Headlines

പടം തുടങ്ങാൻ 22 മിനിറ്റ് വൈകി; പ്രേക്ഷകന് 75,000 രൂപ നഷ്‌ടപരിഹാരം | സിനിമാ വാർത്ത


2025 ജൂൺ 20ന് ധനുഷും നാഗാർജുനയും പ്രധാന വേഷങ്ങളിലെത്തിയ ‘കുബേര’ എന്ന ചിത്രത്തിന്റെ പ്രദർശനവുമായി ബന്ധപ്പെട്ടാണ് സംഭവം. 33കാരനായ പരാതിക്കാരൻ രാത്രി 10.35ന് ആരംഭിക്കേണ്ട ഷോയ്ക്കായി രണ്ട് ടിക്കറ്റുകളാണ് ബുക്ക് ചെയ്തത്. നിശ്ചിത സമയത്തിന് മുമ്പുതന്നെ സുഹൃത്തിനൊപ്പം തിയറ്ററിലെത്തിയെന്നും പരാതിയിൽ പറയുന്നു.

രാത്രി 10.30ഓടെ സീറ്റിലെത്തിയെങ്കിലും നിശ്ചയിച്ച സമയത്ത് സിനിമ ആരംഭിച്ചില്ല. പകരം രാത്രി 10.52 വരെ പരസ്യങ്ങളും സിനിമയുടെ ട്രെയിലറുകളും തുടർച്ചയായി പ്രദർശിപ്പിച്ചെന്നാണ് പരാതിക്കാരന്റെ ആരോപണം.

ഈ കാലതാമസം തന്റെ മറ്റ് പദ്ധതികളെയും ബാധിച്ചെന്നും പ്രതീക്ഷിച്ചതിലും ഏകദേശം ഒരു മണിക്കൂർ വൈകിയാണ് വീട്ടിലെത്തിയതെന്നും പരാതിക്കാരൻ ‘ദി ഇന്ത്യൻ എക്സ്പ്രസിനോട്’ പറഞ്ഞു. പുലർച്ചെ മൂന്ന് മണിയോടെയാണ് വീട്ടിലെത്താൻ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

നീണ്ടുനിന്ന പരസ്യപ്രദർശനം തിയറ്റർ അധികൃതരുടെ ഭാഗത്തുനിന്നുള്ള സേവനത്തിലെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.

തിയേറ്ററിന് ഉത്തരവാദിത്തമെന്ന് ഉപഭോക്തൃ കമ്മീഷൻ

സംഭവം നടന്ന് ഒരു വർഷത്തിലേറെക്കാലത്തിന് ശേഷം, 2026 സെപ്റ്റംബർ 11നാണ് ഹൈദരാബാദ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ കേസിൽ അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്. തിയേറ്റർ അധികൃതരുടെ നടപടി ‘അന്യായമായ വ്യാപാരരീതി’യാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു.

പൊതുജന ബോധവൽക്കരണ ചിത്രങ്ങളുടെ പ്രദർശനം സംബന്ധിച്ച സർക്കാർ മാർഗനിർദേശങ്ങളും കമ്മീഷൻ ഉത്തരവിൽ പരാമർശിച്ചു. അംഗീകൃത ഉള്ളടക്കങ്ങളുടെ ദൈർഘ്യം രണ്ട് മിനിറ്റായി പരിമിതപ്പെടുത്തണമെന്നാണ് മാർഗനിർദേശങ്ങളിൽ പറയുന്നത്. എന്നാൽ, സിനിമ ആരംഭിക്കുന്നതിന് മുമ്പ് പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിന് പൊതുവായ വിലക്ക് ഏർപ്പെടുത്തണമെന്ന നിലപാട് കമ്മീഷൻ സ്വീകരിച്ചിട്ടില്ല.

തിയേറ്ററിന്റെ വാണിജ്യ താൽപര്യങ്ങൾക്കായി പ്രദർശിപ്പിച്ച പരസ്യങ്ങളും പ്രചാരണ ഉള്ളടക്കങ്ങളും മൂലം സിനിമ ആരംഭിക്കാൻ ഉണ്ടായ കാലതാമസമാണ് കമ്മീഷൻ പ്രത്യേകം ചൂണ്ടിക്കാട്ടിയത്.

തിയേറ്ററിന്റെ വാദം തള്ളി

കേസിന്റെ നടപടികൾക്കിടെ, പരസ്യങ്ങൾ, പൊതുജന ബോധവൽക്കരണ സന്ദേശങ്ങൾ, സിനിമാ ട്രെയിലറുകൾ എന്നിവ തങ്ങളുടെ പതിവ് പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന് തിയേറ്റർ അധികൃതർ വാദിച്ചു. പൊതുജന ബോധവൽക്കരണ സന്ദേശങ്ങൾ വിശാലമായ പൊതുതാൽപര്യം മുൻനിർത്തിയുള്ളതാണെന്നും അവർ ചൂണ്ടിക്കാട്ടി.

എന്നാൽ, കേസിന്റെ സാഹചര്യത്തിൽ ഈ വാദങ്ങൾ അംഗീകരിക്കാൻ കമ്മീഷൻ തയ്യാറായില്ല. സിനിമ ആരംഭിക്കുന്നതിലുണ്ടായ കാലതാമസത്തിന് തിയേറ്റർ അധികൃതർ ഉത്തരവാദികളാണെന്ന് കമ്മീഷൻ വ്യക്തമാക്കി.

75,000 രൂപ മൂന്ന് ഇനങ്ങളിലായി നൽകണം

പരാതിക്കാരന് ആകെ 75,000 രൂപ നൽകാനാണ് കമ്മീഷൻ ഉത്തരവിട്ടത്. ഇതിൽ 20,000 രൂപ ബുദ്ധിമുട്ട് നേരിട്ടതിനുള്ള നഷ്ടപരിഹാരമായും 5,000 രൂപ നിയമനടപടി ചെലവുകൾക്കായും നൽകണം. ശേഷിക്കുന്ന 50,000 രൂപ ശിക്ഷാപരമായ നഷ്ടപരിഹാരമായി ജില്ലാ ഉപഭോക്തൃ ക്ഷേമനിധിയിലേക്ക് അടയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഇത്തരം നടപടികൾ ആവർത്തിക്കുന്നതിൽനിന്ന് തിയറ്റർ അധികൃതരെ പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 50,000 രൂപ ശിക്ഷാപരമായ നഷ്ടപരിഹാരമായി വിധിച്ചതെന്ന് കമ്മീഷൻ വ്യക്തമാക്കി.



Source link

Leave a Reply

Your email address will not be published. Required fields are marked *