ചിത്രത്തിന്റെ വ്യത്യസ്തമായ ട്രീറ്റ്‌മെന്റിനെക്കുറിച്ചും അത് തന്നിലുണ്ടാക്കിയ ഓർമകളെക്കുറിച്ചും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. “എന്റെ ചെറുപ്പകാലവുമായി പെട്ടെന്ന് കണക്ട് ചെയ്യാൻ കഴിഞ്ഞ ചിത്രമാണിത്. അന്ന് ഞങ്ങൾ കണ്ട നാട്ടിൻപുറങ്ങൾ, അവിടുത്തെ മനുഷ്യർ, സാധാരണ ജീവിതങ്ങൾ, അവർ തമ്മിലുള്ള സ്നേഹം, ഊഷ്മളമായ പ്രണയങ്ങൾ അങ്ങനെ എല്ലാം കൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സിനിമയാണിത്. ഒട്ടും മുഷിപ്പില്ലാതെ ആദ്യാവസാനം ആസ്വദിക്കാൻ പറ്റി,” എന്ന് മുഖ്യമന്ത്രി കുറിച്ചു.
പ്രധാന കഥാപാത്രങ്ങൾ മാത്രമല്ല, ഒന്നോ രണ്ടോ സീനുകളിൽ മാത്രം വന്നുപോകുന്നവർ പോലും തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തിയ ഒരു കംപ്ലീറ്റ് ടീം വർക്കാണ് ഈ സിനിമയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമ നന്നായി ചിരിപ്പിക്കുകയും ചിലയിടങ്ങളിൽ വിഷമിപ്പിക്കുകയും ചെയ്തതായി പറഞ്ഞ മുഖ്യമന്ത്രി, ചിത്രത്തിലെ ‘ഗ്ലിക്സൻ’ എന്ന കഥാപാത്രം തന്റെ മനസ്സിൽ പ്രത്യേക ഇടംനേടിയെന്നും കൂട്ടിച്ചേർത്തു.
ചിത്രം കണ്ട ശേഷം സംവിധായകൻ എ ഡി ഗിരീഷിനെയും നടൻ സംഗീത് പ്രതാപിനെയും ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. നിവിൻ പോളി, മമിത ബൈജു എന്നിവരെ ഫോണിൽ കിട്ടിയില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ നേരുകയും ചെയ്തു. സാധാരണയായി സിനിമ കണ്ട ശേഷം ആസ്വാദന കുറിപ്പുകൾ എഴുതാറില്ലെങ്കിലും, ചിത്രം തനിക്ക് നൽകിയ റിഫ്രഷ്‌മെന്റ് കൊണ്ടാണ് ഈ കുറിപ്പ് പങ്കുവെക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മാസത്തിൽ ഒരു സിനിമയെങ്കിലും കാണാറുണ്ടായിരുന്നത് തിരക്കുകൾ കാരണം മുടങ്ങിപ്പോയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് ഒരു സിനിമ ഒറ്റയിരുപ്പിൽ കണ്ടത്. മകൾക്കും അവളുടെ സുഹൃത്തിനുമൊപ്പം അത്രമേൽ ആസ്വദിച്ചാണ് ബത്‌ലഹേം കുടുംബ യൂണിറ്റ് കണ്ടു തീർത്തത്.
ട്രീറ്റ്മെൻ്റിലാണ് സിനിമ വ്യത്യസ്‌തമാകുന്നത്. അൽപം പോലും മുഷിഞ്ഞില്ല. എൻ്റെ ചെറുപ്പകാലവുമായി പെട്ടെന്ന് കണക്ട് ചെയ്യാൻ പറ്റി. അന്ന് ഞങ്ങൾ കണ്ട നാട്ടിൻപുറങ്ങൾ, അവിടുത്തെ മനുഷ്യർ, അവിടെ കണ്ട സാധാരണ ജീവിതങ്ങൾ, അവർ തമ്മിലുള്ള സ്നേഹം, ഊഷ്മളമായ പ്രണയങ്ങൾ; അങ്ങനെ എല്ലാം കൊണ്ടും പിടിച്ചിരുത്തിയ സിനിമ. കണ്ട് കഴിഞ്ഞപ്പോൾ എന്തേ കാണാൻ വൈകിപ്പോയെന്നാണ് ചിന്തിച്ചത്.
നായകനെന്നും നായികയെന്നും പറയാവുന്ന കഥാപാത്രങ്ങൾ മാത്രമല്ല, ഒന്നോ രണ്ടോ സീനുകളിൽ വരുന്നവർ പോലും അവരുടെ സാന്നിധ്യം അറിയിച്ചു. നന്നായി ചിരിപ്പിച്ചു.. ഇടയ്ക്ക് ചിലപ്പോൾ വിഷമിപ്പിച്ചു… ആദ്യാവസാനം നന്നായി ആസ്വദിച്ചു. ഒരു കംപ്ലീറ്റ് ടീം വർക്കാണ് ഈ സിനിമ.
ഒരു സിനിമ കണ്ടിട്ട് ആസ്വാദന കുറിപ്പ് എഴുതുന്നത് പതിവില്ലാത്തതാണ്. പക്ഷെ അത്രമേൽ ആസ്വദിച്ചത് കൊണ്ടും റിഫ്രഷ് ആയത് കൊണ്ടുമാണ് എഴുതാമെന്നു വച്ചത്.
സംവിധായകൻ എ.ഡി ഗിരീഷിനെയും നടൻ സംഗീത് പ്രതാപിനെയും ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. നിവിൻ പോളിയെയും മമിത ബൈജുവിനെയും ഫോണിൽ കിട്ടിയില്ല. ഇവർക്കൊപ്പം എൻ്റെ മനസിൻ കയറിയ ഒരാൾ ഗ്ലിക്സനാണ്. പാവം ഗ്ലിക്സൻ.
സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.