Headlines

വിദ്യാർത്ഥിനിയുടെ അച്ഛന്റെ തല തല്ലിത്തകർത്തെന്ന് സ്വതന്ത്ര ഭരദ്വാജ്, അറസ്റ്റ് ആവശ്യപ്പെട്ട് സിജെപി പ്രതിഷേധം| Swatantra Bharadwaj claims he thrashed the student’s father’s head during NEET protest, CJP demands arrest.


India

oi-Sajitha Gopie

ന്യൂ ഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരത്തിനിടെ വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ തല തല്ലിത്തകര്‍ത്തുവെന്നും എന്നാല്‍ ബിജെപി നേതാക്കളുമായുളള അടുത്ത ബന്ധം കാരണം ജയിലില്‍ പോയില്ല എന്നുമുളള തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകന്‍ സ്വതന്ത്ര ഭരദ്വാജിന്റെ തുറന്ന് പറച്ചിലിനെതിരെ വന്‍ പ്രതിഷേധം. നീറ്റ് സമരത്തില്‍ പങ്കെടുത്ത നിഷു ആസാദിന്റെ അച്ഛനായ സഞ്ജയ് കുമാര്‍ ആണ് ആക്രമിക്കപ്പെട്ടത്.

സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്യണമെന്നും എഫ്‌ഐആറില്‍ വധശ്രമം അടക്കമുളള വകുപ്പുകള്‍ ചേര്‍ക്കണം എന്നും ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കള്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. സിജെപി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരുടെ നേതൃത്വത്തിലാണ് സിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

പട്ടേല്‍ ചൗക്കില്‍ നിന്ന് മാര്‍ച്ചായി എത്തിയ സിജെപി പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. വധശ്രമത്തിനുളള വകുപ്പിനൊപ്പം എസ് സി, എസ് ടി വകുപ്പും ഉള്‍പ്പെടുത്തണമെന്ന് സിജെപി ആവശ്യപ്പെടുന്നു. എന്നാല്‍ യാതൊരു നടപടിയും എടുക്കാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. കോടതിയില്‍ പോയി ഉത്തരവുമായി വരാനാണ് ഡല്‍ഹി പോലീസ് പറയുന്നതെന്ന് സൗരവ് ദാസ് പ്രതികരിച്ചു.

Swatantra Bharadwaj

അതേസമയം സഞ്ജയ് കുമാറിന്റെ തലയ്ക്ക് നിസ്സാര പരിക്ക് മാത്രമേ ഉളളൂ എന്നും അദ്ദേഹത്തിന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും എന്നുമാണ് ഡല്‍ഹി പോലീസിന്റെ വാദം. അതിനിടെ വൈറലായ വീഡിയോ വ്യാജമാണെന്നും തന്നെ സിജെപി സമരക്കാര്‍ ആക്രമിച്ചപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത് എന്നും ന്യായീകരിച്ച് സ്വതന്ത്ര ഭരദ്വാജും രംഗത്ത് വന്നി്ട്ടുണ്ട്.

ഒരു പോഡ്കാസ്റ്റിലാണ് സ്വതന്ത്ര ഭരദ്വാജ് ഞെട്ടിക്കുന്ന തുറന്ന് പറച്ചില്‍ നടത്തിയത്. നിഷുവിന്റെ അച്ഛന്റെ തലയോട്ടി താന്‍ അടിച്ച് തകര്‍ത്തുവെന്നും അയാള്‍ക്ക് 60 സ്റ്റിച്ചോളം വേണ്ടി വന്നുവെന്നും ഇയാള്‍ പറയുന്നു. അത് വധശ്രമത്തിനുളള 307 വകുപ്പില്‍ പെടും. ആംബുലന്‍സില്‍ അയാള്‍ മരിക്കാറായി കിടക്കുകയായിരുന്നു. പക്ഷേ ഞാന്‍ ജയിലിലൊന്നും പോയില്ല.. അക്കാര്യം ലോകം അറിയണം. അന്ന് രാത്രി ഞാന്‍ പുറത്ത് ചുറ്റി നടക്കുകയായിരുന്നു.

ബിജെപി നേതാവായ കപില്‍ മിശ്ര വിളിച്ച് പറഞ്ഞതിനെ തുടര്‍ന്ന് തന്നെ ഡല്‍ഹി പോലീസ് വിട്ടയച്ചുവെന്നും ചിരാഗ് പാസ്വാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തനിക്ക് മൂത്ത സഹോദരങ്ങളെ പോലെയാണ് എന്നും സ്വതന്ത്ര ഭരദ്വാജ് വീഡിയോയില്‍ അവകാശപ്പെടുന്നു. മാത്രമല്ല സിജെപി പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഉപയോഗിച്ച ലാത്തിയും താന്‍ ധരിച്ച ഷൂസും ഡല്‍ഹി പോലീസിന്റേതാണെന്നും ഒരു പരീക്ഷയും എഴുതാതെ തന്നെ താന്‍ ഡല്‍ഹി പോലീസിന്റെ ഭാഗമാണ് എന്നും ഇയാള്‍ പോഡ്കാസ്റ്റില്‍ അവകാശപ്പെടുന്നുണ്ട്.

ഈ വീഡിയോ വൈറലായതോടെ ഡല്‍ഹി പോലീസിനും ബിജെപിക്കും എതിരെ രൂക്ഷമായ വിമര്‍ശനം ആണ് ഉയരുന്നത്. നിയമത്തെ ഭയമില്ലാത്ത ഇത്തരം ആളുകള്‍ പുറത്തല്ല ജയിലിന് അകത്താണ് വേണ്ടത് എന്ന് നിഷു ആസാദ് പ്രതികരിച്ചു. മാത്രമല്ല നീതി ലഭിക്കാന്‍ രാഹുല്‍ ഗാന്ധി അടക്കമുളളവരുടെ സഹായവും നിഷു അഭ്യര്‍ത്ഥിച്ചു. അതിന് പിന്നാലെ താന്‍ ഒപ്പമുണ്ടെന്നും ഈ പോരാട്ടത്തില്‍ നിഷു തനിച്ച് അല്ലെന്നും പ്രതികരിച്ച് രാഹുല്‍ ഗാന്ധിയും രംഗത്ത് എത്തി.



Source link

Leave a Reply

Your email address will not be published. Required fields are marked *