Partner Content
oi-Sajitha Gopie
ഇന്ന് പലരുടെയും കൈയിൽ ഒരു സ്മാർട്ട് വാച്ചോ ഫിറ്റ്നസ് ബാൻഡോ ഉണ്ട്. സമയം നോക്കാനും ചുവടുകൾ എണ്ണാനും ഹൃദയമിടിപ്പ് രേഖപ്പെടുത്താനും മാത്രമല്ല, നമ്മുടെ ആരോഗ്യത്തിൽ ഉണ്ടാകുന്ന ചില മാറ്റങ്ങളെക്കുറിച്ചും ഇവ സൂചനകൾ നൽകാറുണ്ട്.
എന്നാൽ ഒരു കാര്യം തുടക്കത്തിൽ തന്നെ വ്യക്തമാക്കാം. സ്മാർട്ട് വാച്ചിന് പ്രമേഹം കണ്ടെത്താൻ കഴിയില്ല. പക്ഷേ ശരീരത്തിൽ പ്രമേഹത്തിനോ മറ്റ് ഉപാപചയ (മെറ്റബോളിക്) പ്രശ്നങ്ങൾക്കോ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന ചില മാറ്റങ്ങൾ നേരത്തേ തിരിച്ചറിയാൻ ഇത് സഹായിച്ചേക്കാം.
Gyaan by Ganesh: മേക്കിംഗ് ഇന്ത്യ വിൻ ഓവർ ഡയബിറ്റീസ് എന്നത് അമേരിക്കൻ ഡയബിറ്റീസ് അസോസിയേഷനുമായി ചേർന്ന് സൺ ഫാർമ നടത്തുന്ന ഒരു ബോധവൽക്കരണ പരിപാടിയാണ്. പ്രമേഹത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും അതിനെ ഫലപ്രദമായി നിയന്ത്രിക്കാനും വിദഗ്ധരുടെ സഹായത്തോടെ ആളുകളിലേക്ക് വിവരങ്ങൾ എത്തിക്കുകയാണ് ഈ ബോധവൽക്കരണ പരിപാടിയുടെ ലക്ഷ്യം.

“സ്മാർട്ട് വാച്ചിന് നിങ്ങളുടെ ശാരീരിക പ്രവർത്തനങ്ങൾ, ഹൃദയമിടിപ്പ്, ഉറക്കരീതി എന്നിവയിലെ ചില മാറ്റങ്ങൾ തിരിച്ചറിയാൻ കഴിയും. എന്നാൽ അതിന്റെ അടിസ്ഥാനത്തിൽ പ്രമേഹം സ്ഥിരീകരിക്കാൻ കഴിയില്ല. ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, അമിതദാഹം, അകാരണമായ ക്ഷീണം, കാഴ്ച മങ്ങൽ, പെട്ടെന്ന് ശരീരഭാരം കുറയൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവ അവഗണിക്കരുത്. ഉടൻ ഡോക്ടറെ സമീപിച്ച് ആവശ്യമായ രക്തപരിശോധനകൾ നടത്തണം. പ്രമേഹം സ്ഥിരീകരിക്കാൻ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുന്ന പരിശോധനകൾ മാത്രമാണ് വിശ്വാസയോഗ്യമായ മാർഗം.”
Dr. Prathosh Gangadhar, Senior Consultant Endocrinologist, IQRAA Hospital, Kozhikode, MD, DNB, DM (Endocrinology), FRCP (Edin)

ആദ്യം ഒരു പ്രധാന കാര്യം
ഇപ്പോൾ ലഭ്യമായ ഒരു സ്മാർട്ട് വാച്ചിനും രക്തത്തിലെ ഗ്ലൂക്കോസ് അളന്ന് പ്രമേഹം സ്ഥിരീകരിക്കാൻ കഴിയില്ല. അതിനാൽ വാച്ചിൽ കാണുന്ന വിവരങ്ങളെ രോഗനിർണയമായി കാണരുത്. അവ ഒരു മുന്നറിയിപ്പായി മാത്രം കാണുക. ആ സൂചന ശരിയാണോ എന്ന് ഉറപ്പാക്കാൻ ഡോക്ടറുടെ പരിശോധനയും രക്തപരിശോധനയും ആവശ്യമാണ്.
1. വിശ്രമവേളയിലെ ഹൃദയമിടിപ്പ് കൂടുന്നുണ്ടോ?
വിശ്രമിക്കുന്ന സമയത്തെ ഹൃദയമിടിപ്പിനെയാണ് Resting Heart Rate (RHR) എന്ന് പറയുന്നത്. സാധാരണ ഇത് ഒരു മിനിറ്റിൽ 60 മുതൽ 100 വരെയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളോ മാസങ്ങളോ ആയി നിങ്ങളുടെ ഹൃദയമിടിപ്പ് പതിയെ കൂടിവരുന്നതായി വാച്ചിൽ കാണുന്നുണ്ടോ?
ഇത് എപ്പോഴും പ്രമേഹത്തിന്റെ ലക്ഷണമല്ല. എന്നാൽ ശരീരത്തിൽ ഇൻസുലിൻ ശരിയായി പ്രവർത്തിക്കാത്ത അവസ്ഥയുടെ ഒരു ആദ്യ സൂചനയായിരിക്കാം.
അതേസമയം, തൈറോയ്ഡ് രോഗം, രക്തക്കുറവ്, മാനസിക സമ്മർദ്ദം, പനി, ചില മരുന്നുകൾ എന്നിവയും ഇതിന് കാരണമാകാം. അതിനാൽ ഇത്തരം മാറ്റം തുടർച്ചയായി കാണുന്നുവെങ്കിൽ ഡോക്ടറെ സമീപിക്കുക.
2. ഉറക്കം ശരിയാകുന്നില്ലേ?
രാത്രിയിൽ പലതവണ ഉണരുക, ആഴത്തിലുള്ള ഉറക്കം കുറയുക, ഹൃദയമിടിപ്പിലെ സ്വാഭാവിക വ്യത്യാസം (HRV) കുറഞ്ഞുവരിക തുടങ്ങിയ മാറ്റങ്ങൾ ചില സ്മാർട്ട് വാച്ചുകൾ രേഖപ്പെടുത്തും.
ഇവ ശരീരം സമ്മർദ്ദത്തിലാണെന്ന ഒരു സൂചനയായിരിക്കാം. എന്നാൽ പ്രമേഹം മാത്രമല്ല, ഉറക്കത്തിൽ ശ്വാസം തടസ്സപ്പെടുന്ന ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ (OSA) പോലുള്ള പ്രശ്നങ്ങളും ഇതിന് കാരണമാകാം. ഉറക്കപ്രശ്നങ്ങൾ തുടർന്നാൽ ഡോക്ടറുടെ ഉപദേശം തേടുക.
3. പെട്ടെന്ന് ക്ഷീണം തോന്നുന്നുണ്ടോ?
മുമ്പ് എളുപ്പത്തിൽ ചെയ്തിരുന്ന വ്യായാമം ഇപ്പോൾ ബുദ്ധിമുട്ടാകുകയോ ചെറിയ ജോലികൾ പോലും കൂടുതൽ ക്ഷീണം ഉണ്ടാക്കുകയോ ചെയ്യുന്നുണ്ടോ?
ചില സ്മാർട്ട് വാച്ചുകൾ ‘കാർഡിയോ ഫിറ്റ്നസ് (Cardio Fitness)’ അല്ലെങ്കിൽ ‘VO₂ Max’ എന്ന പേരിൽ ശാരീരികക്ഷമതയുടെ ഏകദേശ വിലയിരുത്തൽ നൽകാറുണ്ട്. ഇത് തുടർച്ചയായി കുറയുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം.
എന്നാൽ ഇത് ഒരു ഏകദേശ കണക്ക് മാത്രമാണ്. ഒറ്റ റീഡിംഗ് നോക്കി ആശങ്കപ്പെടാതെ, ആഴ്ചകളായി ഒരേ പ്രവണത തുടരുകയാണെങ്കിൽ മാത്രം ഡോക്ടറെ കാണുക.
4. സാധാരണ നടക്കുമ്പോഴും ഹൃദയമിടിപ്പ് കൂടുന്നുണ്ടോ?
മുമ്പ് സാധാരണ നടത്തത്തിൽ ഉണ്ടായിരുന്ന ഹൃദയമിടിപ്പ് ഇപ്പോൾ അതേ നടത്തത്തിൽ തന്നെ അസാധാരണമായി ഉയരുന്നുണ്ടെങ്കിൽ അത് ശ്രദ്ധിക്കണം. ചെറിയ ശാരീരിക പ്രവർത്തനങ്ങൾ പോലും ഹൃദയത്തിന് കൂടുതൽ അധ്വാനം ഉണ്ടാക്കുന്നുണ്ടെങ്കിൽ അത് ശരീരത്തിലെ ചില ആരോഗ്യപ്രശ്നങ്ങളുടെ ഒരു സൂചനയായിരിക്കാം. ഇത്തരം മാറ്റങ്ങൾ തുടർച്ചയായി കാണുന്നുവെങ്കിൽ അവ അവഗണിക്കാതെ ഡോക്ടറെ സമീപിക്കണം.
5. വ്യായാമം കഴിഞ്ഞിട്ടും ഹൃദയമിടിപ്പ് സാധാരണ നിലയിലാകാൻ വൈകുന്നുണ്ടോ?
വ്യായാമം കഴിഞ്ഞാൽ ഹൃദയമിടിപ്പ് ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങണം. ഇതിന് കൂടുതൽ സമയം എടുക്കുന്നുണ്ടെങ്കിൽ അത് ശരീരത്തിന്റെ വീണ്ടെടുപ്പ് പ്രതീക്ഷിച്ചതുപോലെ നടക്കുന്നില്ലെന്ന ഒരു സൂചനയായിരിക്കാം. എന്നാൽ ഇത് രോഗനിർണയമല്ല; ഒരു മുന്നറിയിപ്പ് മാത്രമാണ്.
ആർക്കൊക്കെയാണ് കൂടുതൽ ശ്രദ്ധ വേണ്ടത്?
- കുടുംബത്തിൽ പ്രമേഹമുള്ളവർ
- വയറിന് ചുറ്റും അമിത കൊഴുപ്പുള്ളവർ
- ഗർഭകാലത്ത് പ്രമേഹം ഉണ്ടായിരുന്ന സ്ത്രീകൾ
- വ്യായാമം കുറവുള്ളവർ
- അമിതവണ്ണമുള്ളവർ
ഇവർ ലക്ഷണങ്ങൾ ഇല്ലെങ്കിലും സമയാസമയങ്ങളിൽ പ്രമേഹപരിശോധന നടത്തണം.
ഓർക്കുക…
സ്മാർട്ട് വാച്ച് ചില മുന്നറിയിപ്പുകൾ നൽകാം. എന്നാൽ രോഗനിർണയം നടത്താൻ അതിന് കഴിയില്ല.
വാച്ചിൽ കാണുന്ന മാറ്റങ്ങൾ ആഴ്ചകളോളം തുടരുകയോ അതിനൊപ്പം അമിതദാഹം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, അകാരണമായ ക്ഷീണം, കാഴ്ച മങ്ങൽ, ശരീരഭാരം കുറയൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുകയോ ചെയ്യുന്നുവെങ്കിൽ ഡോക്ടറെ സമീപിക്കുക.
ഡോക്ടറുടെ നിർദേശപ്രകാരം രക്തത്തിലെ HbA1cയും ഗ്ലൂക്കോസിന്റെ അളവും പരിശോധിക്കുന്ന ടെസ്റ്റുകൾ നടത്തുക.
പ്രമേഹം നേരത്തേ കണ്ടെത്തുകയും ചികിത്സയും ജീവിതശൈലി മാറ്റങ്ങളും സമയത്ത് ആരംഭിക്കുകയും ചെയ്താൽ, ഭാവിയിൽ ഉണ്ടാകാവുന്ന ഗുരുതരമായ സങ്കീർണതകൾ ഒരു പരിധിവരെ തടയാൻ കഴിയും.
Disclaimer: ഈ വിവരങ്ങൾ രോഗികൾക്ക് അറിവും ബോധവൽക്കരണവും നൽകുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ഇത് ഒരു ഡോക്ടറുടെയോ ആരോഗ്യ വിദഗ്ദ്ധന്റെയോ നിർദ്ദേശങ്ങൾക്ക് പകരമല്ല. കൃത്യവും സമയബന്ധിതവുമായ വിവരങ്ങൾ നൽകാൻ സൺ ഫാർമസ്യൂട്ടിക്കൽസ് ലബോറട്ടറീസ് ലിമിറ്റഡ് (SPLL) പരമാവധി ശ്രമിക്കുമെങ്കിലും അതിൽ പൂർണ്ണമായ ഉറപ്പ് നൽകുക സാധ്യമല്ല. നിങ്ങൾ ഡോക്ടറുടെയോ ആരോഗ്യ വിദഗ്ദ്ധരുടെയോ നിർദ്ദേശങ്ങൾ മാത്രം സ്വീകരിക്കുക. സൺ ഫാർമസ്യൂട്ടിക്കൽസ് ലബോറട്ടറീസ് ലിമിറ്റഡിന്റെ (SPLL) മുൻകൂർ അനുവാദം ഇല്ലാതെ ഇതിന്റെ ഒരു ഭാഗവും ഇലക്ട്രോണിക് രൂപത്തിലോ മറ്റേതെങ്കിലും തരത്തിലോ പകർപ്പെടുക്കാനോ മറ്റുള്ളവരിലേക്ക് എത്തിക്കാനോ സൂക്ഷിച്ചുവെക്കാനോ പാടുള്ളതല്ല. SPI-IN-CVD-ZT—07-20260100