൃഢമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും ഇത്തരം കൂടിക്കാഴ്ചകൾ സഹായിക്കുന്നു. കാരണം, കഥകൾക്ക് അതിരുകളില്ല. ഞങ്ങളോടൊപ്പം വിലപ്പെട്ട സമയം ചെലവഴിച്ച വെയിൽസ് രാജകുമാരന് നന്ദി,” കരൺ ജോഹർ കുറിച്ചു.
2001-ൽ പുറത്തിറങ്ങിയ ‘കഭി ഖുഷി കഭി ഗം’ എന്ന സൂപ്പർഹിറ്റ് സിനിമയിലെ ‘ബോലെ ചൂഡിയാൻ’, ‘സേ ഷാവ ഷാവ’ തുടങ്ങിയ ജനപ്രിയ ഗാനങ്ങൾ കോർത്തിണക്കിയ പ്രത്യേക ബോളിവുഡ് നൃത്തപരിപാടിയും വില്യം രാജകുമാനായി ഒരുക്കിയിരുന്നു.
കരൺ ജോഹർ, കരീന കപൂർ, സെയ്ഫ് അലി ഖാൻ എന്നിവർക്കൊപ്പം ഇരുന്ന് അദ്ദേഹം നൃത്താവതരണം ആസ്വദിച്ചു. രാജകുമാരന് അവിസ്മരണീയമായ ബോളിവുഡ് അനുഭവമായി മാറി ഈ പരിപാടി.
മൂന്നുദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ വില്യം രാജകുമാനും ഭാര്യ കേറ്റ് മിഡിൽടണും എർത്ത്ഷോട്ട് പുരസ്കാരത്തിന്റെ ആറാം പതിപ്പിൽ പങ്കെടുക്കുന്നതിനായാണ് മുംബൈയിൽ വന്നത്. നവംബർ 17-ന് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന പുരസ്കാരച്ചടങ്ങിൽ ഇന്ത്യൻ സിനിമാ മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്തു.
കരൺ ജോഹർ, ആലിയ ഭട്ട്, സോനം കപൂർ, രാകുൽ പ്രീത് സിങ് തുടങ്ങി നിരവധി ബോളിവുഡ് താരങ്ങളും ചടങ്ങിനെത്തി.
അതേസമയം, ബുധനാഴ്ച ഡൽഹിയിലേക്ക് തിരിക്കുന്ന വില്യം രാജകുമാനും കേറ്റ് മിഡിൽടണും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്.