Headlines

സായ് പല്ലവിക്കും രവി ദുബെയ്ക്കുമൊപ്പം റാഹയും ക്യാമറയ്ക്ക് മുന്നിൽ; രാമായണ സെറ്റിലെ രസകരമായ അനുഭവം പങ്കുവെച്ച് രൺബീർ | സിനിമാ വാർത്ത


Last Updated:

ചിത്രത്തിന്റെ ഭാഗമായതിനെക്കുറിച്ചും മകൾ റാഹയ്ക്ക് രാമായണത്തോടുള്ള താൽപ്പര്യത്തെക്കുറിച്ചും മനസ്സുതുറന്ന് നായകൻ രൺബീർ കപൂർ

'അവൾ ആദ്യമായി വെള്ളിത്തിരയിൽ കാണുന്ന കഥ ഇതായിരിക്കുമെന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്'
‘അവൾ ആദ്യമായി വെള്ളിത്തിരയിൽ കാണുന്ന കഥ ഇതായിരിക്കുമെന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്’

വൻ പ്രതീക്ഷയോടെ ഒരുങ്ങുന്ന ‘രാമായണ’ (Ramayana) സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ പ്രചാരണ പരിപാടികൾ അണിയറപ്രവർത്തകർ ഇതിനോടകം സജീവമാക്കിയിട്ടുണ്ട്. നിതേഷ് തിവാരിയുടെ സംവിധാനത്തിൽ രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രം ഇന്ത്യൻ ഇതിഹാസമായ രാമായണത്തെ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനിടെ, ചിത്രത്തിന്റെ ഭാഗമായതിനെക്കുറിച്ചും മകൾ റാഹയ്ക്ക് രാമായണത്തോടുള്ള താൽപ്പര്യത്തെക്കുറിച്ചും മനസ്സുതുറന്നിരിക്കുകയാണ് നായകൻ രൺബീർ കപൂർ (Ranbir Kapoor).

‘രാമായണ’ സെറ്റിൽ സായ് പല്ലവിക്കൊപ്പം അഭിനയിച്ച് റാഹ

ബിബിസി ന്യൂസ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മകൾ റാഹ കപൂറിന് രാമായണത്തോടുള്ള താൽപ്പര്യത്തെക്കുറിച്ച് രൺബീർ കപൂർ വെളിപ്പെടുത്തിയത്. രാമായണകഥകൾ കേൾക്കാൻ മകൾക്ക് ഏറെ ഇഷ്ടമാണെന്നും താനും ഭാര്യ ആലിയ ഭട്ടും പതിവായി അവൾക്ക് കഥകൾ പറഞ്ഞുകൊടുക്കാറുണ്ടെന്നും താരം പറഞ്ഞു.

ചിത്രീകരണത്തിനിടെ റാഹ പലതവണ സെറ്റിലെത്തിയിട്ടുണ്ടെന്നും സീതയായി വേഷമിടുന്ന സായ് പല്ലവിക്കും ലക്ഷ്മണനായി എത്തുന്ന രവി ദുബെയ്ക്കുമൊപ്പം ഒരു രംഗത്തിൽ അഭിനയിച്ചിട്ടുണ്ടെന്നും രൺബീർ വെളിപ്പെടുത്തി.

“റാഹയ്ക്ക് രാമായണകഥയോട് വലിയ താൽപ്പര്യമാണ്. ഞാനും ആലിയയും അവൾക്ക് പതിവായി കഥകൾ പറഞ്ഞുകൊടുക്കാറുണ്ട്. ചിത്രീകരണത്തിനായി പലതവണ അവൾ സെറ്റിലെത്തിയിട്ടുണ്ട്. സായ് പല്ലവിക്കും ലക്ഷ്മണനായി അഭിനയിക്കുന്ന രവി ദുബെയ്ക്കുമൊപ്പം ഒരു രംഗത്തിൽ അവളും അഭിനയിച്ചു. അങ്ങനെ അവളും ഈ യാത്രയുടെ ഭാഗമായി. അവൾ ആദ്യമായി വെള്ളിത്തിരയിൽ കാണുന്ന കഥ ഇതായിരിക്കുമെന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. അവൾ ഈ ചിത്രം കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,” രൺബീർ പറഞ്ഞു.

പിതാവായതിന് പിന്നാലെ ശ്രീരാമനാകാൻ അവസരം ലഭിച്ചത് ഭാഗ്യം

പിതാവായ അതേ കാലഘട്ടത്തിലാണ് ശ്രീരാമനായി വേഷമിടാനുള്ള അവസരം ലഭിച്ചതെന്ന് അഭിമുഖത്തിനിടെ അവതാരകൻ ചൂണ്ടിക്കാട്ടി. അച്ഛനായതോടെ രാമായണകഥയെയും ശ്രീരാമന്റെ കഥാപാത്രത്തെയും സമീപിക്കുന്നതിൽ മാറ്റമുണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനും രൺബീർ മറുപടി നൽകി.

ഒരു നല്ല മനുഷ്യനാകണമെന്ന ആഗ്രഹമാണ് ഈ കഥാപാത്രത്തെ സമീപിക്കുന്നതിൽ തന്നെ നയിക്കുന്നതെന്ന് താരം പറഞ്ഞു. ജീവിതത്തിൽ പിതൃത്വം ഏറ്റെടുത്ത നിർണായക ഘട്ടത്തിൽത്തന്നെ ശ്രീരാമന്റെ വേഷം ലഭിച്ചത് ഏറെ സവിശേഷമായ അനുഭവമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വൻ താരനിരയുമായി ‘രാമായണം: ഭാഗം 1’

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാണം നമിത് മൽഹോത്രയാണ്. ശ്രീരാമനായി രൺബീർ കപൂർ എത്തുമ്പോൾ സീതയായി സായ് പല്ലവിയും രാവണനായി യാഷും വേഷമിടുന്നു. ലക്ഷ്മണനായി രവി ദുബെയും ഹനുമാനായി സണ്ണി ഡിയോളും അണിനിരക്കുന്നു.

അരുൺ ഗോവിൽ ദശരഥ മഹാരാജാവായും ലാറ ദത്ത കൈകേയിയായും ഇന്ദിര കൃഷ്ണൻ കൗസല്യയായും വേഷമിടുന്നു. രാകുൽ പ്രീത് സിങ് ശൂർപ്പണഖയായും കാജൽ അഗർവാൾ മണ്ഡോദരിയായും ചിത്രത്തിലെത്തുന്നു.

രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാഗം 2026 നവംബർ 5-ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. രണ്ടാംഭാഗം 2027-ലെ ദീപാവലി റിലീസായാണ് പ്രഖ്യാപിച്ചിരിക്കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *