Headlines

More than 500 children fall ill with fever at Bengaluru school, suspected H1N1 infection; school shut down.| ബെംഗളൂരു സ്കൂളിൽ 500ലധികം കുട്ടികൾക്ക് പനിബാധ, എച്ച്1എന്‍1 സംശയം, സ്കൂൾ അടച്ചിട്ടു


India

oi-Sajitha Gopie

ബെംഗളൂരു: അഞ്ഞൂറിലധികം കുട്ടികള്‍ക്കും 21 ജീവനക്കാര്‍ക്കും പനി ബാധിച്ചതിന് തുടര്‍ന്ന് അടച്ചിട്ട് ബെംഗളൂരുവിലെ റിച്ചാര്‍ഡ്‌സ് ടൗണിലുളള ക്ലാരെന്‍സ് ഹൈ സ്‌കൂള്‍. പനി, ചുമ, ശരീര വേദന അടക്കമുളള സമാന ലക്ഷണങ്ങളാണ് രോഗബാധിതരായ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും ഉളളതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്‌കൂള്‍ ക്യാപസ്സിലുടനീളം രോഗം പടര്‍ന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 18 വരെ സ്‌കൂളിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു വിദ്യാര്‍ത്ഥിക്കും ജീവനക്കാരില്‍ ഒരാള്‍ക്കും എച്ച്1 എന്‍1 സ്ഥിരീകരിച്ചിട്ടുളളതായി സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ജീവനക്കാരന്‍ ബെംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സ്‌കൂളിന് പുറത്തുളള വൃത്തിഹീനമായ സാഹചര്യമാകാം രോഗബാധയ്ക്ക് കാരണമെന്ന് സ്‌കൂള്‍ അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിക്കുന്നു. സ്‌കൂളിന് സമീപത്തുളള ഭക്ഷണശാലകളും മറ്റ് കടകളും പുറന്തള്ളുന്ന ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും പരിസരത്ത് കൂടിക്കിടക്കുകയാണെന്നും ഈ ശുചിത്വമില്ലായ്മ രോഗം പരക്കാന്‍ കാരണമായിരിക്കാമെന്നും സ്‌കൂള്‍ അധികാരികള്‍ പറയുന്നു.

Bengaluru

ക്ലാര്‍ക്ക് റോഡിലുളള കിന്‍ഡര്‍ ഗാര്‍ടണ്‍ ഗേറ്റിലേക്കുളള വഴി ഇത്തരം തെരുവ് ഭക്ഷണ ശാലകള്‍ മുടക്കിയിരിക്കുകയാണെന്നും ഈ ഭാഗത്ത് വലിയ ശുചിത്വ പ്രശ്‌നം ഉണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. പോട്ടറി റോഡ്- ജോണ്‍ ആംസ്്‌ട്രോംഗ് റോഡ് ജംഗ്ഷനിലുളള കബാബ് കച്ചവടക്കാരന് എതിരെ സ്‌കൂള്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ കട കാരണം സ്‌കൂള്‍ പരിസരത്ത് മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുകയാണെന്നാണ് ആരോപണം.

സ്‌കൂള്‍ കെട്ടിട പരിസരത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ഭക്ഷണ ശാലകളിലും അടിയന്തരമായി ആരോഗ്യ വകുപ്പും ഭക്ഷ്യ വകുപ്പും പരിശോധനകള്‍ നടത്തണമെന്നും കടുത്ത നടപടികളെടുക്കണമെന്നും സ്‌കൂള്‍ ആവശ്യപ്പെട്ടു. മാത്രമല്ല സ്‌കൂള്‍ പരിസരത്ത് ജങ്ക് ഫുഡ് കടകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *