Last Updated:
ഏറെ കോളിളക്കമുണ്ടാക്കിയ 2005 ൽ നടന്ന കേരളസർവകലാശാല അസിസ്റ്റൻറ് നിയമന പരീക്ഷ കേസ് ഹർജിക്കാരൻ പിൻവലിച്ചു.
ഹർജികൾ തീർപ്പ് കൽപ്പിക്കുന്നതിൽ നീണ്ട കാലാവധി വന്നതും, നിയമനം ലഭിച്ച പലരും സർവീസിൽ നിന്നു വിരമിച്ചതുമായ സാഹചര്യത്തിലാണ് ഹർജി പിൻവലിക്കുന്നതെന്ന് ഹർജിക്കാരൻ സുജിത് എസ്. കുറുപ്പിന്റെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു.
ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ,ജസ്റ്റിസ് മുരളി കൃഷ്ണൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിൽ ഒക്ടോബർ 8 ന് ഹർജി പരിഗണനയ്ക്ക് വന്നപ്പോൾ ഹർജി പിൻവലിക്കുന്നതായി ഹർജിക്കാരന്റെ അഭിഭാഷകൻ അറിയിക്കുകയായിരുന്നു.
അസിസ്റ്റന്റ്മാരുടെ അഞ്ഞൂറോളം ഒഴിവുകൾ ഉണ്ടായിരുന്നുവെങ്കിലും 140 പേരെ നിയമിച്ചപ്പോൾ സുജിത് കുറുപ്പ് ലോകായുക്തയിൽ ഫയൽ ചെയ്ത പരാതിയെ തുടർന്ന് പിന്നീടുള്ള നിയമനങ്ങൾ നിർത്തിവയ്ക്കുകയായിരുന്നു. എഴുത്ത് പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയവരെ അവസാന റാങ്ക് പട്ടികയിൽ താഴ്ന്ന റാങ്കിലേക്ക് മാറ്റിയതും പരീക്ഷ എഴുതിയ അൻപതിനായിരത്തോളം പേരുടെ ഒ.എം.ആർ. ഉത്തരക്കടലാസുകൾ നശിപ്പിക്ക പെട്ടതുമായിരുന്നു ഹർജിക്കാരൻ ചോദ്യം ചെയ്തത്. തുടർന്നാണ് 2014 ൽ സർവ്വകലാശാല അനധ്യാപക നിയമനങ്ങൾ പി എസ് സി ക്ക് വിടാൻ ഉമ്മൻചാണ്ടി സർക്കാർ തീരുമാനിച്ചത്.
എഴുത്തു പരീക്ഷയിൽ ഉയർന്ന റാങ്ക് ലഭിച്ചിട്ടും ഇൻറർവ്യൂവിന് ശേഷം റാങ്ക് പട്ടികയിൽ ഇടം നേടാത്തവരിൽ ഒരു ഐഎഎസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു.
ഹർജിക്കാരന് വേണ്ടി അഡ്വ: നവനീത് കൃഷ്ണൻ ഹാജരായി.
സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയായിരുന്നു അസിസ്റ്റന്റ് നിയമന അഴിമതി പുറത്തെത്തിച്ചതും. നിയമപോരാട്ടത്തിന് മുന്നിട്ടിറങ്ങിയതും.
ഈ വാർത്ത നിങ്ങൾ ആദ്യം വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഞങ്ങൾ ഈ ലേഖനത്തിൽ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി malayalam.news18.com-ൽ തുടരുക. ഏറ്റവും പുതിയ വാർത്തകൾ അറിയുക.
