Headlines

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്; ചെലവ് വഹിക്കാം, വെള്ളം നല്‍കാമെന്നും കേരളം, വേണ്ടെന്ന് വിജയ് സര്‍ക്കാര്‍ | Mullaperiyar New Dam: Kerala Offers To Bear The Cost And Supply Water; Vijay Government Declines


Kerala

oi-Ashif N

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ അണകെട്ട് നിര്‍മിക്കണമെന്ന് കേരളം. എല്ലാ ചെലവും വഹിക്കാമെന്നും വെള്ളം തമിഴ്‌നാടിന് നല്‍കാമെന്നും കേരളത്തിന്റെ വാഗ്ദാനം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് വിഡി സതീശന്‍ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലായിരുന്നു യോഗം.

അണക്കെട്ടിന്റെ ഡിസൈന്‍, സ്ഥാനം എന്നിവ തമിഴ്‌നാടിന് തീരുമാനിക്കാം. എല്ലാ ചെലവും കേരളം വഹിക്കാം എന്നായിരുന്നു സംസ്ഥാനം മുന്നോട്ട് വച്ചത്. എന്നാല്‍ പഴയ നിലപാടില്‍ നിന്ന് വിജയ് സര്‍ക്കാര്‍ പിന്മാറിയില്ല. പുതിയ അണക്കെട്ട് ആവശ്യമില്ല എന്നാണ് വിജയ് യോഗത്തില്‍ നിലപാട് എടുത്തത്. നിലവിലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്നാണ് തമിഴ്‌നാടിന്റെ നിലപാട്.

mullaperiyar dam kerala tamil nadu meeting

നിലവിലുള്ള അണക്കെട്ടിന് ബലക്ഷയം സംഭവിക്കുന്നുണ്ട് എന്ന ആശങ്കയാണ് കേരളത്തിന്. എന്നാല്‍ ഡാമിന് കുഴപ്പമില്ലെന്ന് തമിഴ്‌നാട് പറയുന്നു. ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തുന്നത് കേരളം എതിര്‍ത്തിരുന്നു. എന്നാല്‍ 152 അടി ആക്കി ഉയര്‍ത്തണം എന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. പുതിയ അണക്കെട്ട് വേണം എന്ന് കേരളം എപ്പോഴും പറയുന്നതാണ് എന്ന് തമിഴ്‌നാട് റവന്യു മന്ത്രി സിടി നിര്‍മല്‍ കുമാര്‍ പ്രതികരിച്ചു. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം മുന്നോട്ട് പോകുമെന്നും മന്ത്രി പറയുന്നു.

കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്ര പ്രദേശ്, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരും ഭരണകര്‍ത്താക്കളുമാണ് അമിത് ഷാ പങ്കെടുത്ത യോഗത്തിന് എത്തിയത്. എല്ലാ സംസ്ഥാനങ്ങളും അവരുടെ ആവശ്യങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചു. ചര്‍ച്ച നടത്തി പരിഹാരം കാണേണ്ട യോഗമല്ലായിരുന്നു. എങ്കിലും കേരളവും തമിഴ്‌നാടും മുല്ലപ്പെരിയാല്‍ വിഷയത്തില്‍ പഴയ നിലപാടുകള്‍ ആവര്‍ത്തിക്കുകയാണ് ചെയ്തത്.

നിലമ്പൂര്‍-നഞ്ചന്‍കോട്, തലശേരി-മൈസൂരു റെയില്‍പാതകളുടെ വിഷയവും കേരളം ചൂണ്ടിക്കാട്ടി. കര്‍ണാടക സര്‍ക്കാരിന്റെയും റെയില്‍വെ മന്ത്രാലയത്തിന്റെയും അനുമതി ഇക്കാര്യത്തില്‍ ആവശ്യമാണ്. കേരളം പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ കാര്യം അറിയിച്ചു. വനത്തിലൂടെയുള്ള രാത്രി യാത്ര പൂര്‍ണമായി നിരോധിക്കുന്നിന് പകരം ശാസ്ത്രീയമായി ക്രമീകരിക്കുകയാണ് വേണ്ടത് എന്നും കേരളം ചൂണ്ടിക്കാട്ടി.

അതേസമയം, മണ്ഡല പുനര്‍ നിര്‍ണയ വിഷയത്തില്‍ മിക്ക സംസ്ഥാനങ്ങളും സമാനമായ നിലപാടാണ് സ്വീകരിച്ചത്. നിലവിലുള്ള 543 മണ്ഡലങ്ങളില്‍ നിന്ന് സീറ്റുകളുടെ എണ്ണം കൂട്ടരുത് എന്ന് കേരളം ആവശ്യപ്പെട്ടു. നിലവിലുള്ള എണ്ണം വര്‍ധിപ്പിക്കാതെ വനിതാ സംവരണം നടപ്പാക്കണെന്നും കേരളം ആവശ്യപ്പെട്ടു. എന്നാല്‍ 800ന് മുകളിലേക്ക് സീറ്റുകളുടെ എണ്ണം ഉയര്‍ത്തി മൂന്നിലൊന്ന് സീറ്റുകളില്‍ വനിതാ സംവരണം നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *