Headlines

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒറ്റപ്പെട്ട ശക്തമായ മഴ പെയ്തേക്കും, 7 ജില്ലകളിൽ യെല്ലോ അലർട്ട് | Change In Rain Warning For The State; Isolated Heavy Rainfall Likely, Yellow Alert Issued For 7 Districts


Kerala

oi-Nidhin Illikkambath

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിന്റെ ഭാഗമായി ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ മുതല്‍ മഴ കുറയുമെന്നാണ് സൂചന. നേരത്തെ വടക്കൻ ജില്ലകളിൽ മാത്രമായിരുന്നു മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നത്.

അതാണ് പുതുക്കി ഏഴ് ജില്ലകളിലേക്ക് ആക്കിയിരിക്കുന്നത്. എന്നാൽ നാളെ മുതല്‍ ഒരു ജില്ലയിലും ശക്തമായ മഴ മുന്നറിയിപ്പ് ഇല്ല എന്നതാണ് ആശ്വാസം. നാളെ മുതല്‍ വ്യാഴാഴ്‌ച വരെ നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത മഴ കണക്കിലെടുക്കുമ്പോൾ ഇത് ആശ്വാസ വാർത്തയാണ്.

rain

ഒറ്റപ്പെട്ട കനത്ത മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ഒഡിഷക്കും മുകളിലായാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും (09/08/2026) നാളെയും (10/08/2026) മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ ഒന്നും തന്നെ നിലവിലില്ല. തുടർച്ചയായി ശക്തിയിൽ പെയ്‌ത മഴ പിൻവാങ്ങുന്നതിന്റെ സൂചനയാണ് ഇപ്പോൾ വന്നിരിക്കുന്ന മഴ മുന്നറിയിപ്പുകൾ.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

09/08/2026 : പത്തനംതിട്ട, കോട്ടയം, ഇടുക്കി,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കള്ളക്കടൽ ജാഗ്രത നിർദ്ദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിലെ തീരങ്ങളിൽ 10/08/2026 വൈകുന്നേരം 05.30 വരെ 1.2 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 10/08/2026 ഉച്ചയ്ക്ക് 02.30 വരെ കന്യാകുമാരി തീരത്ത് 1.7 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കൂടാതെ കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *