തന്റെ മതപരമായ കാഴ്ചപാടുകളെക്കുറിച്ച് തുറന്നുപറഞ്ഞ് പ്രശസ്ത നടി ഷബാന ആസ്മി. താൻ ഒരു മുസ്ലീമാണെന്നും മതത്തിന്റെ സാംസ്കാരിക വശങ്ങളെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും താൻ അത് സജീവമായി ആചരിക്കുന്നില്ലെന്നും അവർ വെളിപ്പെടുത്തി. ഐഐഎംയുഎൻ യൂട്യൂബ് ചാനലിൽ പങ്കുവെച്ച സമീപകാല അഭിമുഖത്തിലാണ് ഷബാന തന്റെ കാഴ്ചപ്പാടുകളെക്കുറിച്ചു ‘നാസ്തികനായ’ ഭർത്താവ് ജാവേദ് അക്തറിനെക്കുറിച്ചും മതം വ്യക്തിപരമായ ഒരു ചോയ്സ് ആയിരിക്കണമെന്ന് താൻ വിശ്വസിക്കുന്നതിനെക്കുറിച്ചും സംസാരിച്ചത്.
തന്റെ കുട്ടിക്കാലത്തെ ഓർമിച്ചുകൊണ്ട്, പിതാവും പ്രശസ്ത കവിയുമായ കൈഫി ആസ്മി ഒരു നാസ്തികനായിരുന്നുവെന്നും എന്നാൽ അമ്മയും നടിയുമായ ഷൗക്കത്ത് ആസ്മി ഒരളവുവരെ മതം ആചരിച്ചിരുന്നുവെന്നും ഷബാന പറഞ്ഞു. “എന്റെ അച്ഛൻ ഒരു നാസ്തികനായിരുന്നു. അമ്മയാണെങ്കിൽ അത് കുറച്ചൊക്കെ ആചരിച്ചിരുന്നു, പക്ഷേ ഗൗരവമായല്ല,” ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തതനുസരിച്ച് അവർ പറഞ്ഞു.
ദിനംപ്രതി ഉപയോഗിക്കുന്ന ‘മാഷാ അള്ളാ’, ‘ഇൻഷാ അള്ളാ’ തുടങ്ങിയ മതപരമായ പദപ്രയോഗങ്ങളെക്കുറിച്ചുള്ള ജാവേദിന്റെ കാഴ്ചപാടുകളെക്കുറിച്ചും ഷബാന സംസാരിച്ചു. ഭർത്താവ് ഇതിന്റെ ഉപയോഗത്തെ ചോദ്യം ചെയ്യാറുണ്ടെങ്കിലും, ഈ വാക്കുകൾ തന്റെ ഭാഷയുടെ ഭാഗം മാത്രമാണെന്ന് അവർ വിശദീകരിച്ചു.
ജാവേദ് ഒരു നിരീശ്വരവാദിയാണെന്ന് വിശേഷിപ്പിച്ച നടി, “അദ്ദേഹം കടുത്തൊരു നാസ്തികനാണ്” എന്ന് പറഞ്ഞു. മറ്റുള്ളവർ മതപരമായ ആചാരങ്ങളിൽ ആശ്വാസം കണ്ടെത്തുമ്പോൾ അദ്ദേഹം എന്തിനാണ് തന്റെ നിരീശ്വരവാദം ഇത്രശക്തമായി പ്രകടിപ്പിക്കുന്നതെന്ന് താൻ പലപ്പോഴും അദ്ദേഹത്തോട് ചോദിക്കാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
തന്റെ സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, “അതെ, ഞാൻ ഒരു മുസ്ലീമാണ്, എനിക്ക് പെരുന്നാളും ഉർദുവും ഭക്ഷണവും അതെല്ലാം ഇഷ്ടമാണ്. പക്ഷേ ഞങ്ങൾ നിസ്കരിക്കാറില്ല, മതവുമായി അത്തരത്തിലുള്ള യാതൊരു ബന്ധവുമില്ല,” ഷബാന പറഞ്ഞു.
വിശ്വാസം തികച്ചും സ്വകാര്യമായ കാര്യമാണെന്നും വ്യക്തിയുടെ മതപരമായ വിശ്വാസങ്ങളിൽ ഭരണകൂടം ഇടപെടരുതെന്നും നടി ഊന്നിപ്പറഞ്ഞു. “ദൈവമെന്ന സങ്കൽപ്പവും… അതൊന്നും ഞാൻ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. അതൊരു സ്വകാര്യ കാര്യമാണെന്ന് ഞാൻ കരുതുന്നു. ഭരണകൂടം അതിൽ ഇടപെടരുത്,” അവർ പറഞ്ഞു. പ്രാർത്ഥനയിലൂടെ സമാധാനം കണ്ടെത്തുന്ന ആളുകളെ താൻ എതിർക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
സമീപകാലത്ത് ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ പ്രതിഷേധങ്ങളെ പിന്തുണച്ചതിന്റെ പേരിലും ഷബാന ആസ്മി വാർത്തകളിൽ ഇടംനേടിയിരുന്നു. ഡൽഹിയിലെ സിജെപി പ്രതിഷേധത്തിന് ശേഷം, ഒക്ടോബർ 2-ന് ശിവാജി പാർക്കിൽ നടന്ന മുംബൈ പ്രതിഷേധത്തിൽ പങ്കെടുക്കാൻ അവർ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.
Summary: In a recent interview, veteran actor Shabana Azmi opened up about her Muslim identity, explaining that while she loves the culture and festivities, she doesn’t practice daily prayers and considers faith a strictly private matter.