Headlines

ഓണം ഉൾപ്പെടെയുള്ള ഉത്സവ സീസണിൽ കീശ കീറും; വരുന്നത് വൻ വിലക്കയറ്റം, അതും സകല മേഖലയിലും! | Onam 2026; Major Price Hike On The Way All Sectors Likely To Be Affected, Details Inside


India

oi-Nidhin Illikkambath

ഓണം മുതൽ നവരാത്രിയും ദീപാവലിയും വരെ നീളുന്ന ഉത്സവസീസണിന് മുന്നോടിയായി രാജ്യത്ത് വീണ്ടും വിലക്കയറ്റത്തിന് സാധ്യത. ക്രൂഡ് ഓയിലിന്റെ ഉയർന്ന വിലയും പശ്ചിമേഷ്യയിലെ തുടരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളും വിവിധ മേഖലകളിലെ കമ്പനികളുടെ ഉൽപ്പാദനച്ചെലവ് വർധിപ്പിച്ചതോടെയാണ് വിലവർധന ഉപഭോക്താക്കളിലേക്ക് കൈമാറാനുള്ള നീക്കം ശക്തമായത്.

തുടർച്ചയായ രണ്ടാം പാദത്തിലും വില ഉയർത്താൻ നിരവധി കമ്പനികൾ ഒരുങ്ങുന്നതോടെ പണപ്പെരുപ്പ ആശങ്ക വീണ്ടും സജീവമായിരിക്കുകയാണ്. ഹിന്ദുസ്ഥാൻ യൂണിലിവർ, ഏഷ്യൻ പെയിന്റ്സ്, ടാറ്റ കൺസ്യൂമർ പ്രോഡക്റ്റസ്, ഹാവെൽസ് ഇന്ത്യ, ഡോഡ്ല ഡയറി എന്നിവ ഉൾപ്പെടെയുള്ള പ്രമുഖ ഉപഭോക്തൃ ഉൽപ്പന്ന കമ്പനികളും നിരവധി വാഹന നിർമ്മാതാക്കളും വില വർധിപ്പിക്കുമെന്ന് സൂചന നൽകിയിട്ടുണ്ട്. ക്രൂഡ് ഓയിലുമായി ബന്ധപ്പെട്ട അസംസ്‌കൃത വസ്‌തുക്കളുടെ വില, പാക്കേജിങ് സാമഗ്രികളുടെ ചെലവ്, ഗതാഗത ചെലവ്, ഇറക്കുമതി ചെയ്യുന്ന ഘടകങ്ങളുടെ വില എന്നിവ ഉയർന്നതാണ് കമ്പനികളുടെ ലാഭക്ഷമതയെ ബാധിക്കുന്നത്.

onam 2026

പെട്രോളിയം അധിഷ്ഠിത പാക്കേജിങ് വസ്‌തുക്കളുടെ വില ഉയർന്നതിനാൽ എഫ്എംസിജി കമ്പനികളാണ് ഏറ്റവും കൂടുതൽ സമ്മർദം നേരിടുന്നത്. ഇതിന്റെ ഫലമായി ഡിറ്റർജന്റുകൾ, പാത്രം കഴുകുന്ന ഉൽപ്പന്നങ്ങൾ, പാക്കറ്റ് ഭക്ഷ്യവസ്‌തുക്കൾ, ഭക്ഷ്യഎണ്ണ, ചായ, ഉപ്പ്, വ്യക്തിഗത ശുചിത്വ ഉൽപ്പന്നങ്ങൾ എന്നിവയുടെ വില വരും ആഴ്‌ചകളിൽ ഉയരാൻ സാധ്യതയുണ്ട്.

ഇലക്ട്രോണിക്‌സ് മേഖലയിലും വില വർധന ഒഴിവാകില്ല. ഓഗസ്‌റ്റ് മുതൽ ടെലിവിഷൻ, ഫ്രിഡ്‌ജ്‌, വാഷിങ് മെഷീൻ എന്നിവയുടെ വില 4 മുതൽ 6 ശതമാനം വരെ വർധിപ്പിക്കാൻ കമ്പനികൾ തയ്യാറെടുക്കുകയാണ്. മെമ്മറി ചിപ്പുകളുടെ വില വർധിച്ചതും വിതരണ ശൃംഖലയിലെ തടസ്സങ്ങളും കാരണം ഈ വർഷം തന്നെ ടിവികളുടെ വില ഗണ്യമായി ഉയർന്നിരുന്നു. സെമികണ്ടക്‌ടർ, മെമ്മറി ഘടകങ്ങളുടെ വിലക്കയറ്റത്തെ തുടർന്ന് സ്‌മാർട്ട്ഫോണുകളുടെ വിലയും ഉയരുന്ന പ്രവണതയിലാണ്.

കാറുകൾക്കും വില വർധന

ഓട്ടോമൊബൈൽ മേഖലയിലും ഉൽപ്പാദനച്ചെലവ് ഉയരുകയാണ്. മാരുതി സുസുക്കി ഓഗസ്‌റ്റ് മുതൽ 30,000 രൂപ വരെ വാഹനവില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഹോണ്ട കാർസ് ഇന്ത്യയും വില പരിഷ്‌കരിക്കാനൊരുങ്ങുകയാണ്. രൂപയുടെ മൂല്യത്തകർച്ചയും ഇറക്കുമതി ചെലവ് വർധിച്ചതും കണക്കിലെടുത്ത് ആഡംബര കാർ നിർമാതാക്കളും പുതിയ വിലനയം ആലോചിക്കുകയാണ്. ടാറ്റ മോട്ടോഴ്‌സും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ഉൾപ്പെടെ ചില കമ്പനികൾ ഈ മാസം തന്നെ വില വർധിപ്പിച്ചിട്ടുണ്ട്.

ഓണത്തിന് വസ്ത്രമെടുക്കാൻ ചിലവേറും

വസ്ത്രവ്യാപാര മേഖലയിലും വിലക്കയറ്റം പ്രതീക്ഷിക്കപ്പെടുന്നുണ്ട്. കുറഞ്ഞ വിലയിൽ നേരത്തെ വാങ്ങിയ സ്‌റ്റോക്ക് ഉപയോഗിച്ചിരുന്ന ബ്രാൻഡുകൾ ഇപ്പോൾ ഉയർന്ന വിലയ്ക്ക് വാങ്ങിയ പുതിയ സീസണൽ സ്‌റ്റോക്ക് വിപണിയിലെത്തിക്കുന്നതിനാൽ റെഡിമെയ്‌ഡ്‌ വസ്ത്രങ്ങളുടെ വിലയും കാര്യമായി തന്നെ വർധിക്കാനാണ് സാധ്യത. ഇത് ഓണത്തിനെ വരവേൽക്കാൻ ഒരുങ്ങുന്ന മലയാളികൾക്ക് വലിയ തിരിച്ചടിയാവും.

അതേസമയം, ജൂണിൽ രാജ്യത്തെ ചില്ലറ പണപ്പെരുപ്പം ഏകദേശം 18 മാസങ്ങൾക്ക് ശേഷം ആദ്യമായി റിസർവ് ബാങ്കിന്റെ 4 ശതമാനം ലക്ഷ്യത്തിന് മുകളിലെത്തിയിരുന്നു. ഭക്ഷ്യവസ്‌തുക്കളുടെയും ഇന്ധനത്തിന്റെയും വിലക്കയറ്റത്തിനൊപ്പം സാധാരണയേക്കാൾ കുറഞ്ഞ മഴയും എൽ നിനോ സാഹചര്യങ്ങളും പണപ്പെരുപ്പം ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിലും ഉയർന്ന നിലയിൽ തുടരാമെന്ന ആശങ്ക വർധിപ്പിക്കുന്നു.

വില ഉയരുന്ന സാഹചര്യത്തിലും ഉപഭോക്തൃ ആവശ്യം ഇപ്പോഴും ശക്തമാണെന്നാണ് വിപണി സൂചിപ്പിക്കുന്നത്. ജൂണിൽ ചില്ലറ വിൽപ്പന മെയ് മാസത്തേക്കാൾ മെച്ചപ്പെട്ടതായും ജിഎസ്‌ടി വരുമാനവും ദേശീയപാത ടോൾ വരുമാനവും നഗര-ഗ്രാമ മേഖലകളിലെ ഉപഭോഗം സ്ഥിരത പുലർത്തുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. അതിനാൽ ഓണം, നവരാത്രി, ദീപാവലി തുടങ്ങിയ ഉത്സവസീസണിൽ ഓഫറുകൾ കൂടി ചേരുമ്പോൾ വിൽപ്പന കുതിക്കുമെന്നാണ് കമ്പനികൾ പ്രതീക്ഷിക്കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *