India
oi-Sajitha Gopie
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയെ വിമര്‍ശിക്കാന്‍ നടി തൃഷ കൃഷ്ണനെ കരുവാക്കുന്നത് തുടര്‍ന്ന് സംസ്ഥാനത്തെ പ്രതിപക്ഷ നേതാക്കള്‍. അടുത്തിടെ തൃഷയെ ഉന്നം വെച്ച് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന് നടത്തിയ ദ്വയാര്‍ത്ഥ പ്രയോഗം വലിയ രാഷ്ട്രീയ കോളിളക്കം തന്നെ സൃഷ്ടിച്ചിരുന്നു. അതിന് പിന്നാലെ തൃഷയെ വീണ്ടും രാഷ്ട്രീയ വിവാദത്തിലേക്ക് വലിച്ചിട്ടിരിക്കുന്നത് എഐഎഡിഎംകെ നേതാവാണ്.
തൃഷ എപ്പോഴാണ് തമിഴ്നാട് ഉപമുഖ്യമന്ത്രിയാകുന്നത് എന്നാണ് മുതിര്‍ന്ന എഐഎഡിഎംകെ നേതാവ് ആര് ബി ഉദയകുമാറിന്റെ ചോദ്യം. ആഗസ്റ്റ് എട്ടിന് തൂത്തുക്കുടിയില്‍ വെച്ച് നടന്ന ജയലളിത പേരവൈ എന്ന പാര്‍ട്ടി പരിപാടിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മുഖ്യമന്ത്രി വിജയിയെ പരിഹസിച്ച് കൊണ്ടുളള ഉദയകുമാറിന്റെ പരാമര്‍ശം.
വിജയുടെ പ്രിയപ്പെട്ട തൃഷയെ എപ്പോഴാണ് തമിഴ്നാടിന്റെ ഉപമുഖ്യമന്ത്രിയായി നിയമിക്കുന്നത് എന്നറിയാന്‍ തമിഴ്നാട് കാത്തിരിക്കുകയാണ് എന്നാണ് ആര്‍ബി ഉദയകുമാര്‍ പറഞ്ഞത്. കാവേരി വിഷയത്തില്‍ ടിവികെ സര്‍ക്കാരിനെ വിമര്ശിക്കേയാണ് എഐഎഡിഎംകെ നേതാവിന്റെ പരാമര്‍ശം.

കാവേരി വാട്ടര്‍ മാനേജ്മെന്റ് അതോറിറ്റി നിര്‍ദേശിച്ച അളവിലുളള വെള്ളം തമിഴ്നാടിന് ലഭ്യമാക്കുന്നതില്‍ വിജയ് സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് ആരോപിച്ച് വലിയ വിമര്‍ശനവും പ്രതിഷേധവുമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. അതിനിടെ സിനിമാ രംഗത്ത് നിന്നുളളവര്‍ക്ക് സുപ്രധാന പദവികളില്‍ സര്‍ക്കാര്‍ നിയമനം നല്‍കുന്നതിനെ വിമര്‍ശിച്ചാണ് തൃഷയെ ഉന്നം വെച്ചുളള എഐഎഡിഎംകെ നേതാവിന്റെ പരിഹാസം. സിനിമാ നിര്‍മ്മാതാവായ അര്‍ച്ചന കളപതിയെ കഴിഞ്ഞ ദിവസമാണ് തമിഴ്നാട് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ്സ് വകുപ്പ് ഒരു ഏഴംഗ സംസ്ഥാന തല കമ്മിറ്റിയില്‍ നിയമിച്ചത്.
അതിനിടെ ഉദയകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ തൃഷ ആരാധകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. തൃഷ ഫാന്‍സ് അസോസിയേഷന് ഉദയകുമാറിനെതിരെ മധുരൈയില്‍ പോസ്റ്ററുകള്‍ പതിച്ച് പ്രതിഷേധിച്ചു. വിജയ് മുഖ്യമന്ത്രിയായതിന് ശേഷം പലതവണയാണ് തൃഷയ്ക്ക് എതിരെ രാഷ്ട്രീയ എതിരാളികള്‍ തിരിഞ്ഞിട്ടുളളത്. തൃഷയും വിജയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണിത്.
കാവേരി വിഷയത്തില്‍ വിമര്‍ശനം ഉന്നയിക്കവേ ഉദയനിധി സ്റ്റാലിന് തൃഷയേയും വിജയേയും ഉന്നമിട്ട് നടത്തിയ അധിക്ഷേപ പരാമര്‍ശം വലിയ വിവാദമായിരുന്നു. പിന്നാലെ ഉദയനിധിയെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.