Headlines

മൂന്നാറിലെ സർക്കാർ യുപി സ്‌കൂൾ കണ്ട് അമ്പരന്ന് നോർത്ത് ഇന്ത്യൻ വിനോദ സഞ്ചാരി; കേരളത്തിന് പ്രശംസ | North Indian Tourist Amazed By Government UP School In Munnar; Praises Keralam, Video Goes Viral


India

oi-Nidhin Illikkambath

ഇടുക്കി: വിദ്യാഭ്യാസ മേഖലയിൽ കേരളം ഉണ്ടാക്കിയെടുത്ത മുന്നേറ്റം രാജ്യമൊട്ടാകെ അംഗീകരിക്കപ്പെട്ട മാതൃകയായി തുടരുകയാണ്. പതിറ്റാണ്ടുകളായി കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായവും സ്‌കൂളുകളുടെ സൗകര്യവും മെച്ചപ്പെട്ട നിലവാരവും ഒക്കെ ഇന്ത്യയുടെ ദേശീയ ശരാശരിയേക്കാൾ മേലെയാണ്. കേരള മോഡൽ എന്ന് പരക്കെ വിളിക്കപ്പെട്ടിരുന്ന ഈ കാര്യത്തിൽ ഇപ്പോഴിതാ പുതിയൊരു ഉദാഹരണം കൂടി വന്നെത്തിയിരിക്കുകയാണ്.

ഒരു നോർത്ത് ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരി കേരളത്തിലെ സർക്കാർ സ്‌കൂളുകളെ കുറിച്ച് പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. അടുത്തകാലത്തായി ദേശീയ തലത്തിൽ പ്രവർത്തനം വ്യാപിപ്പിച്ച യുവാക്കളുടെ സംഘടനയായ സിജെപി രാജ്യമെമ്പാടുമുള്ള സ്‌കൂളുകളുടെ, പ്രത്യേകിച്ച് സർക്കാർ സ്‌കൂളുകളുടെ നിലവാരത്തെ കുറിച്ചും അവയുടെ പ്രവർത്തനത്തെ കുറിച്ചുമൊക്കെ ഓഡിറ്റ് നടത്തുന്ന വേളയിലാണ് കേരളം വേറിട്ട കാഴ്‌ചയാവുന്നത്.

keralam

സമൂഹ മാധ്യമമായ എക്‌സിൽ പങ്കുവച്ച വീഡിയോയിലാണ് ഇപ്പോൾ കേരളത്തെ എല്ലാവരും പുകഴ്ത്തുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിൽ ഒന്ന് കൂടിയായ മൂന്നാറിലെ ഒരു സർക്കാർ സ്‌കൂളിലെ ദൃശ്യങ്ങളാണ് നോർത്ത് ഇന്ത്യയിൽ നിന്നുള്ള സഞ്ചാരി പങ്കുവച്ചിരിക്കുന്നത്. ആയിരക്കണക്കിന് പേരാണ് വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെ അടക്കമുള്ളവരെ വീഡിയോയിൽ ചിലർ ടാഗ് ചെയ്‌തിട്ടുമുണ്ട്‌.

മൂന്ന് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയാണ് എക്‌സിൽ പങ്കുവച്ചിരിക്കുന്നത്. കാറിൽ ഇരുന്ന് കൊണ്ട് മൂന്നാറിലെ വെള്ളത്തൂവൽ പഞ്ചായത്തിലൂടെ സഞ്ചരിക്കുകയാണ് അതിൽ. ശേഷമാണ് അവിടെയുള്ള തോക്കുപാറയിലെ സർക്കാർ യുപി സ്‌കൂളിലേക്ക് വാഹനം ചെന്നെത്തുന്നത്. പിന്നീട് സ്‌കൂളിന്റെ പുറമേ നിന്നുള്ള ദൃശ്യങ്ങളും അകത്ത് നിന്നുള്ള ദൃശ്യങ്ങളും പകർത്തിയത് കാണാം.

മികച്ച നിലവാരമുള്ള സ്‌കൂൾ തന്നെയാണ് ഇതെന്ന് വീഡിയോയിൽ വ്യക്തമായിരുന്നു. സ്‌കൂൾ ബസ് അടക്കമുള്ള സൗകര്യങ്ങളെ കുറിച്ചും വീഡിയോ പങ്കുവച്ച വ്യക്തി സൂചിപികുന്നുണ്ട്. കുട്ടികൾക്ക് കളിക്കാനുള്ള ഇടം, സ്‌കൂളിലേക്കുള്ള മികച്ച റോഡുകൾ, വൃത്തിയുള്ള അന്തരീക്ഷം, മെച്ചപ്പെട്ട നിലവാരത്തിലുള്ള ക്ലാസ് മുറികൾ എന്നിവ കാണാവുന്നതാണ്.

വീഡിയോ സോഷ്യൽ മീഡിയയിൽ വന്നതിന് പിന്നാലെ നിരവധി പേരാണ് ഇത് റീഷെയർ ചെയ്‌തിരിക്കുന്നത്‌. കൂടുതൽ പേരും കേരളത്തിലെ വിദ്യാഭ്യാസ നിലവാരത്തെ പുകഴ്ത്തുകയാണ് ചെയ്യുന്നത്. കേരളത്തിൽ ഒട്ടുമിക്ക സർക്കാർ സ്‌കൂളുകളും ഇങ്ങനെ തന്നെയാണെന്നാണ് ഒരാൾ ഇതിന് നൽകിയിരിക്കുന്ന മറുപടി. അധ്യാപകർ കൃത്യ നിഷ്‌ഠ പാലിക്കുന്നവർ ആണെന്നും വീഡിയോ പങ്കുവച്ച വ്യക്തി പറയുന്നുണ്ട്.

അതേസമയം, സ്വാതന്ത്ര്യദിന ആഘോഷത്തിന് പിന്നാലെ രാജ്യത്തെ സ്‌കൂളുകളിൽ കോക്ക്‌റോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ പരിശോധനകൾ നടന്നിരുന്നു. അതിൽ പല സംസ്ഥാനങ്ങളിലെയും സ്‌കൂളുകളിലെ ശോചനീയാവസ്ഥ പ്രകടമായിരുന്നു. അതിനെതിരെ രൂക്ഷമായ പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഉയരുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലെ കാഴ്‌ച വേറിട്ട് നിൽക്കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *