Headlines

പ്രചോദനമായി പ്രദീപ്; കേരളത്തിലെ സർവകലാശാലകളിൽ കാഴ്ചപരിമിതിയുള്ള ആദ്യ പിആർഒ | കരിയർ വാർത്ത


Last Updated:

സംസ്ഥാനത്ത് ഒരു കാഴ്ചപരിമിതിയുള്ള വ്യക്തിയെ സർവകലാശാല പി.ആർ.ഒയായി നിയമിക്കുന്നത് ഇതാദ്യമായാണ്. അടുത്ത ആഴ്ച പ്രദീപ് കണ്ണൂർ സർവകലാശാലയിൽ പിആർഒയായി ചുമതലയേൽക്കും.

News18
News18

കൊച്ചി: കേരളത്തിലെ സർവകലാശാലകളിൽ കാഴ്ചപരിമിതിയുള്ള ആദ്യ പബ്ലിക് റിലേഷൻസ് ഓഫീസറായി പ്രദീപ്. തിരുവനന്തപുരത്തെ കുറ്റിച്ചൽ സ്വദേശിയായ പ്രദീപ് ബി.ജെയാണ് എല്ലാവർക്കും പ്രചോദനമായി പിആർഒയായി നിയമിതനായത്. സംസ്ഥാനത്ത് ഒരു കാഴ്ചപരിമിതിയുള്ള വ്യക്തിയെ സർവകലാശാല പി.ആർ.ഒയായി നിയമിക്കുന്നത് ഇതാദ്യമായാണ്. അടുത്ത ആഴ്ച പ്രദീപ് കണ്ണൂർ സർവകലാശാലയിൽ പിആർഒയായി ചുമതലയേൽക്കും.

കാലിക്കറ്റ് സർവകലാശാല, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് തൃശൂർ, കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല, മഹാത്മാ ഗാന്ധി സർവകലാശാല കോട്ടയം, കേരള സർവകലാശാല, കേരള ടെക്‌നോളജിക്കൽ സർവകലാശാല എന്നിവിടങ്ങളിലും പ്രദീപിനെ പിആർഒ നിയമനങ്ങൾ ഉണ്ടാകും.

2022ലാണ് വിജ്ഞാപനം വന്നത്. ഏകദേശം 400 പേർ പരീക്ഷ എഴുതി. അതിൽ നിന്ന് 62 പേരാണ് അഭിമുഖത്തിൽ തിരഞ്ഞെടുക്കപ്പെട്ടത്. 52-ാം വയസ്സിൽ സ്ക്രൈബിന്റെ സഹായത്തോടെയാണ് പ്രദീപ് പരീക്ഷ എഴുതിയത്. സഹായവും പിന്തുണയും നൽകി കൂടെനിന്നത് ഭാര്യ ബിന്ദുവാണ്. ഓഡിയോയുടെ സഹായത്തോടെയായിരുന്നു തന്റെ പഠനമെന്ന് പ്രദീപ് പറഞ്ഞു. യൂട്യൂബിന്റെ സഹായത്തോടെയും പഠനം തുടരന്നുണ്ട്. ഭാര്യ പുസ്തകങ്ങൾ വായിച്ച് കേൾപ്പിക്കുമായിരുന്നു. അവൾ ആവശ്യമായ പുസ്തകങ്ങൾ കണ്ടെത്തിയും ഒരുക്കിയും നൽകി. രാത്രികളിലും പുലർച്ചെയുമൊക്കെ ചേർന്ന് പഠിച്ചാണ് താൻ സ്വപ്ന ജോലി നേടിയെടുത്തതെന്ന് പ്രദീപ് വ്യക്തമാക്കി.

2011-ൽ ‘റെറ്റിനൈറ്റിസ് പിഗ്മെന്റോസ’ എന്ന രോഗം മൂലം കാഴ്ച നഷ്ടപ്പെട്ടതോടെ ദൃശ്യ മാധ്യമ രംഗത്തെ കരിയർ ഉപേക്ഷിക്കേണ്ടിവന്നു. തുടർന്ന് സർക്കാർ സേവനത്തിൽ ഓഫീസ് അറ്റൻഡന്റായി പ്രവേശിച്ച അദ്ദേഹം പബ്ലിക് വർക്സ്, ആരോഗ്യ വകുപ്പ് തുടങ്ങിയ മേഖലകളിൽ വിവിധ സ്ഥാനങ്ങളിൽ ഉയർന്നു.

കേരള സർവകലാശാലയിൽ നിന്ന് ജേണലിസം ആൻഡ് കമ്മ്യൂണിക്കേഷനിൽ പി.ജി നേടിയിട്ടുണ്ട്. കൂടാതെ സി-ഡിറ്റിൽ നിന്ന് സയൻസ് ആൻഡ് ഡെവലപ്മെന്റ് കമ്മ്യൂണിക്കേഷനിൽ പി.ജി ഡിപ്ലോമയും നേടിയിട്ടുണ്ട്. എറണാകുളം ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്ററായി ജോലി ചെയ്യവെയാണ് പ്രദീപ് ഈ നേട്ടം സ്വന്തമാക്കിയത്.



Source link

Leave a Reply

Your email address will not be published. Required fields are marked *