Headlines

സ്വാതന്ത്ര്യദിന പ്രസംഗം | Independence Day Malayalam Speech | Independence Day 2026 Malayalam Speech for School Students: How to Prepare a Speech, Details Inside


Kerala

oi-Jithin TP

80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിലാണ് രാജ്യം. വൈദേശികാധിപത്യത്തില്‍ നിന്ന് ഇന്ത്യ സ്വതന്ത്രയാകുന്നത് 1947 ആഗസ്റ്റ് 15 നാണ്. അതുകൊണ്ട് തന്നെ ഓരോ ആഗസ്റ്റ് 15 ഉം ബ്രിട്ടീഷ് അടിച്ചമര്‍ത്തലിനെതിരെ പോരാടി സ്വാതന്ത്ര്യം നേടിയെടുത്തതിന്റെ ആവേശപൂര്‍വ്വമായ ഓര്‍മപുതുക്കലാണ്. രാജ്യത്തിന്റെ നാനാഭാഗത്തും വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് ഈ ദിനം നടക്കുന്നത്.

രാജ്യമെമ്പാടും ദേശീയപതാക വാനിലുയര്‍ത്തിക്കെട്ടും. ത്രിവര്‍ണ പതാക വാനോളം ഉയര്‍ത്തുമ്പോള്‍ ഭാഷയുടെയും വേഷത്തിന്റെയും അതിര്‍ത്തികളെല്ലാം മറന്ന് ഓരോ ഇന്ത്യക്കാരനും അഭിമാനത്തിന്റേയും പ്രൗഢിയുടേയും കൊടുമുടി കയറും. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ മുട്ടുകുത്തിച്ച ഇന്ത്യയുടെ സ്വാതന്ത്ര്യപോരാട്ടം ഓരോ ഇന്ത്യക്കാരന്റേയും ചോരതിളപ്പിക്കുന്നതാണ്.

Independence Day Speech

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സ്‌കൂളുകളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലുമെല്ലാം വിവിധ തരത്തിലുള്ള പരിപാടികള്‍ നടത്താറുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്രസംഗമത്സരം. സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം അതിന്റെ അന്തസത്ത ഒട്ടുംചോരാതെ വേണം പ്രസംഗത്തിലുള്‍പ്പെടുത്താന്‍. അതിന് എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം…

പ്രസംഗിക്കേണ്ട വിഷയം

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം നിരവധി ഏടുകളുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ സ്വാതന്ത്ര്യദിന പ്രസംഗം നടത്തുമ്പോള്‍ വിഷയം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. സ്വാതന്ത്ര സമര ചരിത്രമെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഹ്രസ്വമായ പ്രസംഗം നടത്താവുന്നതാണ്. അല്ലെങ്കില്‍ ക്വിറ്റ് ഇന്ത്യ സമരം, ജാലിയന്‍ വാലാബാഗ്, ഉപ്പ് കുറുക്കല്‍ സമരം എന്നീ സംഭവങ്ങളോ ഗാന്ധിജി, ഭഗത് സിംഗ്, നെഹ്‌റു തുടങ്ങിയ വ്യക്തികളെ അധികരിച്ചോ ആകാം.

വിവരശേഖരണം

വിഷയം ഉറപ്പിച്ചാല്‍ അതിന് വേണ്ട പരമാവധി വിവരങ്ങള്‍ ശേഖരിക്കണം. എന്നിട്ട് എല്ലാം ക്രോഡീകരിച്ച് പ്രധാനപ്പെട്ട സംഭവങ്ങള്‍ വിട്ട് പോകാതെ വേണം പ്രസംഗിക്കാന്‍. കണ്ടെത്തിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പിക്കാന്‍ അധ്യാപകരുടെയോ മുതിര്‍ന്നവരുടെയോ സഹായം തേടാന്‍ മറക്കരുത്.

എഴുതാം, ഹൃദിസ്ഥമാക്കാം.. പ്രസംഗിക്കാം

പ്രസംഗം എഴുതി തയ്യാറാക്കുന്നതാണ് ഏറ്റവും ഉചിതം. ഒരു ആമുഖവും ഉപസംഹാരവും വേണം. കേള്‍ക്കുന്നവര്‍ക്ക് മനസിലാകുന്ന രീതിയിലാകണം ഭാഷയുടെ പ്രയോഗം. പ്രസംഗം കൂടുതല്‍ ആകര്‍ഷണമാക്കാന്‍ സ്വാതന്ത്ര്യസമര സേനാനികളുടെ ഉദ്ധരണികള്‍ ചേര്‍ക്കാം

സ്വാതന്ത്രദിന പ്രസംഗം മാതൃക

പ്രിയപ്പെട്ട സഹോദരി സഹോദരന്‍മാരെ,

ലോകത്തെവിടെയായാലും നമ്മളെ ഒന്നിച്ച് ചേര്‍ക്കുന്നത് ഇന്ത്യ എന്ന വികാരമാണ്. നമ്മുടെ രാജ്യം സ്വതന്ത്രമായതിന്റെ 80-ാം വാര്‍ഷികമാണ് ഇന്ന്. നമ്മള്‍ ഇന്ന് ജീവിക്കുന്ന ഈ രാജ്യത്തെ പരുവപ്പെടുത്തിയെടുത്തത് ഒട്ടനവധി ധീരദേശാഭിമാനികളുടെ ചോരയും നീരും ജീവിതവും ത്യജിച്ചാണ്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്ന് നമ്മുടെ രാജ്യം സ്വതന്ത്രയായത് കേവലം ഒറ്റരാത്രിയിലെ പ്രതിഭാസമായിരുന്നില്ല

ഒരു നൂറ്റാണ്ടോളം ഇന്ത്യയെ അടക്കി ഭരിച്ച, നമ്മളുടെ പൂര്‍വികരെ അടിമകളെ പോലെ അടിച്ചമര്‍ത്തിയ ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. ആ കെട്ടകാലത്തില്‍ നിന്ന് നമ്മളെ വെളിച്ചത്തിലേക്ക് നയിച്ചത് ഗാന്ധിജിയേയും ഭഗത് സിംഗിനേയും നെഹ്‌റുവിനേയും അംബേദ്കറേയും റാണി ലക്ഷ്മിഭായിയേയും കൃഷ്ണപിള്ളയേയും പോലുള്ള ധീരരായ നേതാക്കളായിരുന്നു. സ്വാതന്ത്ര്യത്തോടുള്ള അടങ്ങാത്ത അവരുടെ ദാഹമാണ് നമ്മള്‍ ഇന്ന് അനുഭവിക്കുന്ന സുഖലോലുപതയ്ക്ക് വളമായത്.

അവര്‍ പോരാടിയത് വെറും ആയുധങ്ങള്‍ കൊണ്ടല്ല, മറിച്ച് അടിയുറച്ച ആദര്‍ശവും സത്യവും നീതിയും കൈമുതലാക്കി കൊണ്ടായിരുന്നു. രാജ്യം 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ അവരുടെ പോരാട്ടം വൃഥാവിലാകാതിരിക്കാന്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ബഹുസ്വരതയും കാത്തുസൂക്ഷിക്കാന്‍ സംഭാവന ചെയ്യുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം, ജയ് ഹിന്ദ്.



Source link

Leave a Reply

Your email address will not be published. Required fields are marked *