Last Updated:
ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ ധരിച്ചും മെഷീൻ ഗണ്ണുകളേന്തിയുമുള്ള പോലീസുകാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്
നടൻ ടൈഗർ ഷ്രോഫിന് നേരെയുണ്ടായ വെടിവയ്പ് സംഭവത്തിന് പിന്നാലെ ബാന്ദ്രയിലെ നടൻ സൽമാൻ ഖാന്റെ വസതിക്ക് പുറത്ത് സുരക്ഷ ശക്തമാക്കി മുംബൈ പോലീസ്. ആയുധധാരികളായ പോലീസുകാരെ വിന്യസിക്കുകയും കെട്ടിടത്തിന് ചുറ്റുമുള്ള ആളുകളുടെയും വാഹനങ്ങളുടെയും നീക്കങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ അടുത്ത അനുയായിയെന്ന് കരുതപ്പെടുന്ന അനിൽ പണ്ഡിറ്റിൽ നിന്ന് ഭീഷണിയുണ്ടായ സാഹചര്യത്തിൽ, സംവിധായകൻ രോഹിത് ഷെട്ടിയുടെ വസതിയിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ബുധനാഴ്ചയോടെ സൽമാൻ ഖാന്റെ വസതിക്ക് പുറത്തെ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ ധരിച്ചും മെഷീൻ ഗണ്ണുകളേന്തിയുമുള്ള പോലീസുകാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. പ്രദേശത്തെ സംശയാസ്പദമായ നീക്കങ്ങൾ പോലീസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
സൽമാനെ കാണാനായി പതിവായി വസതിക്ക് പുറത്ത് ഒത്തുകൂടാറുള്ള ആരാധകർക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കെട്ടിടത്തിന് മുന്നിൽ വാഹനങ്ങൾ നിർത്തിയിടാൻ അനുവദിക്കുന്നില്ല. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വസതിയിലെ ജനൽച്ചില്ലുകൾ കൂടുതൽ സുരക്ഷിതമായവ ഉപയോഗിച്ച് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്.
സൽമാൻ ഖാന് നിലവിൽ വൈ പ്ലസ് (Y+) സുരക്ഷാ പരിരക്ഷയുണ്ട്. എന്നാൽ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ മുൻകരുതലുകൾ സ്വീകരിച്ചിരിക്കുകയാണ് മുംബൈ പോലീസ്.
ടൈഗർ ഷ്രോഫിന് നേരെ വെടിയുതിർത്തവർ യഥാർഥത്തിൽ ലക്ഷ്യമിട്ടത് സൽമാൻ ഖാനെയായിരുന്നുവെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൽമാന്റെ വസതി അക്രമികൾ നിരീക്ഷിച്ചിരുന്നുവെന്നും അവിടത്തെ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ കണക്കിലെടുത്ത് പദ്ധതി ഉപേക്ഷിച്ചെന്നുമാണ് പുറത്തുവരുന്ന വിവരം. തുടർന്ന് ടൈഗർ ഷ്രോഫിന്റെ സമൂഹമാധ്യമങ്ങളിലെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച ശേഷമാണ് അദ്ദേഹത്തെ ലക്ഷ്യമിട്ടതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഈ വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല.
സൽമാൻ ഖാനെ കൂടാതെ സിനിമാ മേഖലയിലെ മറ്റ് പ്രമുഖർക്കും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. ഭീഷണിയുടെ പശ്ചാത്തലത്തിൽ സംവിധായകൻ രോഹിത് ഷെട്ടിയുടെ മുംബൈയിലെ വസതിയിലും പോലീസ് നിരീക്ഷണം വർധിപ്പിച്ചിട്ടുണ്ട്. ഷാരൂഖ് ഖാനും ആമിർ ഖാനും സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ഷാരൂഖ് ഖാന്റെ വസതിയിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അദ്ദേഹം നിലവിൽ പാലി ഹില്ലിലാണ് താമസിക്കുന്നതെന്നാണ് വിവരം. ആമിർ ഖാൻ പാലി ഹില്ലിൽ നിന്ന് കൊളാബയിലേക്ക് താമസം മാറിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ലോറൻസ് ബിഷ്ണോയിയുടെ അടുത്ത അനുയായിയെന്ന് കരുതപ്പെടുന്ന അനിൽ പണ്ഡിറ്റ്, സൽമാൻ ഖാനുമായി ബന്ധമുള്ള സിനിമാ പ്രവർത്തകർക്ക് നേരെ ഭീഷണി മുഴക്കിയെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയത്. താരങ്ങളുടെയും സംവിധായകന്റെയും വസതികൾക്ക് സമീപം പോലീസ് ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്.
സുരക്ഷാ ആശങ്കകളെത്തുടർന്ന് സൽമാൻ ഖാൻ മുംബൈ വിട്ടതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ അദ്ദേഹം എവിടേക്കാണ് പോയതെന്ന കാര്യത്തിൽ വ്യക്തതയില്ല.
‘ബിഗ് ബോസ് 20’യുടെ വരാനിരിക്കുന്ന ‘വീക്കെൻഡ് കാ വാർ’ എപ്പിസോഡ് രോഹിത് ഷെട്ടി അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ സൽമാൻ ഖാന്റെ പിന്മാറ്റത്തിന് സുരക്ഷാ പ്രശ്നങ്ങളാണോ കാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല. മുൻകൂട്ടി നിശ്ചയിച്ച മറ്റ് തിരക്കുകൾ കാരണമാണ് സൽമാൻ ഖാൻ വിട്ടുനിൽക്കുന്നതെന്നാണ് രോഹിത് ഷെട്ടി വ്യക്തമാക്കിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
