Last Updated:
ഹോളിവുഡ് നിർമാണ കമ്പനിയായ കൊളംബിയ പിക്ചേഴ്സുമായുള്ള ദീർഘകാലകരാർ പ്രകാരം ലോകോത്തര ഇംഗ്ലീഷ് സിനിമകൾ ഹോളിവുഡിനൊപ്പം ശ്രീധറിലും റിലീസ് ചെയ്തിരുന്നു
ഹോളിവുഡ് സിനിമകളുടെ ആസ്ഥാനമായ എറണാകുളം മേനക ജംഗ്ഷനിലെ ശ്രീധർ സിനിമാസിന് പ്രദർശന ഇടവേള. ആധുനിക സാങ്കേതികവിദ്യയും പാർക്കിംഗ് സൗകര്യങ്ങളുമായി ശ്രീധർ വീണ്ടും തുറക്കും. തിയേറ്റർ അടച്ചുപൂട്ടിയെന്ന പ്രചാരണം ഉടമകൾ നിഷേധിച്ചു. എന്നാൽ എന്ന് തുറക്കും എന്ന് വ്യക്തമല്ല. ഒരുകാലത്ത് ഇംഗ്ലീഷ് സിനിമ കാണണമെങ്കില്‍ ശ്രീധറില്‍ പോകണമായിരുന്നു. അക്കാലത്ത് കൊച്ചിയിൽ ഹോളിവുഡ് സിനിമകൾ റിലീസ് ചെയ്തിരുന്നത് ശ്രീധർ തിയേറ്ററിലായിരുന്നു.
തിങ്കളാഴ്ചയാണ് പ്രദർശനം താത്കാലികമായി നിർത്തിയത്. തിയേറ്റർ നിലനിർത്തുമെന്ന് ഉടമയായ സുരേഷ് ഷേണായ് കേരള കൗമുദിയോട് പറഞ്ഞു. നവീകരണവും സൗകര്യങ്ങൾ വർധിപ്പിക്കുകയുമാണ് ലക്ഷ്യം. നവീകരണത്തിന് അന്തിമരൂപമായിട്ടില്ല. ഒന്നിലേറെ സ്ക്രീനുകൾ ഉൾപ്പെടെ ലക്ഷ്യമിടുന്നു. മാറുന്ന സാങ്കേതികവിദ്യ പ്രകാരമുള്ള തിയേറ്റർ ഒരുക്കും. വാഹനങ്ങൾ പാർക്ക് ചെയ്യാൻ കൂടുതൽ സൗകര്യവും ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ആദ്യത്തെ എയർ കണ്ടീഷൻഡ് തിയേറ്ററാണ് ശ്രീധർ. 1964ലാണ് പ്രവർത്തനം ആരംഭിച്ചത്. അന്നത്തെ കേരള ഗവർണറായിരുന്ന വി വി ഗിരിയാണ് ഇത് ഉദ്ഘാടനം ചെയ്തത്. ഷേണായി കുടുംബം ആരംഭിച്ച മൂന്നാമത്തെ തിയേറ്ററായിരുന്നു ശ്രീധർ. ലക്ഷ്മൺ ഷേണായിയുടെ അന്തരിച്ച മകൻ ശ്രീധർ ഷേണായിയുടെ പേരിലാണ് ഈ തിയേറ്റർ.
കേരളത്തിൽ ആദ്യമായി ഡോൾബി സൗണ്ട് സിസ്റ്റം, 3D ഡിജിറ്റൽ പ്രൊജക്ടർ (2009-ൽ ‘അവതാർ’ സിനിമയോടെ) എന്നിവ കൊണ്ടുവന്നത് ശ്രീധറിലാണ്. ഹോളിവുഡ് നിർമാണ കമ്പനിയായ കൊളംബിയ പിക്ചേഴ്സുമായുള്ള ദീർഘകാലകരാർ പ്രകാരം ലോകോത്തര ഇംഗ്ലീഷ് സിനിമകൾ ഹോളിവുഡിനൊപ്പം ശ്രീധറിലും റിലീസ് ചെയ്തിരുന്നു. ‘ചെമ്മീന്‍’ സിനിമ റിലീസ് ചെയ്തത് ശ്രീധറിലായിരുന്നു. നൂറ്ദിവസത്തിലധികം പ്രദര്‍ശിപ്പിച്ചു.
Summary: Sridhar Cinemas, the iconic theatre at Menaka Junction in Kochi, has temporarily suspended screenings for renovation and modernization. Owners have denied reports of permanent closure and plan to reopen with upgraded technology, multiple screens, and improved parking facilities.
