Headlines

സ്വര്‍ണവില കുത്തനെ കൂടി; രൂപയുടെ വിനിമയ മൂല്യം തകരുന്നു, സ്വര്‍ണം വാങ്ങുന്ന ട്രെന്‍ഡ് മാറി | Kerala Gold Rate Today Marked Huge Rise: Seeing Indian Rupee Fall Impact In Market, Here Latest Price


Kerala

oi-Ashif N

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കൂടി. ആഗോള വിപണിയില്‍ വലിയ മാറ്റമില്ല. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് ഇന്ത്യയില്‍ സ്വര്‍ണവില കൂടാന്‍ ഇടയാക്കിയത്. ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതോടെ ഇന്ത്യന്‍ രൂപ മൂക്കു കുത്തുകയാണ്. ഏറെ നാള്‍ക്കു ശേഷം 95.26 എന്ന നിരക്കിലേക്ക് രൂപ എത്തി. രൂപ കരകയറിയാല്‍ സ്വര്‍ണം വില കുറയും. രൂപ മെച്ചപ്പെടാന്‍ നിലവില്‍ സാധ്യത കാണുന്നില്ല.

ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരല്‍ വില 101 ഡോളറിലെത്തിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ഒഴിഞ്ഞാല്‍ കൂടുതല്‍ ക്രൂഡ് ഓയില്‍ വിപണിയിലെത്തും. അപ്പോഴായിരിക്കും ഇനി ക്രൂഡ് വില കുറയുക. അതുവരെ പ്രതിസന്ധി ഇരട്ടിയാകുമെന്ന് ചുരുക്കം. ക്രൂഡ് ഓയില്‍ വില കൂടിയതിനാല്‍ കൂടുതല്‍ ഡോളര്‍ കണ്ടെത്തേണ്ട സാഹചര്യമാണ് ഇന്ത്യയ്ക്ക്. അതുകാരണം ഇന്ത്യന്‍ രൂപ കടുത്ത സമ്മര്‍ദ്ദത്തിലാണ്. സ്വര്‍ണവില കൂടാനുള്ള കാരണവും അതുതന്നെ.

gold price kerala september10

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. അതായത്, 114040 രൂപയാണ് ഇന്ന് ഒരു പവന്റെ വില. ഗ്രാമിന് 14255 രൂപയും. വെള്ളിയുടെ വില ഗ്രാമിന് 250 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. അതേസമയം, 18 കാരറ്റ് സ്വര്‍ണം പവന് 93680 രൂപയാണ് ഇന്നത്തെ വില. 14 കാരറ്റിന് 72960 രൂപ, 9 കാരറ്റിന് 47040 രൂപ എന്നിങ്ങനെയാണ് വില.

വില കൂടിയ സാഹചര്യത്തില്‍ സ്വര്‍ണവിപണിയിലെ ട്രെന്‍ഡ് മാറിയിട്ടുണ്ട്. പഴയ സ്വര്‍ണം മാറ്റിവാങ്ങുകയാണ് പലരും ചെയ്യുന്നത്. വിവാഹ ആവശ്യത്തിന് പോലും നേരത്തെ വാങ്ങിവെച്ച സ്വര്‍ണം ഉപയോഗിക്കുന്നു, അല്ലെങ്കില്‍ വളരെ പഴയ സ്വര്‍ണം മാറ്റിവാങ്ങുന്നു. നേരിയ അളവില്‍ മാത്രമാണ് പുതിയ സ്വര്‍ണം വാങ്ങുന്നത്. അതേസമയം, താഴ്ന്ന കാരറ്റിലുള്ള ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ വാങ്ങുകയാണ് മറ്റു ചിലര്‍.

ആഗോള വിപണിയിലെ സ്വര്‍ണവില മാത്രം നോക്കിയല്ല കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്. ആഗോള വിപണിയിലെ സ്വര്‍ണവില, മുംബൈ വിപണിയിലെ സ്വര്‍ണവില, ഡോളര്‍-രൂപ വിനിമയ നിരക്ക് എന്നിവയെല്ലാം ഒത്തുനോക്കിയാണ് ജ്വല്ലറി വ്യാപാരികളുടെ സംഘടന ഓരോ ദിവസവും വില നിശ്ചയിക്കുന്നത്. ഡോളറിന്റെ മൂല്യ വ്യത്യാസം അമേരിക്കയിലെ പണപ്പെരുപ്പത്തെയും ആഗോള സാമ്പത്തിക സാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കും. അതായത്, വിവിധ ഘടകങ്ങള്‍ സ്വര്‍ണവിവയെ സ്വാധീനിക്കുന്നുണ്ട്.

ഡോളര്‍ സൂചിക ഇന്ന് 98.73 എന്ന നിരക്കിലാണ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം 95.26 ആണ്. ക്രൂഡ് ഓയില്‍ വില ബാരലിന് 101 ഡോളറായി. ആഗോള വിപണിയിലെ സ്വര്‍ണവില ഔണ്‍സിന് 4408 ഡോളറിലെത്തി. കേരളത്തില്‍ ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് ഇന്ന് 1.23 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കാം.



Source link

Leave a Reply

Your email address will not be published. Required fields are marked *