Headlines

ശബരിമല യുവതീ പ്രവേശനം; വിധി ഒക്ടോബർ ആദ്യ വാരം ഉണ്ടാവുമെന്ന് സൂചന നൽകി ചീഫ് ജസ്‌റ്റിസ് | Sabarimala Women’s Entry; Chief Justice Hints Verdict Likely In First Week Of October


Kerala

oi-Nidhin Illikkambath

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ഭരണഘടനാ ബെഞ്ചിന്റെ വിധി ഒക്ടോബർ ആദ്യവാരം ഉണ്ടാകുമെന്ന് സൂചന. ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് തന്നെയാണ് വിധിയെ കുറിച്ച് സൂചന നൽകിയത്. ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് ശബരിമല യുവതീ പ്രവേശന കേസിൽ വാദം കേട്ടത്. ബോധ്ഗയ ക്ഷേത്രക്കേസ് പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്‌റ്റിസ് ശബരിമല കേസ് പരാമർശിച്ചത്.

കേസിലെ വാദത്തിനിടെ ബോധ്ഗയ കേസ് ശബരിമല വിധിക്ക് ശേഷം പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ശബരിമല കേസിലെ വിധി ഒക്ടോബർ ആദ്യ വാരം ഉണ്ടാകുമെന്ന് ചീഫ് ജസ്‌റ്റിസ് അറിയിച്ചത്. തുടർന്ന് ബോധ്ഗയ കേസ് ഒക്ടോബർ ആറിന് പരിഗണിക്കാമെന്നും ചീഫ് ജസ്‌റ്റിസ് പറഞ്ഞു.

sabarimala

ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജി പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് തയ്യാറാക്കിയ ചോദ്യങ്ങളിലാണ് ഒമ്പതംഗ ബെഞ്ച് വാദം നേരത്തെ കേട്ടത്. ഒമ്പതംഗ ബെഞ്ച് റഫറൻസിൽ നൽകുന്ന ഉത്തരങ്ങൾക്ക് അനുസരിച്ച് അഞ്ചംഗ ബെഞ്ച് വീണ്ടും പുനഃപരിശോധന ഹർജികളിൽ വാദം കേൾക്കുകയാണ് ചെയ്യുക.

ഇതിന് ശേഷം അഞ്ചംഗ ബെഞ്ച് പുനഃപരിശോധന ഹർജിയിൽ വിധി പ്രസ്‌താവിക്കുന്നതാണ് നടപടി. ഏറെ പ്രമാദമായ ശബരിമ യുവതീ പ്രവേശന കേസിൽ ഇനി വിധി വരാൻ ഇനി ഒന്നര മാസം മാത്രമാണ് ശേഷിക്കുന്നത്. നേരത്തെ 2018ലാണ് കേസിന് ആധാരമായ ശബരിമല യുവതീ പ്രവേശന വിധി വന്നത്. എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇപ്പോൾ പുനഃപരിശോധന ഹർജിയിൽ വരുന്നത്.

ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് രൂപീകരിച്ച ഒൻപതംഗ ഭരണഘടനാ ബെഞ്ച് വിവിധ മതങ്ങളുമായി ബന്ധപ്പെട്ട സമാനമായ മറ്റ് കേസുകളും പരിഗണിക്കും. അതുകൊണ്ട് തന്നെ, ബെഞ്ചിന്റെ മാർഗനിർദ്ദേശങ്ങൾ പാർസി ക്ഷേത്രങ്ങളിലും മുസ്ലിം പള്ളികളിലും സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കാനാകുമോ, മതനേതാക്കൾക്ക് ആളുകളെ മതത്തിൽ നിന്ന് പുറത്താക്കാൻ കഴിയുമോ തുടങ്ങിയ വിഷയങ്ങളിലും നിർണായകമാകും.

കോടതിയുടെ തീരുമാനം സ്ത്രീകളുടെ മതസ്വാതന്ത്ര്യത്തിലും ആരാധനാലയങ്ങളിൽ പ്രവേശിക്കാനുള്ള അവകാശത്തിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ശബരിമലയിൽ 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാത്ത പ്രത്യേക നിയന്ത്രണം നിലവിലുണ്ടായിരുന്നു. ഇതിലാണ് 2018ൽ പുറപ്പെടുവിച്ച വിധിയിലൂടെ മാറ്റമുണ്ടായത്. ഇതിലാണ് പുനഃപരിശോധന നടത്തുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *