Headlines

ഇറാന്‍ പ്ലാന്‍ ബി പുറത്തെടുക്കുന്നു; അമേരിക്കയും സൗദി അറേബ്യയും മാത്രമല്ല, ലോകം കുരുങ്ങും | Iran Mulls Plan B; Not Just The US and Saudi Arabia, The Whole World Will Get Impact If Houthi Come to Tension


Gulf

oi-Ashif N

റിയാദ്: അമേരിക്ക ഇറാനില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. തുടര്‍ച്ചയായ അഞ്ചാം ദിവസവും ആക്രമണം നടത്തിയ അമേരിക്ക ഏറ്റവും ഒടുവില്‍ ലക്ഷ്യമിട്ടത് പാലങ്ങളും റോഡുകളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളാണ്. നേരത്തെ സൈനിക കേന്ദ്രങ്ങളും ആയുധ പുരകളും ലക്ഷ്യമിട്ടിരുന്ന അമേരിക്ക യുദ്ധ തന്ത്രം മാറ്റുന്നു എന്നാണ് മനസിലാകുന്നത്.

അമേരിക്ക നടത്തിയ ആക്രമണത്തില്‍ പാലം തകരുകയും വാഹനങ്ങള്‍ പുഴയില്‍ വീഴുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇറാന് ശക്തമായ കെണി ഒരുക്കാന്‍ അമേരിക്ക ഇറാനിലെ ഊര്‍ജ നിലയങ്ങള്‍ ആക്രമിക്കുമെന്നാണ് പുതിയ വിവരം. അങ്ങനെ സംഭവിച്ചാല്‍ ഇറാന്‍ ഇരുട്ടിലാകും. മാത്രമല്ല, ആശുപത്രികളും മറ്റു അടിയന്തര സേവനങ്ങളും പ്രതിസന്ധിയിലാകും. ഈ വേലയില്‍ ഇറാന്‍ മറുതന്ത്രം പ്രയോഗിക്കാന്‍ ഒരുങ്ങുകയാണ്.

iran houthi plan

അമേരിക്ക ഊര്‍ജ നിലയങ്ങള്‍ ആക്രമിച്ചാല്‍ യമനിലെ ഹൂതികളോട് ഇടപെടാന്‍ ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹൂതികള്‍ യുദ്ധത്തിന്റെ ഭാഗമായാല്‍ ലോകം മൊത്തം ഇതിന്റെ പ്രതിഫലനമുണ്ടാകും. ഇറാന്‍ ഹോര്‍മുസ് പാത അടച്ചതോടെ ക്രൂഡ് ഓയില്‍ വിലയില്‍ വന്ന മാറ്റം വളരെ വലുതായിരുന്നു. അതിനേക്കാള്‍ പ്രതിസന്ധി ഇരട്ടിയാക്കും ഹൂതികളുടെ നീക്കം.

ഹൂതികള്‍ക്ക് ബാബുല്‍ മന്ദിബ് കടലിടുക്ക് അടയ്ക്കാന്‍ വേഗത്തില്‍ സാധിക്കും. യമനും ജിബൂത്തിക്കും ഇടയിലുള്ള ഇടുങ്ങിയ കടല്‍പാതയാണിത്. ക്രൂഡ് ഓയില്‍, വാതകം ഉള്‍പ്പെടെ ലോകത്തെ ചരക്കുകടത്തിന്റെ വലിയൊരു ഭാഗം ഇതിലൂടെയാണ് പോകുന്നത്. ഈ പാത ഹൂതികള്‍ അടച്ചാല്‍ പ്രതിസന്ധി ഇരട്ടിയാകും. എന്നാല്‍ ഇവിടെ സൗദി-അമേരിക്ക സഖ്യം സൈനികമായി ഇടപെടാനുള്ള സാധ്യതയും തള്ളാനാകില്ല.

ഇറാന്‍ സൈനിക നേതൃത്വം ബാബുല്‍ മന്ദിബ് അടയ്ക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തി എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടുള്ളത്. ഹൂതികളുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിക്കഴിഞ്ഞു. ഇറാനിലെ ഊര്‍ജ നിലയങ്ങള്‍ ആക്രമിക്കുമെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ബാബുല്‍ മന്ദിബ് അടയ്ക്കുന്നത് സംബന്ധിച്ച് ഇറാനോ ഹൂതികളോ പരസ്യപ്രഖ്യാപനം നടത്തിയിട്ടില്ല.

ബാബുല്‍ മന്ദിബ് കടല്‍പാതയിലൂടെ പോകുന്ന കപ്പലുകള്‍ ആക്രമിക്കാന്‍ വേണ്ട എല്ലാ ഒരുക്കവും നടത്തിയെന്ന് ഹൂതി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോര്‍മുസ് പാത അടച്ചതോടെ സൗദി ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങള്‍ ക്രൂഡ് ഓയില്‍ കയറ്റുമതിക്ക് വേണ്ടി പൈപ്പ്‌ലൈന്‍ മാര്‍ഗം സ്വീകരിക്കുന്നുണ്ട്. ഈ വേളയിലാണ് ഇറാന്‍ ബാബുല്‍ മന്ദിബ് കൂടി അടയ്ക്കാന്‍ പോകുന്നത്. ഇതോടെ പൈപ്പ് ലൈന്‍ വഴി ചെങ്കടല്‍ തുറമുഖത്ത് എത്തിക്കുന്ന ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യാന്‍ പ്രയാസത്തിലാകും. ഇറാന്‍ സൈന്യത്തിന്റെ പ്രതിനിധികള്‍ യമനിലുണ്ട്. ഇവരുടെ നേതൃത്വത്തിലും നിര്‍ദേശത്തിലുമാകും ഹൂതികളുടെ ഇടപെടല്‍. കഴിഞ്ഞ ദിവസം ഹൂതികള്‍ സൗദിയിലെ അബഹ വിമാനത്താവളം ആക്രമിച്ചിരുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *