ഇന്ത്യൻ സായുധ സേനകളിലേക്ക് (കരസേന, നാവികസേന, വ്യോമസേന) ഉദ്യോഗസ്ഥരെ വാർത്തെടുക്കുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സൈനിക പരിശീലന കേന്ദ്രമാണ് നാഷണൽ ഡിഫൻസ് അക്കാദമി (NDA). മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപമുള്ള ഖഡക്വാസ്ലയിലാണ് അക്കാദമി സ്ഥിതി ചെയ്യുന്നത്. കര, നാവിക, വ്യോമ സേനകൾക്കായി സംയുക്തമായി പരിശീലനം നൽകുന്ന ലോകത്തിലെ തന്നെ ആദ്യത്തെ അക്കാദമി കൂടിയാണിത്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ബിരുദ തലത്തിലുള്ള വിദ്യാഭ്യാസവും സൈനിക പരിശീലനവും നൽകുന്നു. പരിശീലനത്തിന് ശേഷം, അതത് സേനാ വിഭാഗങ്ങളിൽ ഓഫീസർമാരായി (Army – Lieutenant, Air Force – Flying Officer, Navy – Sub Lieutenant) സേവനത്തിൽ പ്രവേശിക്കാൻ അവസരം ലഭിക്കുകയും ചെയ്യുന്നു. രാജ്യസേവനത്തിനായി യുവാക്കളെ മാനസികമായും ശാരീരികമായും സജ്ജരാക്കുക എന്നതാണ് അക്കാദമിയുടെ ലക്ഷ്യം. “സേവ പരമോ ധർമ്മ” (സേവനമാണ് പരമമായ ധർമ്മം) എന്നതാണ് ഇതിന്റെ ആപ്ത വാക്യം.
ഇന്ത്യൻ സായുധ സേനകളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന പ്ലസ് ടു പൂർത്തിയായവർക്കായി, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) നടത്തുന്ന നാഷണൽ ഡിഫൻസ് അക്കാദമി (NDA) പരീക്ഷയ്ക്ക്, ഇപ്പോൾ അപേക്ഷിക്കാം ക്ഷണിച്ചു. ജൂൺ 9 വരെയാണ്, ഒൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ലിംഗഭേദമന്യേ അപേക്ഷിക്കാവുന്നതാണ്. പ്ലസ് ടുവിൽ ഏത് സ്ട്രീം (സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ്) പഠിച്ചവർക്കും അപേക്ഷിക്കാനവസരമുണ്ട്. ആർമി, നേവി, എയർഫോഴ്സ് എന്നീ മൂന്ന് വിഭാഗങ്ങളിലെ കമ്മീഷൻഡ് ഓഫീസർ പദവികളിലേക്കാണ് ഈ പരീക്ഷയിലൂടെ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഇതിൽ നേവി, എയർഫോഴ്സ് വിഭാഗങ്ങളിലേക്ക് പ്ലസ് ടു തലത്തിൽ സയൻസ് വിഷയങ്ങൾ പഠിച്ചവർക്ക് മാത്രമേ അവസരമുള്ളൂ.
വർഷത്തിൽ രണ്ട് തവണ യു.പി.എസ്.സി, ഈ പരീക്ഷ നടത്തുന്നുണ്ട്. ജൂൺ 9-നകം അപേക്ഷിക്കുന്നവർക്കുള്ള എഴുത്തുപരീക്ഷ സെപ്റ്റംബർ 13-ന് നടക്കും. ഇതുകൂടാതെ അടുത്ത പരീക്ഷയ്ക്കുള്ള വിജ്ഞാപനം ഡിസംബറിൽ പുറത്തിറങ്ങുകയും 2027 ഏപ്രിലിൽ പരീക്ഷ നടക്കുകയും ചെയ്യും. അതായത് ഇപ്പോൾ പ്ലസ് ടു പൂർത്തിയായവർക്ക് ആദ്യ പരീക്ഷയ്ക്കും 2026-2027 വർഷം പൂർത്തിയാക്കുന്നവർക്ക് രണ്ടാം പരീക്ഷയ്ക്കും അപേക്ഷിക്കാമെന്ന് ചുരുക്കം.
ഇതു കൂടാതെ, ഫൈനൽ തെരഞ്ഞെടുപ്പിന് ഒരു ഘട്ടം കൂടിയുണ്ട്. ആദ്യഘട്ടമായ എഴുത്തുപരീക്ഷയിൽ 300 മാർക്കിന്റെ മാത്തമാറ്റിക്സ് പേപ്പറും, 600 മാർക്കിന്റെ ജനറൽ എബിലിറ്റി (ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ജി.കെ, കറന്റ് അഫയേഴ്സ്, ഹിസ്റ്ററി) പേപ്പറും അടങ്ങിയിരിക്കുന്നു. എഴുത്തുപരീക്ഷ വിജയിക്കുന്നവർക്കായി രണ്ടാം ഘട്ടത്തിൽ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന എസ്.എസ്.ബി (SSB) ഇന്റർവ്യൂ ഉണ്ടായിരിക്കും. ഉദ്യോഗാർത്ഥികളുടെ വ്യക്തിത്വം, മാനസിക ശേഷി, നേതൃത്വപാടവം എന്നിവയാണ് ഇന്റർവ്യൂവിലൂടെ വിലയിരുത്തുന്നത്.
രണ്ടാം ഘട്ടത്തിലും വിജയിക്കുന്നവർക്ക് നാഷണൽ ഡിഫൻസ് അക്കാദമിയിൽ നാല് വർഷത്തെ കോഴ്സിനായി പ്രവേശനം ലഭിക്കും. മൂന്ന് വർഷത്തെ അക്കാദമിക് പഠനത്തിന് ശേഷം നാലാം വർഷം അതത് സേനാ വിഭാഗങ്ങളിൽ (ആർമി/നേവി/എയർഫോഴ്സ്) നൽകുന്ന പരിശീലനം പൂർത്തിയാക്കുന്നതോടെ, ഉദ്യോഗാർത്ഥികൾ ഇന്ത്യൻ സായുധസേനയുടെ ഭാഗമായി മാറും. ആർമി, നേവി, എയർഫോഴ്സ് എന്നീ മൂന്ന് വിഭാഗങ്ങളിലെ കമ്മീഷൻഡ് ഓഫീസർ പദവികളിലാണ്, അവർക്ക് നിയമനം ലഭിയ്ക്കുക
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)