Headlines

പ്രീമിയം പെട്രോളിലേക്ക് മാറി വാഹന ഉടമകള്‍; പമ്പുകളില്‍ ഉയര്‍ന്ന ഒക്ടെയ്ന്‍ പെട്രോളുകള്‍ ഡിമാന്‍ഡ് | E20 Petrol Effect: Vehicle Owners Shifts To Premium Petrol Like XP 95, SPEED, POWER 95 Amid E20 Concerns


India

oi-Jithin TP

എഥനോള്‍ കലര്‍ത്തിയ ഇ20 പെട്രോള്‍ വാഹനങ്ങളുടെ മൈലേജിനെയും എന്‍ജിന്റെ ആയുസ്സിനെയും ബാധിക്കുമോ എന്ന ആശങ്കകള്‍ക്കിടയില്‍ ഉപഭോക്താക്കള്‍ പ്രീമിയം, ഉയര്‍ന്ന ഒക്ടെയ്ന്‍ പെട്രോളിലേക്ക് മാറുന്നു. ഇതോടെ, മാര്‍ച്ചില്‍ 4 ശതമാനത്തോളമായിരുന്ന ഇതിന്റെ വിപണി വിഹിതം 12-15 ശതമാനമായി വര്‍ധിച്ചതായി പെട്രോള്‍ പമ്പ് ഡീലര്‍മാരും വ്യവസായ രംഗത്തെ പ്രമുഖരും വ്യക്തമാക്കുന്നു.

പ്രീമിയം പെട്രോളിലും 20 ശതമാനം എഥനോള്‍ അടങ്ങിയിട്ടുണ്ടെന്നിരിക്കെയാണ് ഈ മാറ്റം ശ്രദ്ധേയമാകുന്നത്. സാധാരണ പെട്രോളിന് ലിറ്ററിന് ഏകദേശം 102 രൂപയാണെങ്കില്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ XP95, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ SPEED, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ poWer95 തുടങ്ങിയ ഉയര്‍ന്ന ഒക്ടെയ്ന്‍ പെട്രോളുകള്‍ക്ക് ഉപഭോക്താക്കള്‍ 110-115 രൂപ വരെ നല്‍കാന്‍ തയ്യാറാകുന്നു.

E20 Petrol Effect

ഉയര്‍ന്ന ഒക്ടെയ്ന്‍ റേറ്റിംഗും അതിലെ പ്രത്യേക ഘടകങ്ങളും ഇ20 പെട്രോള്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ ഒരു പരിധിവരെ ലഘൂകരിക്കുമെന്ന വിശ്വാസമാണ് ഇതിന് കാരണം. ‘രണ്ട് ഇന്ധനങ്ങളിലും 20 ശതമാനം എഥനോള്‍ അടങ്ങിയിട്ടുണ്ടെങ്കിലും, ഉയര്‍ന്ന ഒക്ടെയ്ന്‍ റേറ്റിംഗ് കാരണം മൈലേജിലുണ്ടാകുന്ന ആഘാതം വളരെ കുറവാണ്,’ 4,500 ഇന്ധന റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ അംഗങ്ങളായുള്ള ബിഹാര്‍ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് പ്രഭാത് കുമാര്‍ സിംഗ് പറഞ്ഞു.

കൂടാതെ, മിക്കവാറും എല്ലാ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും ഈ ഇന്ധനം ലഭ്യമായത് വില്‍പ്പന മൂന്നിരട്ടിയായി വര്‍ധിക്കാന്‍ സഹായിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ20 പെട്രോള്‍ വാഹനങ്ങളെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ കഴിഞ്ഞ ആഴ്ചകളില്‍ ഈ മാറ്റം കൂടുതല്‍ ശക്തമായി. എന്നാല്‍, ഈ ഇന്ധനം സുരക്ഷിതമാണെന്നും വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമതയില്‍ കാര്യമായ ദോഷഫലങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

ഇ10 അല്ലെങ്കില്‍ എഥനോള്‍ കലര്‍ത്താത്ത പെട്രോള്‍ പോലുള്ള കൂടുതല്‍ ഓപ്ഷനുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയില്ലെങ്കില്‍, പ്രീമിയം പെട്രോളിനുള്ള ആവശ്യം ഇനിയും വര്‍ധിക്കുമെന്നാണ് ഡീലര്‍മാര്‍ പറയുന്നത്. ‘നേരത്തെ ഒക്ടെയ്ന്‍ 95 പെട്രോളിന്റെ ആവശ്യം 4-5 ശതമാനം മാത്രമായിരുന്നു, എന്നാല്‍ ഇപ്പോള്‍ അത് ശരാശരി 15 ശതമാനത്തോളമാണ്,’ ന്യൂഡല്‍ഹിയിലെ ഒരു ഇന്ധന റീട്ടെയില്‍ ഡീലര്‍ പറഞ്ഞു.

സാധാരണയായി ദിവസവും യാത്ര ചെയ്യുന്നവര്‍ പോലും ഇപ്പോള്‍ എന്‍ട്രി ലെവല്‍ ബൈക്കുകള്‍ക്കായി ഈ വിലകൂടിയ പെട്രോള്‍ ആവശ്യപ്പെടുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൊത്തം വില്‍പ്പനയില്‍ ഒക്ടെയ്ന്‍ 95-ന്റെ വിഹിതം 12 ശതമാനത്തിലധികമാണെന്ന് 80,000-ത്തിലധികം പമ്പുകളെ പ്രതിനിധീകരിക്കുന്ന ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സിന്റെ ദേശീയ വക്താവ് മോണ്ടി സെഹ്ഗാള്‍ പറയുന്നു.

അതിനനുസരിച്ച് സാധാരണ പെട്രോളിന്റെ വില്‍പ്പനയില്‍ കുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ‘എഥനോള്‍ കലര്‍ത്താത്ത പെട്രോളിനുള്ള ആവശ്യം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ഈ ഇനം പെട്രോള്‍ പൂര്‍ണ്ണമായും എഥനോള്‍ രഹിതമാക്കുകയോ അല്ലെങ്കില്‍ ഇ10 (10% എഥനോള്‍ കലര്‍ത്തിയത്) ആക്കുകയോ ചെയ്യുന്ന കാര്യം കേന്ദ്രത്തിന് പരിഗണിക്കാവുന്നതാണ്,’ സെഹ്ഗല്‍ പറഞ്ഞു.

ഇതിന് അടിസ്ഥാന സൗകര്യങ്ങളിലോ വിതരണ സംവിധാനങ്ങളിലോ വലിയ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ല. കാരണം, ഇന്ധന മിശ്രണം നടക്കുന്നത് ഡിപ്പോകളിലാണ്. അതിനാല്‍, ഒരു പ്രത്യേക ഇനത്തിനായുള്ള മിശ്രണത്തിന്റെ അളവ് കുറച്ചാല്‍ മാത്രം മതിയാകും. അതേസമയം, ഉയര്‍ന്ന അളവില്‍ അഡിറ്റീവുകള്‍ അടങ്ങിയതും എഥനോള്‍ രഹിതവുമായ ‘ഒക്ടെയ്ന്‍ 100’ ഇന്ധനത്തോടുള്ള താല്‍പ്പര്യവും വര്‍ദ്ധിച്ചിട്ടുണ്ട്.

എന്നാല്‍, ലഭ്യതക്കുറവും ലിറ്ററിന് 160-170 രൂപ എന്ന ഉയര്‍ന്ന വിലയും കാരണം ഇതിന്റെ യഥാര്‍ത്ഥ വില്‍പ്പന പരിമിതമായി തുടരുന്നു. മൊത്തം പെട്രോള്‍ വില്‍പ്പനയുടെ ഏകദേശം 1% മാത്രമാണ് ഈ ഇന്ധനം കൈകാര്യം ചെയ്യുന്നതെന്ന് ചില്ലറ വ്യാപാരികള്‍ കണക്കാക്കുന്നു. ഒക്ടെയ്ന്‍ 95 അല്ലെങ്കില്‍ സാധാരണ പെട്രോള്‍ ഉപയോഗിച്ച് ടാങ്കിന്റെ പകുതിയും, ബാക്കി പകുതി ഒക്ടെയ്ന്‍ 100 ഉപയോഗിച്ചും നിറയ്ക്കുന്ന രീതിയും ആളുകള്‍ പരീക്ഷിക്കുന്നുണ്ട്.

അതേസമയം ഇ10 ഇന്ധനം വീണ്ടും അവതരിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരനും അഭിപ്രായപ്പെട്ടിരുന്നു. ‘ഇ20 വാങ്ങാനുള്ള സൗകര്യത്തിനൊപ്പം തന്നെ, കുറഞ്ഞ അളവില്‍ എഥനോള്‍ കലര്‍ത്തിയ ഇ10 പോലുള്ള ഇന്ധനങ്ങള്‍ കൂടി പമ്പുകളില്‍ ലഭ്യമാക്കുന്നത് പൊതുജനങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരമാകും,’ എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.



Source link

Leave a Reply

Your email address will not be published. Required fields are marked *