Headlines

വിഖ്യാത ചലച്ചിത്ര സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു | സിനിമാ വാർത്ത


Last Updated:

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിത്സയിലായിരിക്കെയായിരുന്നു ശനിയാഴ്ച അന്ത്യം

News18
News18

കഥപറച്ചിലിലും സാങ്കേതികവിദ്യയിലും നിരന്തരം പരീക്ഷണങ്ങൾ നടത്തി ഇന്ത്യൻ സിനിമയിൽ ചരിത്രം കുറിച്ച വിഖ്യാത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു (94) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിത്സയിലായിരിക്കെയായിരുന്നു ശനിയാഴ്ച അന്ത്യം.

ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിലെ അവിസ്മരണീയ അധ്യായമാണ് ‘മായാബസാർ’ എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് യുഗം മുതൽ 2026-ലെ ‘സിംഗ് ഗീതം’ വരെയുള്ള അദ്ദേഹത്തിന്റെ സിനിമായാത്ര.ആറ് പതിറ്റാണ്ടിലേറെ നീണ്ട ചലച്ചിത്ര ജീവിതത്തിൽ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി 60-ലധികം ചിത്രങ്ങൾ സംവിധാനം ചെയ്തു.

കമലഹാസൻ അപൂർവമായ ഒരു വേഷം ചെയ്ത അപൂർവ സഹോദർകൾ, നാലു വേഷങ്ങൾ ചെയ്ത മൈക്കിൾ മദന കാമരാജൻ, സംഭാഷണങ്ങളില്ലാതെ സൂപ്പർ ഹിറ്റായ പുഷ്പക് (പുഷ്പക വിമാനം 1987)നർത്തകി സുധാ ചന്ദ്രന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘മയൂരി’ (1985) ഇന്ത്യയിലെ ആദ്യത്തെ പ്രധാന ടൈം-ട്രാവൽ സയൻസ് ഫിക്ഷൻ ചിത്രമായ ‘ആദിത്യ 369’ (1991) എന്നിവ ഇദ്ദേഹത്തിന്റെ മാസ്റ്റർപീസുകളായി കരുതപ്പെടുന്നു.

ലെജൻഡറി സംവിധായകൻ കെ.വി. റെഡ്ഡിയുടെ ‘മായാബസാർ’ എന്ന ക്ലാസിക് ചിത്രത്തിൽ സഹസംവിധായകനായാണ് സിംഗീതം ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് സ്വതന്ത്ര സംവിധായകനായി മാറി നിരവധി എവർഗ്രീൻ ചിത്രങ്ങൾ സമ്മാനിച്ചു. ആധുനിക ഗ്രാഫിക്‌സുകളോ സിജിഐ സാങ്കേതികവിദ്യയോ ഇല്ലാതിരുന്ന കാലത്ത് കേവലം കഥപറച്ചിലിന്റെ മികവുകൊണ്ട് മാത്രം ദൃശ്യവിസ്മയങ്ങൾ തീർക്കാൻ ഇദ്ദേഹത്തിന് സാധിച്ചു. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ , അഞ്ച് നന്ദി അവാർഡുകൾ , മൂന്ന് കർണാടക സംസ്ഥാന ചലച്ചിത്ര അവാർഡുകൾ , മൂന്ന് ഫിലിംഫെയർ അവാർഡുകൾ സൗത്ത് എന്നിവയുൾപ്പെടെ തന്റെ കരിയറിൽ ഉടനീളം നിരവധി അംഗീകാരങ്ങൾ അദ്ദേഹം നേടി . 2011 ൽ, ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ അദ്ദേഹത്തെ ലൈഫ് അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു .

ലക്ഷ്മി കല്യാണിയാണ് സിംഗീതം ശ്രീനിവാസ റാവുവിന്റെ ഭാര്യ.1960-ൽ ഇവർ വിവാഹിതരായി. സിനിമകളുടെ തിരക്കഥ രചനയിൽ സിംഗീതത്തിന് വലിയ പിന്തുണ നൽകിയിരുന്നത് ലക്ഷ്മി കല്യാണിയായിരുന്നു. ഇവരെക്കുറിച്ചുള്ള ‘ശ്രീകല്യാണിയം’ എന്ന പുസ്തകം സിംഗീതം ശ്രീനിവാസ റാവു എഴുതിയിട്ടുണ്ട്. 2022 മെയ് 28-ന് ലക്ഷ്മി കല്യാണി അന്തരിച്ചു. ഇരുവരുടെയും മകൾ സുധാ കാർത്തിക്. ലക്ഷ്മി കല്യാണി തെലുങ്കിൽ എഴുതിയ ‘ശ്രീകല്യാണിയം’ എന്ന പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് മകളായ സുധാ കാർത്തിക് ആണ്.

94-ാം വയസ്സിലും ഇദ്ദേഹം സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു. നാഗ് അശ്വിൻ വൈജയന്തി മൂവീസിന്റെ ബാനറിൽ നിർമ്മിച്ച് ഇക്കൊല്ലം പുറത്തിറങ്ങിയ ‘സിംഗ് ഗീതം’ എന്ന മ്യൂസിക്കൽ ഫാന്റസി ചിത്രമാണ് ഇദ്ദേഹം അവസാനമായി സംവിധാനം ചെയ്തത്. വെറും 77 ദിവസത്തെ ചിത്രീകരണത്തിലൂടെ പൂർത്തിയാക്കിയ ചിത്രം വലിയ നിരൂപക പ്രശംസ നേടിയിരുന്നു.

സിംഗീതം ശ്രീനിവാസ റാവുവിന്റെ നിര്യാണത്തിൽ സാംസ്കാരിക-രാഷ്ട്രീയ-ചലച്ചിത്ര രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. ഇദ്ദേഹത്തിന്റെ പരീക്ഷണ ചിത്രങ്ങൾ തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്ന് നടൻ ജൂനിയർ എൻ.ടി.ആർ അനുസ്മരിച്ചു.



Source link

Leave a Reply

Your email address will not be published. Required fields are marked *