Last Updated:
നേരത്തെ സായ് പല്ലവിക്ക് പകരം രുക്മിണി വസന്ത് നായികയാകുമെന്ന് റിപ്പോർട്ട് വന്നിരുന്നു
കർണാടക സംഗീത ലോകത്തെ ഇതിഹാസ ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയെക്കുറിച്ചുള്ള വാർത്തകൾ ശ്രദ്ധ നേടുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്തുവന്നതോടെ ആരാധകരുടെ പ്രതീക്ഷയും ഉയർന്നിരിക്കുകയാണ്. ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ജീവചരിത്ര ചിത്രത്തിൽ എം.എസ്. സുബ്ബലക്ഷ്മിയായി നടി രശ്മിക മന്ദാന എത്തുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ‘ജേഴ്‌സി’യിലൂടെ ശ്രദ്ധേയനായ ഗൗതം തിന്നനൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തെലുങ്ക് മാധ്യമമായ 123 തെലുങ്കിന്റെ റിപ്പോർട്ട് പ്രകാരം, ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ രശ്മിക മന്ദാനയെ പരിഗണിച്ചിരിക്കുകയാണ്. ഇതിനായി അടുത്തിടെ അവരുടെ വസതിയിൽ ലുക്ക് ടെസ്റ്റും നടത്തിയതായാണ് വിവരം. എന്നാൽ ഇതുസംബന്ധിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകരിൽ നിന്നോ രശ്മികയിൽ നിന്നോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
നേരത്തെ സായ് പല്ലവിക്ക് പകരം രുക്മിണി വസന്ത് നായികയാകുമെന്ന് റിപ്പോർട്ട് വന്നിരുന്നു. 123 തെലുങ്ക് റിപ്പോർട്ട് ചെയ്തത് പ്രകാരം പ്രധാന വേഷത്തിലേക്ക് ഗായികയുടെ റോളിലേക്ക് രുക്മിണി വസന്തിനെയാണ് പരിഗണിച്ചത്. ജൂനിയർ എൻടിആറിനൊപ്പം തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ രുക്മിണി തയ്യാറെടുക്കുന്ന സമയത്താണ് ഈ വാർത്തയുടെ വരവ്.
അതിനും മുമ്പ്, നടി സായ് പല്ലവി വമ്പൻ ചിത്രത്തിന്റെ ഭാഗമാകുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. കർണാടക സംഗീതത്തിന്റെ ഇതിഹാസ ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ജീവചരിത്ര ചിത്രത്തിൽ സായ് പല്ലവി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ചിത്രം ഗൗതം തിന്നനൂരി സംവിധാനം ചെയ്യുമെന്നും വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
സിനിമയ്ക്കായുള്ള ഒരുക്കങ്ങളുടെ ഭാഗമായി സായ് പല്ലവി കർണാടക സംഗീത പരിശീലനം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതവും കലാപ്രയാണവും കൂടുതൽ ആഴത്തിൽ മനസ്സിലാക്കുന്നതിനായി ലഭ്യമായ ദൃശ്യരേഖകളും അഭിമുഖങ്ങളും അവർ പഠിച്ചുവരികയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു. അതേസമയം, സിനിമയുടെ ചിത്രീകരണം ഈ വർഷാവസാനത്തോടെ ആരംഭിക്കുമെന്നാണ് സൂചന.
എന്നാൽ ചിത്രവുമായി ബന്ധപ്പെട്ട് ഇതുവരെ അണിയറ പ്രവർത്തകരോ നിർമ്മാതാക്കളോ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
‘കോക്ക്ടെയിൽ 2’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയതിന് പിന്നാലെ ലഭിച്ച ആവേശകരമായ പ്രതികരണങ്ങൾക്ക് നടി രശ്മിക മന്ദാന നന്ദി അറിയിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് പ്രേക്ഷകർ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും അഭിനന്ദനം അറിയിക്കുന്നതിനായി അവർ തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പ്രതികരിച്ചു.
Thiruvananthapuram,Kerala
Jun 10, 2026 11:59 AM IST
