Headlines

നെടുമുടി വേണുവും പി.ബാലചന്ദ്രനും അവസാനമായി ഒരുമിച്ച ‘ഓറഞ്ച് മരങ്ങളുടെ വീട്’ നവംബർ 20 ന്  തിയേറ്ററിൽ | സിനിമാ വാർത്ത


അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച് ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചശേഷമാണ് സിനിമ തിയേറ്ററിൽ റിലീസ് ചെയ്യുന്നതെന്ന് സംവിധായകൻ ഡോ. ബിജു എറണാകുളം പ്രസ്സ് ക്ലബിൽനടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അനശ്വര അഭിനയ പ്രതിഭകളായ നെടുമുടി വേണുവും, പി.ബാലചന്ദ്രനും ഒരുമിച്ച് വെള്ളിത്തിരയിലെത്തിയ

അവസാന ചിത്രവുമാണിത്.

ഇവർക്കു പുറമെ പ്രകാശ് ബാരെ, ദീപൻ ശിവരാമൻ ,ഗോവർദ്ധൻ , കൃഷ്ണൻ ബാലകൃഷ്ണൻ എന്നിവരും ജയപ്രകാശ് കുളൂർ, ലാലി പി.എം, അനാർക്കലി മരക്കാർ എന്നിവരും ശ്രദ്ധേയ വേഷങ്ങളിലെത്തുന്നു.

ജീവിതത്തിന്റെ സായാഹ്നത്തിലെത്തിയ സാമുവൽ (നെടുമുടി വേണു), തനിക്ക് നഷ്ടപ്പെട്ടുപോയ ആത്മാവിന്റെ ഭാഗം തേടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മകൻ ഡേവിസിന്റെ (പ്രകാശ് ബാരെ) നിർബന്ധത്തിനു വഴങ്ങി നഗരത്തിലെ ഫ്ലാറ്റിൽ കഴിയേണ്ടിവരുന്ന അയാൾക്ക് ജീവിതം വീർപ്പുമുട്ടലാകുന്നു. ഒരപകടത്തെത്തുടർന്ന് സാമുവൽ ആശുപത്രിയിലാകുന്നതോടെ ഡേവിസും മകൻ സ്റ്റീവും (ഗോവർദ്ധനൻ) നാട്ടിലെത്തുന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആശുപത്രി കിടക്കയിൽ നിന്ന് സാമുവൽ അപ്രത്യക്ഷനാകുന്നു, ഒപ്പം കൊച്ചുമകൻ സ്റ്റീവും. തുടർന്നുള്ള ഉദ്വേഗജനകമായ യാത്രയാണ് ചിത്രം പറയുന്നത്.  ഒരു വശത്ത്, തന്റെ പഴയ ചങ്ങാതിമാരെയും ഓറഞ്ച് തോട്ടങ്ങളുടെ മാന്ത്രികതയെയും തേടി മുത്തശ്ശനും കൊച്ചുമകനും നടത്തുന്ന യാത്ര. മറുവശത്ത് സുഹൃത്ത് മാത്യൂസുമൊത്ത് (ദീപൻ ശിവരാമൻ) കാണാതായ അച്ഛനെയും മകനെയും തിരഞ്ഞ് പരക്കം പായുന്ന ഡേവിസും.

മലയാള നാടകവേദിയിലെ ഒട്ടനവധി പ്രതിഭകളുടെ അപൂർവ്വ സംഗമ വേദിയായിരുന്നു സിനിമയുടെ ലൊക്കേഷനെന്ന് സംവിധായകൻ സൂചിപ്പിച്ചു.

മൂവി നൊമാഡ്‌സ് – സിലിക്കൺ മീഡിയ. എന്നിവയുടെ ബാനറിൽ, ഇൻവിസ് മൾട്ടിമീഡിയയുടേയും വിസ്റ്റ വിഎഫ്എക്‌സിന്റെയും സിംഗപ്പൂർ കൈരളി ഫിലിം ഫോറത്തിന്റെയും സഹകരണത്തോടെ സിറാജ് ഷാ, വിജയശ്രീ ബിജുകുമാർ, ഉഷാദേവി എന്നിവരാണ്  ചിത്രത്തിന്റെ നിർമ്മാതാക്കൾ.

സഹ നിർമ്മാതാവ് – എംജി രാധാകൃഷ്ണൻ ഉണ്ണിത്താൻ

ഛായാഗ്രഹണം – യദു രാധാകൃഷ്ണൻ

എഡിറ്റിംഗ് – ഡേവിസ് മാനുവൽ

കലാസംവിധാനം – അജയൻ വി കാട്ടുങ്കൽ

സംഗീതം – സന്തോഷ് ചന്ദ്രൻ

പി.ആർ.ഒ -പി.ആർ. സുമേരൻ



Source link

Leave a Reply

Your email address will not be published. Required fields are marked *