Last Updated:
എൻജിനീയറിങ് വിഭാഗത്തിൽ ആകെ 79,717 വിദ്യാർത്ഥികളാണ് ഇത്തവണ ഉന്നതപഠനത്തിന് യോഗ്യത നേടിയത്
2026-ലെ കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷാ (KEAM) ഫലം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പ്രഖ്യാപിച്ചു. എൻജിനീയറിങ് വിഭാഗത്തിൽ ആകെ 79,717 വിദ്യാർത്ഥികളാണ് ഇത്തവണ ഉന്നതപഠനത്തിന് യോഗ്യത നേടിയത്. സിബിഎസ്ഇ (CBSE) മാർക്കുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചില സാങ്കേതിക തടസ്സങ്ങൾ കാരണമാണ് മുൻ നിശ്ചയിച്ച തീയതിയിൽ നിന്നും ഫലപ്രഖ്യാപനം ഏതാനും ദിവസങ്ങൾ നീണ്ടുപോയതെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
മാത്തമാറ്റിക്സ് പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ എൻജിനീയറിങ് റാങ്ക് പട്ടികയിൽ റോഷൻ രാജു ഒന്നാം റാങ്ക് കരസ്ഥമാക്കി. കണ്ണൂർ സ്വദേശിയായ ധ്യാൻ തേജ് മണപ്പാട്ടി രണ്ടാം റാങ്കും, തൃശ്ശൂർ സ്വദേശിനി വിസ്മയ കെ.ആർ. മൂന്നാം റാങ്കും നേടി. എൻജിനീയറിങ് വിഭാഗത്തിൽ പെൺകുട്ടികളിൽ ഒന്നാം റാങ്ക് നേടിയതും വിസ്മയയാണ്. എറണാകുളം ചോറ്റാനിക്കര സ്വദേശി രോഹിത് കൃഷ്ണ എച്ച്. നാലാം റാങ്ക് സ്വന്തമാക്കി. എസ്സി/എസ്ടി (SC/ST) വിഭാഗങ്ങളുടേത് ഉൾപ്പെടെയുള്ള മറ്റ് വിശദമായ റാങ്ക് വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണെന്ന് മന്ത്രി അറിയിച്ചു.
ഫാർമസി (ബി.ഫാം) വിഭാഗത്തിൽ 300-ൽ 286.257 മാർക്ക് നേടിയ തൃശ്ശൂർ കോട്ട സ്വദേശി വിനായക് നാരായണൻ ഒന്നാം റാങ്ക് നേടി തിളങ്ങി. തൃശ്ശൂർ ഒല്ലൂർ സ്വദേശി ജസ്റ്റിൻ രണ്ടാം റാങ്കും, മലപ്പുറം സ്വദേശിനി ദിയ ഫാത്തിമ മൂന്നാം റാങ്കും കരസ്ഥമാക്കി.
Thiruvananthapuram,Kerala
കീം പരീക്ഷാഫലം പ്രഖ്യാപിച്ചു; എൻജിനീയറിങ്ങിൽ റോഷൻ രാജുവിനും ബി.ഫാമിൽ വിനായക് നാരായണനും ഒന്നാം റാങ്ക്
