Last Updated:
കേരള സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റും ഹെൽത്ത് സർവീസ് ഡയറക്ടറേറ്റും സംയുക്തമായി നടത്തുന്ന ജി.എൻ.എം, എ.എൻ.എം നഴ്സിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ഈ മാസം 23 വരെയാണ് , അപേക്ഷകൾ സമർപ്പിക്കാനവസരം
നഴ്സിങ് മേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വളരെ മികച്ചൊരു അവസരമാണ് GNM (General Nursing and Midwifery) ഡിപ്ലോമ കോഴ്സ്. മൂന്ന് വർഷത്തെ പഠനവും അതിനുശേഷം ആറു മാസത്തെ ഇന്റേൺഷിപ്പും ഉൾപ്പെടുന്നതാണ് ഈ കോഴ്സ്. അനാട്ടമി, ഫിസിയോളജി, ഫാർമക്കോളജി, മെഡിക്കൽ-സർജിക്കൽ നഴ്സിങ്, കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിങ്, മിഡ്വൈഫറി തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗികവും തിയറിറ്റിക്കലുമായ അറിവ് ഈ കോഴ്സിലൂടെ ലഭ്യമാകുന്നു. ഇതോട് ചേർന്നുള്ള എ.എൻ.എം കോഴ്സിന് രണ്ട് വർഷമാണ് കാലാവധി.
ആശുപത്രികൾ, ക്ലിനിക്കുകൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ തുടങ്ങിയ ആരോഗ്യ മേഖലയിലെ വിവിധ സ്ഥാപനങ്ങളിൽ സ്റ്റാഫ് നഴ്സ്, നഴ്സിങ് സൂപ്പർവൈസർ, നഴ്സിങ് എഡ്യൂക്കേറ്റർ എന്നീ നിലകളിൽ പ്രവർത്തിക്കാൻ GNM യോഗ്യത സഹായിക്കുന്നു.GNM പൂർത്തിയാക്കിയ ശേഷം പോസ്റ്റ് ബി.എസ്.സി ( Post B.Sc) നഴ്സിങ് പോലുള്ള ഉന്നത പഠനങ്ങൾക്ക് അവസരമുണ്ട്. ഇത് കരിയറിലെ വളർച്ചയ്ക്ക് ഏറെ സഹായകമാണ്. നഴ്സിങ് മേഖലയിലെ വർദ്ധിച്ചുവരുന്ന ആവശ്യകത കാരണം, GNM പാസായവർക്ക് വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ മികച്ച തൊഴിൽ അവസരങ്ങളും ഉയർന്ന ശമ്പളവും ലഭിക്കാൻ സാധ്യതയുണ്ട്.ചുരുക്കത്തിൽ, ആരോഗ്യമേഖലയിൽ ഒരു കരിയർ ആഗ്രഹിക്കുന്നവർക്ക് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പ്രൊഫഷണൽ നഴ്സായി മാറാൻ സഹായിക്കുന്ന മികച്ചൊരു കോഴ്സാണിത്.
കേരള സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റും ഹെൽത്ത് സർവീസ് ഡയറക്ടറേറ്റും സംയുക്തമായി നടത്തുന്ന ജി.എൻ.എം, എ.എൻ.എം നഴ്സിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ഈ മാസം 23 വരെയാണ് , അപേക്ഷകൾ സമർപ്പിക്കാനവസരം. എൽ.ബി.എസ് സെന്ററിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
രണ്ട് പ്രോഗ്രാമുകൾക്കും ചേർത്ത് ഒറ്റ അപേക്ഷ മതിയാകും. പ്ലസ് ടു പാസായ ഏത് സ്ട്രീമിലുള്ള വിദ്യാർത്ഥികൾക്കും (സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ്) GNM കോഴ്സിന് ചേരാവുന്നതാണ്. എന്നാൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ 40 ശതമാനം മാർക്കോടെ പ്ലസ് ടു വിജയിച്ചവർക്കാണ്, മുൻഗണന. ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റ് സ്ട്രീമുകളിൽ പ്ലസ് ടു വിജയിച്ചവരെയും പരിഗണിക്കും. കൂടാതെ പ്ലസ് ടു വിജയിച്ച രജിസ്റ്റേർഡ് എ.എൻ.എം നഴ്സുമാർക്ക് ജി.എൻ.എം. കോഴ്സിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകരുടെ മെറിറ്റിൻ്റെ അടിസ്ഥാനത്തിൽ
റാങ്ക് ലിസ്റ്റ് തയ്യാറാക്കും. ഈ റാങ്ക് ലിസ്റ്റിൻ്റെ അടിസ്ഥാനത്തിലായിരിക്കും അലോട്ട്മെന്റ്. അപേക്ഷകർക്ക്, ഡിസംബർ 31-ന്, 17 വയസ്സ് പൂർത്തിയായിരിക്കണം. ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല.
ജി.എൻ.എമ്മിന് 400/- രൂപയും, എ.എൻ.എമ്മിന് 300/- രൂപയുമാണ് അപേക്ഷാ ഫീസ്. രണ്ട് കോഴ്സുകൾക്കും കൂടി അപേക്ഷിക്കുന്നവർക്ക് 600 രൂപ അടച്ചാൽ മതി. എന്നാൽ പട്ടികവിഭാഗക്കാർക്ക് യഥാക്രമം 200/-, 150/-, 300/- രൂപ എന്നിങ്ങനെയാണ് ഫീസ്.
അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള രേഖകൾ അപ്ലോഡ് ചെയ്യണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
Thiruvananthapuram,Kerala
