Last Updated:
മലയാളം, കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങി എല്ലാ ദക്ഷിണേന്ത്യൻ സിനിമകളിലും വലിയ പ്രതിഭകളുണ്ടെന്നും അവരെ അഭിനന്ദിക്കേണ്ടതുണ്ടെന്നും ബോണി കപൂർ
ദക്ഷിണേന്ത്യൻ സിനിമയെയും അഭിനയ പ്രതിഭകളെയും പ്രശംസിച്ച് പ്രമുഖ ബോളിവുഡ് നിർമ്മാതാവ് ബോണി കപൂർ. മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലാണ് “നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച നടൻ” എന്ന് ബോണി കപൂർ വിശേഷിപ്പിച്ചു. ഒരു പ്രൊമോഷണൽ പരിപാടിയിൽ സംസാരിക്കവെയാണ് സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയെ ബോണി കപൂർ അഭിനന്ദിച്ചത്.
മലയാളം, കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങി എല്ലാ ദക്ഷിണേന്ത്യൻ സിനിമകളിലും വലിയ പ്രതിഭകളുണ്ടെന്നും അവരെ അഭിനന്ദിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ ഗ്ലാമർ സാധ്യതകൾ തെലുങ്ക് സിനിമയാണ് തങ്ങൾക്ക് കാണിച്ചുതന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഘവേന്ദ്ര റാവു തന്റെ പാട്ടുകളുടെ ചിത്രീകരണത്തിന് പേരുകേട്ടയാളാണെന്നും അതുപോലെ തമിഴ് സിനിമയിൽ സി.വി. ശ്രീധർ, ഭാരതിരാജ, ഭാഗ്യരാജ് തുടങ്ങിയ പ്രതിഭകൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു. തുടർന്ന് രാജ്യത്ത് ഇതുവരെയുള്ള നടൻമാരിൽ വെച്ച് ഏറ്റവും മികച്ച നടൻ മലയാളത്തിന്റെ മോഹൻലാൽ ആണെന്ന് ബോണി കപൂർ വ്യക്തമാക്കി. നമ്മുടെ രാജ്യത്ത് മോഹൻലാലിനേക്കാൾ മികച്ച മറ്റൊരു നടനില്ലെന്നും പല നല്ല നടന്മാരുണ്ടാകാമെങ്കിലും മോഹൻലാലിനേക്കാൾ മികച്ചവരായി ആരുമില്ലെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യൻ മേഖലയിലെ എല്ലാ ചലച്ചിത്ര മേഖലകളിലും അപാരമായ പ്രതിഭകളാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, ബോണി കപൂറിന്റെ നിർമ്മാണത്തിൽ ‘മോം 2’, ‘നോ എൻട്രി 2’ തുടങ്ങിയ പുതിയ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. മറുവശത്ത്, മോഹൻലാലിന്റേതായി ഈ വർഷം മെയ് 21-നാണ് ‘ദൃശ്യം 3’ തിയേറ്ററുകളിലെത്തിയത്. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മീരാ ജാസ്മിൻ ഒപ്പം അഭിനയിക്കുന്ന ‘അതിമനോഹരം’ (എൽ 366) ആണ് മോഹൻലാലിന്റെ അടുത്ത ചിത്രം. ഈ വർഷം ഡിസംബർ 24-ന് ചിത്രം തിയേറ്ററുകളിലെത്തും.
