Headlines

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ എലിവേറ്റഡ്; സുരക്ഷാ പരിശോധന ഉടൻ, സെപ്റ്റംബർ അവസാനത്തോടെ തുറന്നേക്കും | Bengaluru Metro Pink Line Elevated Section; Safety Inspection Soon, Likely To Open By Late September


India

oi-Nidhin Illikkambath

ബെംഗളൂരു: നമ്മ മെട്രോ എലിവേറ്റഡ് പിങ്ക് ലൈൻ സെപ്റ്റംബർ അവസാനത്തോടെ പ്രവർത്തനം ആരംഭിച്ചേക്കും. അടുത്ത മാസം നിയമപരമായ സുരക്ഷാ പരിശോധന നടത്താനുള്ള തയ്യാറെടുപ്പിലാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്. കഴിഞ്ഞ ആഴ്‌ച പിങ്ക് ലൈൻ ട്രെയിനുകളിൽ നടത്തിയ നിയമപരമായ പരിശോധനയുമായി ബന്ധപ്പെട്ട റിപ്പോർട്ട് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ സമർപ്പിച്ചു.

ഓഗസ്‌റ്റ് 12ന് ഗവേഷണ രൂപകൽപ്പന-മാനദണ്ഡ സംഘടനയിൽ നിന്ന് ഇടക്കാല വേഗതാ സർട്ടിഫിക്കറ്റ് ബെംഗളൂരു മെട്രോയ്ക്ക് ലഭിച്ചിരുന്നു. ട്രെയിനുകളിൽ നടത്തിയ ചലനപരിശോധനയും അടിയന്തര ബ്രേക്ക് ദൂര പരിശോധനയും വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്നായിരുന്നു ഇത്. ചീഫ് കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ട്രെയിനുകൾ സർവീസ് നടത്തുന്നതിനുള്ള അനുമതി റെയിൽവേ ബോർഡ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

bengaluru

ഈ അനുമതി ഓഗസ്‌റ്റ് അവസാനത്തോടെ ലഭിക്കുമെന്നാണ് കരുതുന്നതെങ്കിലും കൃത്യമായ സമയക്രമം നിശ്ചയിച്ചിട്ടില്ല. ട്രെയിനുകൾക്കുള്ള ആഭ്യന്തര സുരക്ഷാ വിലയിരുത്തൽ സർട്ടിഫിക്കറ്റും ഇതുവരെ ലഭിച്ചിട്ടില്ല. സിഗ്നലിങ് പരിശോധനകൾ പൂർത്തിയാകാത്തതാണ് ഇതിന് കാരണം. ആഭ്യന്തര സുരക്ഷാ വിലയിരുത്തൽ സർട്ടിഫിക്കറ്റും ട്രെയിനുകൾ സർവീസ് നടത്തുന്നതിനുള്ള അനുമതിയും നിയമപരമായ സുരക്ഷാ പരിശോധനയ്ക്ക് മുമ്പ് ആവശ്യമായ പ്രധാന രേഖകളാണ്.

സെപ്റ്റംബർ ആദ്യമോ രണ്ടാം വാരത്തിലോ സുരക്ഷാ പരിശോധന നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷാ പരിശോധനയ്ക്കിടെ ചീഫ് കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റി ഉന്നയിച്ച നിർദേശങ്ങളിൽ സ്വീകരിച്ച നടപടികൾ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ അധികൃതർ വിശദീകരിക്കേണ്ടിവരും. തുടർന്ന് സർക്കാർ അനുമതിയും ലഭിക്കണം. ഇതെല്ലാം പൂർത്തിയാക്കിയ ശേഷമേ പിങ്ക് ലൈൻ യാത്രക്കാർക്കായി തുറക്കുകയുള്ളൂ.

നിലവിലെ സാഹചര്യത്തിൽ സെപ്റ്റംബർ അവസാനത്തോടെയാകും സർവീസ് ആരംഭിക്കുകയെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ബന്നർഘട്ട റോഡിലൂടെ കലേന അഗ്രഹാരയിൽ നിന്ന് താവരേക്കെരെയെ ബന്ധിപ്പിക്കുന്ന 7.5 കിലോമീറ്റർ ദൂരമുള്ള പാതയാണ് പിങ്ക് ലൈൻ. നഗരത്തിന്റെ തെക്കൻ മേഖലയിലേക്കുള്ള ഗതാഗതത്തിന് ഈ പാത വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

അതേസമയം, വിമാനത്താവള മെട്രോ പദ്ധതിയുടെ ഭാഗമായി വിമാനത്താവളത്തിനുള്ളിൽ നിർമ്മിക്കുന്ന രണ്ട് സ്‌റ്റേഷനുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. എയർപോർട്ട് ടെർമിനൽ, എയർപോർട്ട് വെസ്‌റ്റ് എന്നീ സ്‌റ്റേഷനുകളെക്കുറിച്ച് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ മാനേജിങ് ഡയറക്‌ടർ പിസി ജാഫർ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് മാനേജിങ് ഡയറക്‌ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഹരി മാരാറുമായി ഇന്നലെ ഏകോപന യോഗം നടത്തിയിരുന്നു.

ട്രാക്ക്, വൈദ്യുതി വിതരണം, സിഗ്നലിങ്, മിനുക്കുപണികൾ തുടങ്ങിയ മേഖലകളിൽ മെട്രോ റെയിൽ കോർപ്പറേഷന്റെയും വിമാനത്താവള അധികൃതരുടെയും സംഘങ്ങൾ തമ്മിലുള്ള ഏകോപനം യോഗത്തിൽ ചർച്ച ചെയ്‌തു. എയർപോർട്ട് ടെർമിനൽ സ്‌റ്റേഷനിൽ നേരിട്ട് പരിശോധന നടത്തുകയും സാങ്കേതിക സംവിധാനങ്ങളും യാത്രക്കാരുടെ സൗകര്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും വിലയിരുത്തുകയും ചെയ്‌തു.

ബഹുമുഖ ഗതാഗത കേന്ദ്രത്തിനുള്ളിലാണ് എയർപോർട്ട് ടെർമിനൽ സ്‌റ്റേഷൻ നിർമ്മിക്കുന്നത്. ഇവിടെ നിന്ന് നടപ്പാലവും സഞ്ചാരപാതയും വഴി വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിലേക്കും രണ്ടാം ടെർമിനലിലേക്കും നേരിട്ട് എത്താൻ കഴിയും. യാത്രക്കാരുടെ സൗകര്യത്തിനായി ബാഗേജ് പരിശോധനാ സംവിധാനങ്ങളും ഇറക്കിവിടുന്നതിനും ചെക്ക്-ഇൻ ചെയ്യുന്നതിനുമുള്ള സൗകര്യങ്ങളും സ്‌റ്റേഷനിൽ ഒരുക്കുമെന്ന് മെട്രോ അധികൃതർ അറിയിച്ചു.



Source link

Leave a Reply

Your email address will not be published. Required fields are marked *