Last Updated:
കാലക്രമേണ മങ്ങിപ്പോകുന്ന ബന്ധങ്ങൾ, മാറിത്താമസിക്കുന്നവർ, കുടുംബമില്ലാതെ അവസാന കാലം തള്ളിനീക്കേണ്ടി വരുന്ന വയോധികർ എന്നിവയെക്കുറിച്ചുള്ള സോഷ്യൽ മീഡിയ ചർച്ചയ്ക്കും ഇത് വഴിച്ചു.
മുംബൈയിൽ 40 വർഷമായി ഒറ്റയ്ക്ക് താമസിച്ച വയോധികയുടെ മരണത്തിന് പിന്നാലെ പെൺമക്കളെ അന്വേഷിച്ച് ചരമവാർത്ത.സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു അറിയിപ്പ് പ്രകാരം, ചെന്നൈ സ്വദേശിയായ ലളിത കൃഷ്ണമൂർത്തി 2026 നവംബർ 13-ന് മുംബൈയിൽ അന്തരിച്ചു. അവർ 40 വർഷമായി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. അവരുടെ മരണത്തിന് പിന്നാലെ, മക്കളെയും മറ്റ് കുടുംബാംഗങ്ങളെയും കണ്ടെത്താനായി അയൽക്കാർ ചേർന്നാണ് പത്രത്തിൽ ചരമവാർത്ത നൽകിയത്. ബന്ധപ്പെടാനായി ഉഷ ലക്ഷ്മിനാരായൺ, പവൻ ഷെട്ടി എന്നിവരുടെ വിവരങ്ങളും വാർത്തയിൽ നൽകിയിട്ടുണ്ട്.
ഒറ്റയ്ക്ക് താമസിക്കുന്ന വയോധികർ, ദൂരങ്ങളാൽ വേർപിരിഞ്ഞ കുടുംബങ്ങൾ, പിന്തുണ നൽകാൻ ആരുമില്ലാതെ വാർദ്ധക്യത്തിലേക്ക് കടക്കേണ്ടി വരുന്ന അവസ്ഥ എന്നിവയെക്കുറിച്ചുള്ള വൈകാരികമായ ചർച്ചകൾക്ക് ഈ അറിയിപ്പ് വഴിവച്ചു. മരണശേഷവും ലളിതയുടെ കുടുംബത്തിനായുള്ള തിരച്ചിൽ തുടരുകയാണെന്നതാണ് ആളുകളെ ഏറെ വേദനിപ്പിച്ചത്.
“മരണമല്ല യഥാർത്ഥ ദുരന്തം. മരണവിവരം പോലും സ്വന്തക്കാരും ബന്ധുക്കളും അറിയാത്തതാണ്” എന്ന് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് കുറിച്ചു.”ലളിത കൃഷ്ണമൂർത്തി ഇപ്പോഴും തിരയുകയാണ്… ‘അമ്മേ, വിട’ എന്ന് പറയാൻ ഒരു ശബ്ദമില്ല” എന്ന് മറ്റൊരാൾ എഴുതി.
ഒരു ചരമക്കുറിപ്പിനപ്പുറം ഈ വാർത്ത കാണുന്നവരിൽ വലിയ ചലനങ്ങൾ ഉണ്ടാക്കി. കാലക്രമേണ മങ്ങിപ്പോകുന്ന ബന്ധങ്ങൾ, മാറിത്താമസിക്കുന്നവർ, കുടുംബമില്ലാതെ അവസാന കാലം തള്ളിനീക്കേണ്ടി വരുന്ന വയോധികർ എന്നിവയെക്കുറിച്ചുള്ള സോഷ്യൽ മീഡിയ ചർച്ചയ്ക്കും ഇത് വഴിച്ചു.
അറിയിപ്പിൽ നൽകിയിരുന്ന നമ്പറിൽ വിളിച്ച് അന്വേഷിച്ച ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് ഇങ്ങനെ കുറിച്ചു: “പരസ്യത്തിൽ കൊടുത്തിരുന്ന നമ്പറിൽ ഞാൻ വിളിച്ചു. അത് പവൻ ഷെട്ടിയുടേതായിരുന്നു. ശ്രീമതി ലളിത കൃഷ്ണമൂർത്തിയെക്കുറിച്ചുള്ള അറിയിപ്പ് വായിച്ചപ്പോൾത്തന്നെ ഞാൻ തകർന്നിരുന്നു. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ എന്നെ വല്ലാതെ വിഷമിപ്പിച്ചു. അവർ നാൽപ്പത് വർഷമായി ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ചെന്നൈ സ്വദേശിയായ അവർ 2026 നവംബർ 13-നാണ് മുംബൈയിൽ അന്തരിച്ചത്. ലോകത്തെവിടെയോ രണ്ട് പെൺമക്കളുണ്ട് — അവരുടെ വിലാസങ്ങളോ, ജീവിതങ്ങളോ, ഈ മൗനത്തിന്റെ കാരണം പോലും ഒരിക്കലും പങ്കുവയ്ക്കപ്പെട്ടിട്ടില്ല. അവസാനം വരെയും അവർ ആ നിശബ്ദത കാത്തുസൂക്ഷിച്ചു. കസിൻസായ ഒരു ദമ്പതികളാണ് അവർക്കുണ്ടായിരുന്ന ഏക കുടുംബം. അവർ മരിച്ചപ്പോൾ ചടങ്ങുകൾ പൂർത്തിയാക്കിയത് കെട്ടിടത്തിലെ ആളുകളാണ്. സ്വന്തം രക്തത്തിലുള്ള ആരും വന്നില്ല. ജീവിതത്തിൽ കൂടെ നിന്ന അതേ കസിനും പവൻ ഷെട്ടിയെപ്പോലുള്ള അയൽക്കാരുമാണ് അവരുടെ അന്ത്യയാത്രയ്ക്ക് സഹായിച്ചത്. ജീവിച്ചിരുന്നപ്പോൾ കണ്ടെത്താനാകാതിരുന്ന പെൺമക്കൾക്കായി ഇപ്പോഴും തിരച്ചിൽ തുടരുന്നു”.
അകൽച്ച കൊണ്ടല്ല എപ്പോഴും ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്നതെന്നും, മാതാപിതാക്കളുടെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ മക്കൾക്ക് പെട്ടെന്ന് മറ്റൊരു രാജ്യത്ത് നിന്ന് യാത്ര ചെയ്യാൻ കഴിയാതെ വരുന്ന സന്ദർഭങ്ങളുണ്ടാകാമെന്നും മറ്റൊരു പോസ്റ്റ് ചൂണ്ടിക്കാട്ടി.
ഉപയോക്താവ് എഴുതി: “ഒരു സ്ത്രീ മരിച്ചിട്ടും അന്ത്യകർമ്മങ്ങൾക്കായി ബന്ധപ്പെടാൻ അവരുടെ പെൺമക്കളോ ബന്ധുക്കളോ എവിടെയാണെന്ന് ആർക്കും അറിയാത്ത ദാരുണമായ പരസ്യമാണിത്. മക്കൾ വിദേശത്തുള്ളതിനാൽ പെട്ടെന്ന് വരാൻ കഴിയാത്തവർ സമാനമായ സാഹചര്യങ്ങൾ നേരിടാറുണ്ട്. മറ്റൊരു രാജ്യത്ത് നിന്ന് വരാൻ കഴിയാതെ വന്നതിനാൽ സുഹൃത്തുക്കളുടെ പ്രായമായ മാതാപിതാക്കളിൽ കുറഞ്ഞത് 2-3 പേരുടെയെങ്കിലും അന്ത്യകർമ്മങ്ങൾ തന്റെ കുടുംബം നിർവഹിച്ചതായി എന്റെ മുൻ മേലുദ്യോഗസ്ഥൻ പറഞ്ഞിട്ടുണ്ട്. കോവിഡ് കാലത്ത് ഇത് കുറച്ചുകൂടി സാധാരണമായിരുന്നു”.
ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പ് അമേരിക്കയിൽ യാത്ര ചെയ്യുന്നതിനിടെ കണ്ട ഒരു വാർത്താ റിപ്പോർട്ട് ഒരു ഉപയോക്താവ് ഓർത്തെടുത്തു; അടുക്കളയിൽ മരിച്ചുകിടന്ന ഒരു സ്ത്രീയുടെ മൃതദേഹം, പുൽത്തകിടി വെട്ടാത്തതിന്റെ പേരിൽ നോട്ടീസ് നൽകാൻ നഗരസഭാ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ആഴ്ചകൾക്ക് ശേഷം കണ്ടെത്തിയതെന്നും അദ്ദേഹം കുറിച്ചു.
