Headlines

ബിജെപി ഇതര സംസ്ഥാനങ്ങളിൽ അടിസ്ഥാനസൗകര്യ നിക്ഷേപം ശക്തമാക്കി അദാനി ഗ്രൂപ്പ്; 5 ലക്ഷം കോടിയുടെ പദ്ധതികൾ | Adani Group Ramps Up Infrastructure Investment In Non BJP States Projects Worth Rs 5 Lakh Crore


Partner Content

oi-Nidhin Illikkambath

റോഡുകൾ, തുറമുഖങ്ങൾ, വൈദ്യുതി, പുനരുപയോഗ ഊർജം, ഡാറ്റാ സെന്ററുകൾ, സിമന്റ് തുടങ്ങിയ മേഖലകളിലായി കോൺഗ്രസ് നേതൃത്വത്തിലുള്ളതും മറ്റ് ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്നതുമായ സംസ്ഥാനങ്ങളിൽ അദാനി ഗ്രൂപ്പ് അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നു. രാജ്യത്തുടനീളം വലിയ തോതിലുള്ള പദ്ധതികൾക്കായി സ്വകാര്യ മൂലധനം പ്രയോജനപ്പെടുത്തി വികസനവും തൊഴിൽസൃഷ്‌ടിയും ലക്ഷ്യമിടുന്ന സമീപനമാണ് ഗ്രൂപ്പ് സ്വീകരിക്കുന്നത്.

കോൺഗ്രസ് നേതൃത്വത്തിലുള്ളതും മറ്റ് ബിജെപി ഇതര സർക്കാരുകളുള്ളതുമായ സംസ്ഥാനങ്ങളിൽ അദാനി ഗ്രൂപ്പിന്റെ സാന്നിധ്യം കൂടുതൽ ശക്തമാകുകയാണ്. റോഡുകൾ, തുറമുഖങ്ങൾ, വൈദ്യുതി, പുനരുപയോഗ ഊർജം, സിമന്റ്, ഡാറ്റാ സെന്ററുകൾ തുടങ്ങിയ മേഖലകളിലായി ഏകദേശം 5 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതികളാണ് ഗ്രൂപ്പിനുള്ളത്. അടിസ്ഥാനസൗകര്യ വികസനത്തിനും തൊഴിൽസൃഷ്‌ടിക്കും സംസ്ഥാന സർക്കാരുകൾ കൂടുതൽ സ്വകാര്യ മൂലധനത്തെ ആശ്രയിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

adani

തുറമുഖം മുതൽ ഊർജ മേഖല വരെ വ്യാപിച്ചുകിടക്കുന്ന അദാനി ഗ്രൂപ്പ് ഒരുകാലത്ത് ബിജെപിയുമായി അടുത്ത ബന്ധമുള്ള വ്യവസായ ഗ്രൂപ്പായി വിലയിരുത്തപ്പെട്ടിരുന്നുവെങ്കിലും, നിലവിലെ പദ്ധതികൾ രാഷ്ട്രീയ അതിരുകൾ മറികടക്കുന്നതാണ്. കർണാടക, തെലങ്കാന, കേരളം, തമിഴ്‌നാട്, ബിഹാർ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ അദാനി ഗ്രൂപ്പിന്റെ നിക്ഷേപം തേടുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.

കർണാടക: ബെംഗളൂരുവിൽ നിർദേശിച്ചിരിക്കുന്ന 16.75 കിലോമീറ്റർ വടക്ക്-തെക്ക് തുരങ്ക റോഡിന്റെ രണ്ട് പാക്കേജുകളുടെയും ഏറ്റവും കുറഞ്ഞ ടെൻഡർ തുക രേഖപ്പെടുത്തിയത് അദാനി എന്റർപ്രൈസസാണ്. ഹെബ്ബാളിനെയും സെൻട്രൽ സിൽക്ക് ബോർഡിനെയും ബന്ധിപ്പിക്കുന്ന പദ്ധതിക്കായി 22,267 കോടി രൂപയാണ് അദാനി എന്റർപ്രൈസസ് ക്വോട്ട് ചെയ്‌തത്. അടുത്ത ഏറ്റവും കുറഞ്ഞ ടെൻഡർ തുകയേക്കാൾ ഏകദേശം 3500 കോടി രൂപ കുറവാണിത്. എന്നാൽ കരാർ ഇതുവരെ അന്തിമമാക്കിയിട്ടില്ല.

ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയിൽ ഔദ്യോഗിക കണക്കുകളേക്കാൾ ടെൻഡർ തുക ഉയർന്നതിനെ തുടർന്ന്, വലിയ സ്വകാര്യ അടിസ്ഥാനസൗകര്യ പദ്ധതിക്ക് സംസ്ഥാന സർക്കാർ പിന്തുണ നൽകുമോയെന്നത് രാഷ്ട്രീയമായി നിർണായകമായ വിഷയമായി മാറിയിട്ടുണ്ട്. ടെൻഡർ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ മാസം അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. സംസ്ഥാനത്ത് അദാനി ഗ്രൂപ്പ് ഇതിനകം 1,200 മെഗാവാട്ട് ശേഷിയുള്ള ഉഡുപ്പി പവർ പ്ലാന്റും മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളവും നടത്തിവരുന്നുണ്ട്.

കേരളം: അദാനി പോർട്‌സ്‌ ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ നിർമിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, നേരത്തെ എൽഡിഎഫ് സർക്കാർ ആരംഭിക്കുകയും പിന്നീട് നിലവിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്‌ത്‌ പദ്ധതിയാണ്. ജനുവരിയിൽ തുറമുഖത്തിന്റെ രണ്ടാം ഘട്ടത്തിനായി 16,000 കോടി രൂപയുടെ അധിക നിക്ഷേപം അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചു. ഇതോടെ പദ്ധതിയിലെ ആകെ നിക്ഷേപം ഏകദേശം 30,000 കോടി രൂപയായി.

അദാനി ഗ്രൂപ്പ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും നടത്തുന്നത് എല്ലാവർക്കും അറിയുന്ന കാര്യമായിരിക്കും. കൂടാതെ കൊച്ചിയിലെ കളമശേരിയിൽ 2025ൽ 600 കോടി രൂപ ചെലവിൽ 70 ഏക്കർ വിസ്‌തൃതിയിലുള്ള ലോജിസ്‌റ്റിക്‌സ് പാർക്കിന്റെ നിർമാണവും ആരംഭിച്ചു. ഈ പദ്ധതിയിലൂടെ 1,500ലധികം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷ.

തെലങ്കാന: 2024 ജനുവരിയിൽ കോൺഗ്രസ് സർക്കാർ അദാനി ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളുമായി 12,400 കോടി രൂപയുടെ നാല് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. ഡാറ്റാ സെന്ററുകൾ, ഊർജ സംഭരണം, പ്രതിരോധ ഉൽപ്പാദനം തുടങ്ങിയ മേഖലകളിലാണ് ധാരണാപത്രങ്ങൾ.

തമിഴ്‌നാട്: നേരത്തെ ഡിഎംകെയും നിലവിൽ ടിവികെയും നേതൃത്വം നൽകുന്ന തമിഴ്നാട്ടിൽ 2024 മുതൽ 42,700 കോടി രൂപയിലധികം മൂല്യമുള്ള ധാരണാപത്രങ്ങൾ അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ചിട്ടുണ്ട്.
ഇതിൽ 24,500 കോടി രൂപയുടെ മൂന്ന് പമ്പ്ഡ്-സ്റ്റോറേജ് പദ്ധതികളും, 13,200 കോടി രൂപയുടെ ഹൈപ്പർസ്കെയിൽ ഡാറ്റാ സെന്ററും, 3,500 കോടി രൂപയുടെ സിമന്റ് ഗ്രൈൻഡിംഗ് യൂണിറ്റുകളും ഉൾപ്പെടുന്നു. ഇതിന് പുറമെ, 2,511 കോടി രൂപയുടെ ടെൻഡർ തുകയിലൂടെ ചെന്നൈ ഔട്ടർ റിംഗ് റോഡിന്റെ ഓപ്പറേഷൻസ്, മെയിന്റനൻസ്, ടോളിംഗ് കൺസഷനും അദാനി എന്റർപ്രൈസസ് സ്വന്തമാക്കി.

ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, ബിഹാർ: ഹിമാചൽ പ്രദേശിൽ ആപ്പിൾ കർഷകരെ പഴവർഗങ്ങളുടെ വിതരണ ശൃംഖല വികസിപ്പിക്കുന്നതിന് അദാനി ഗ്രൂപ്പ് സഹായിക്കുന്നുണ്ട്. സംസ്ഥാനത്തെ നിലവിലുള്ള സിമന്റ് പ്രവർത്തനങ്ങൾക്കൊപ്പം ഈ മേഖലയിലും ഗ്രൂപ്പ് സജീവമാണ്.

ജാർഖണ്ഡിൽ 1,600 മെഗാവാട്ട് ശേഷിയുള്ള ഗൊഡ്ഡ പവർ പ്ലാന്റ് അദാനി ഗ്രൂപ്പ് പ്രവർത്തിപ്പിക്കുന്നു. 16,000 കോടി രൂപയിലധികം ചെലവിലാണ് പ്ലാന്റ് നിർമിച്ചത്. ഫെബ്രുവരിയിൽ ഗൗതം അദാനി ജാർഖണ്ഡിലെയും ബിഹാറിലെയും വിവിധ പദ്ധതികൾ വിലയിരുത്തിയിരുന്നു. ഇരു സംസ്ഥാനങ്ങളിലുമായി 40,000 കോടി രൂപയിലധികം നിക്ഷേപം നടത്താനുള്ള സാധ്യത ഗ്രൂപ്പ് പരിശോധിച്ചിരുന്നു.

ബിഹാറിൽ അടുത്ത മൂന്ന് മുതൽ നാല് വർഷത്തിനുള്ളിൽ 50,000 മുതൽ 60,000 കോടി രൂപ വരെ നിക്ഷേപിക്കാനുള്ള പദ്ധതി അദാനി ഗ്രൂപ്പ് മേയിൽ പ്രഖ്യാപിച്ചു. വൈദ്യുതി, റോഡുകൾ, ഗ്യാസ് വിതരണം, സിമന്റ്, അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയ മേഖലകളിലാണ് നിക്ഷേപം. ഇതിൽ ഭാഗൽപൂരിലെ പിർപൈന്തിയിൽ 27,000 കോടി രൂപ ചെലവിൽ 2,400 മെഗാവാട്ട് ശേഷിയുള്ള താപവൈദ്യുത നിലയവും ഉൾപ്പെടുന്നു.

ആന്ധ്രാപ്രദേശ്: അദാനി ഗ്രൂപ്പിന് ഏറ്റവും വലിയ അവസരമാണ് ആന്ധ്രാപ്രദേശ് നൽകുന്നത്. എന്നാൽ ഇവിടെ പറയുന്ന വലിയ നിക്ഷേപ കണക്കുകൾ പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്. 2026 മുതൽ 2030 വരെ വിശാഖപട്ടണത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹബ് സ്ഥാപിക്കുന്നതിനായി ഗൂഗിൾ ഏകദേശം 15 ബില്യൺ ഡോളർ നിക്ഷേപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഗിഗാവാട്ട് ശേഷിയിലുള്ള ഡാറ്റാ സെന്ററുകളും കടലിനടിയിലൂടെയുള്ള കണക്റ്റിവിറ്റിയും ഉൾപ്പെടുന്നതാണ് പദ്ധതി. അദാനികോണെക്‌സും എയർടെലും അടിസ്ഥാനസൗകര്യ പങ്കാളികളാണ്. 2026 ഏപ്രിലിൽ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു.

ഇതിന് പുറമെ ഇന്ത്യയുടെ കിഴക്കൻ തീരത്തെ ഏറ്റവും വലിയ തുറമുഖമായ കൃഷ്‌ണപട്ടണം തുറമുഖവും അദാനി ഗ്രൂപ്പ് നടത്തുന്നു. സംസ്ഥാനത്ത് പുനരുപയോഗ ഊർജ, വൈദ്യുതി പ്രസരണ പദ്ധതികൾക്കായി 20,000 കോടി രൂപയിലധികം നിക്ഷേപിക്കാനും ഗ്രൂപ്പ് ഒരുങ്ങുന്നു.

രാഷ്ട്രീയത്തിനപ്പുറത്തേക്കുള്ള നിക്ഷേപ മാതൃക

വലിയതും സങ്കീർണവുമായ അടിസ്ഥാനസൗകര്യ പദ്ധതികൾ നടപ്പാക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശേഷിയാണ് നിരവധി സംസ്ഥാനങ്ങളുടെ വികസന പദ്ധതികളിൽ ഗ്രൂപ്പിന് പ്രധാന സ്ഥാനം ലഭിക്കാൻ കാരണമെന്ന് അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. വലിയ പദ്ധതികളിൽ സമാനമായ താൽപര്യം പ്രകടിപ്പിക്കുന്ന വൻകിട കമ്പനികളുടെ എണ്ണം കുറവായ സാഹചര്യത്തിൽ, അദാനി ഗ്രൂപ്പിനെ പങ്കാളിയാക്കാൻ കോൺഗ്രസ് നേതൃത്വത്തിലുള്ളതും പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്നതുമായ സംസ്ഥാന സർക്കാരുകൾ കൂടുതൽ തയ്യാറാകുകയാണെന്നും വൃത്തങ്ങൾ പറയുന്നു.

വലിയ തോതിലുള്ള നിക്ഷേപം നടത്താനും പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാനും കഴിയുന്ന പങ്കാളികളെ സംസ്ഥാന സർക്കാരുകൾ പ്രായോഗികമായി തേടുന്നതിന്റെ ഭാഗമായാണ് ഈ സമീപനം വിലയിരുത്തപ്പെടുന്നത്. ഇതോടെ ഇന്ത്യയിലെ രാഷ്ട്രീയ വിഭജനങ്ങൾക്കപ്പുറത്തേക്ക് അദാനി ഗ്രൂപ്പിന്റെ ബിസിനസ് സാന്നിധ്യം കൂടുതൽ വ്യാപിക്കുന്നതായാണ് വിലയിരുത്തൽ.



Source link

Leave a Reply

Your email address will not be published. Required fields are marked *