Gulf
oi-Ashif N
അമേരിക്കന്‍ സൈന്യം നടത്തുന്ന ആക്രമണത്തിന് ഇറാന്റെ ശക്തമായ തിരിച്ചടി. ആറ് രാജ്യങ്ങളിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇന്ന് ഇറാന് ആക്രമണം നടത്തിയത്. ഇതില്‍ ജോര്‍ദാനിലാണ് ഏറ്റവും വലിയ നഷ്ടം അമേരിക്കന്‍ സൈന്യത്തിനുണ്ടായത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജോര്‍ദാനിലെ അമേരിക്കന്‍ സേനാ താവളത്തില്‍ നിരവധി വിമാനങ്ങള്‍ തകര്‍ത്തുവെന്ന് ഇറാന് പറയുന്നു.
അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍, യുദ്ധ വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍ എന്നിവ തകര്‍ത്തുവെന്നും സേനാ താവളത്തില്‍ വലിയ നാശനഷ്ടമുണ്ടാക്കി എന്നുമാണ് ഇറാന് സൈന്യം പ്രസ്താവനയില്‍ പറയുന്നത്. ജോര്‍ദാന്‍ പൗരന്മാര് അമേരിക്കയുടെ കേന്ദ്രങ്ങള്‍ ആക്രമിക്കണമെന്ന ആഹ്വാനവും ഇറാന് നടത്തി. അതേസമയം, സംഭവത്തില്‍ അമേരിക്കന്‍ സൈന്യം പ്രതികരിച്ചിട്ടില്ല.

മൂന്ന് ഇറാന് ഡ്രോണുകള്‍ വെടിവച്ചിട്ടു എന്ന് ജോര്‍ദാന്‍ സൈന്യം അറിയിച്ചതിന് പിന്നാലെയാണ് ഇറാന് സേനയുടെ പ്രസ്താവന വന്നത്. അമേരിക്കന്‍ സൈന്യം ഇറാനിലെ ജനവാസ മേഖലകള്‍ കൂടി ലക്ഷ്യമിടുന്നുണ്ട്. റെയില്‍വെ പാളങ്ങള്‍, പാലങ്ങള്‍ എന്നിവ അമേരിക്കയുടെ ആക്രമണത്തില്‍ തകര്‍ന്നു. ബാന്തര്‍ അബ്ബാസില്‍ അമേരിക്കയുടെ സേന ശക്തമായ ആക്രമണം നടത്തിയിട്ടുണ്ട്. ഏഴ് പേര് കൊല്ലപ്പെട്ടു എന്നാണ് വിവരം. ബാന്തര്‍ അബ്ബാസ് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചു.
സിറിയയിലേക്ക് കൂടി ആക്രമണം വ്യാപിച്ചു
ഈ സാഹചര്യത്തിലാണ് ഇറാന് തിരിച്ചടി വ്യാപിപ്പിച്ചത്. ഇന്ന് ആറ് രാജ്യങ്ങളിലാണ് ഇറാന്റെ മിസൈലുകളും ഡ്രോണുകളും വീണത്. ബഹ്റൈനിലെ സഖിര്‍ വ്യോമ താവളത്തില്‍ ഇറാന്റെ മിസൈല്‍ പതിച്ചു. അമേരിക്കന്‍ ഹെലികോപ്റ്ററുകള്‍ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണം. ഖത്തര്‍ സേന ഇറാന്റെ മിസൈല്‍ തടഞ്ഞു. ഈ വേളയില്‍ അവശിഷ്ടങ്ങള്‍ വീണ് ഒരു കുട്ടിക്ക് പരിക്കേറ്റെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ അമേരിക്കന്‍ സൈനിക ഉപകരണങ്ങളും വാഹനങ്ങളും ലക്ഷ്യമിട്ട് ഇറാന് മിസൈല്‍ തൊടുത്തുവിട്ടു. യുഎസ് മിസൈല്‍ പ്രതിരോധ റഡാര്‍ തകര്‍ത്തു എന്നാണ് ഇറാന് സേന പറയുന്നത്. നിരവധി ആയുധ പുരകളും ആക്രമിച്ചു. രണ്ട് റോക്കറ്റ് ലോഞ്ചറുകള്‍ തകര്‍ത്തുവെന്നും ഇറാന് പറയുന്നു. ഒരേ സമയം തന്നെ വിവിധ രാജ്യങ്ങളില്‍ ആക്രമണം നടത്തുകയാണ് ഇറാന്.
അതേസമയം, ഇറാന്റെ ആക്രമണം സിറിയയിലേക്ക് കൂടി വ്യാപിപ്പിച്ചു എന്നതാണ് മറ്റൊരു വിവരം. യുഎസ് സ്പെഷ്യല്‍ ഓപറേഷന് വിങ് ആണ് സിറിയയില്‍ ക്യാമ്പ് ചെയ്യുന്നത്. അല്‍ തന്‍ഫിലെ ഇവരുടെ സെന്റര്‍ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആക്രമണം എന്ന് തസ്നിം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഒമാനിലും ഹോര്‍മുസ് കടലിടുക്കിലും ഇറാന് ആക്രമണം നടത്തി. ഒമാനിലെ ഗാനിം മേഖലയില്‍ അമേരിക്കന്‍ നിരീക്ഷണ റഡാര്‍, കടല്‍ നിരീക്ഷണ സംവിധാനം എന്നിവ തകര്‍ത്തു എന്ന് ഇറാന് അറിയിച്ചു.