Headlines

ബെംഗളൂരു ടണൽ റോഡ്; പദ്ധതിക്കെതിരെ എതിർപ്പ് ശക്തമാവുന്നു, ചർച്ചയായി ലാൽബാഗിന്റെ നിലനിൽപ്പ് | Bengaluru Tunnel Road; Opposition To The Project Intensifies, Lalbagh’s Survival Becomes A Topic Of Debate


India

oi-Nidhin Illikkambath

ബെംഗളൂരു: നഗരത്തിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെ നിർണായകമായ ടണൽ റോഡിനെതിരെ എതിർപ്പ് ശക്തമാവുന്നു. ഇപ്പോഴിതാ ബെംഗളൂരുവിലെ ലാൽബാഗിന്റെ പച്ചപ്പിനും പരിസ്ഥിതിക്കും ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടി ലാൽബാഗ് വാക്കേഴ്‌സ് അസോസിയേഷൻ നിർദ്ദിഷ്‌ട ടണൽ റോഡ് പദ്ധതി ഉപേക്ഷിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു രംഗത്ത് വന്നിരിക്കുകയാണ്. പദ്ധതിക്ക് എതിരായ എതിർപ്പ് ശക്തമായ സാഹചര്യത്തിലാണ് ഇത്.

ലാൽബാഗ് തടാകത്തിന് സമീപം നടന്ന ബോധവത്കരണ പരിപാടിയിലാണ് അസോസിയേഷൻ ഇക്കാര്യം ആവശ്യപ്പെട്ടത്. ടണൽ റോഡ് നിർമ്മാണം ലാൽബാഗിന്റെ പ്രകൃതിക്കും ചരിത്രപരമായ പ്രാധാന്യത്തിനും വലിയ നാശമുണ്ടാക്കുമെന്ന് അംഗങ്ങൾ പറഞ്ഞു. പദ്ധതിക്കായി ലാൽബാഗിലെ അഞ്ച് ഏക്കറിലധികം സ്ഥലം ഏറ്റെടുക്കാനുള്ള സാധ്യതയാണ് പ്രധാന ആശങ്കകളിലൊന്ന്. ഇതിലൂടെ നൂറുകണക്കിന് വലിയ മരങ്ങളും അപൂർവ സസ്യങ്ങളും നശിക്കാനിടയുണ്ടെന്നാണ് അസോസിയേഷന്റെ ആശങ്ക.

bengaluru

ടണൽ നിർമാണത്തിന് വലിയ തോതിൽ പാറ പൊട്ടിക്കേണ്ടിവരാം. ഇത് ദശലക്ഷക്കണക്കിന് വർഷം പഴക്കമുള്ള ലാൽബാഗിലെ പുരാതന പാറയ്ക്ക് കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ടെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. നിർമ്മാണ പ്രവർത്തനങ്ങളും മരങ്ങളും പ്രകൃതിദത്ത ആവാസവ്യവസ്ഥയും നഷ്‌ടപ്പെടുന്നതും ലാൽബാഗിലെ പക്ഷികളെയും ചെറിയ ജീവികളെയും ബാധിക്കുമെന്ന് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.

ലാൽബാഗിനുള്ളിൽ വാണിജ്യ കെട്ടിടങ്ങൾ നിർമിക്കുന്നതിനെയും അംഗങ്ങൾ എതിർത്തു. ഇത്തരം നിർമ്മാണങ്ങൾ ലാൽബാഗിന്റെ പ്രകൃതി ഭംഗിയും ചരിത്രപരമായ സ്വഭാവവും മാറ്റിമറിക്കുമെന്ന് അവർ പറഞ്ഞു. ലാൽബാഗ് ഒരു പാർക്ക് മാത്രമല്ല. ബെംഗളൂരുവിന്റെ ശ്വാസകോശവും ചരിത്രവുമാണ്. കോടിക്കണക്കിന് വർഷം പഴക്കമുള്ള ഭൂമിശാസ്ത്ര പൈതൃകവും നൂറ്റാണ്ടുകൾ പഴക്കമുള്ള സസ്യ പൈതൃകവും കോൺക്രീറ്റ് നിർമ്മാണത്തിനായി നശിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.

ടണൽ റോഡ് പദ്ധതി പൂർണമായും ഉപേക്ഷിക്കണമെന്നും ബെംഗളൂരുവിലെ ഹരിത പ്രദേശങ്ങളും പ്രകൃതി പൈതൃകവും സംരക്ഷിക്കുന്നതിന് സർക്കാർ മുൻഗണന നൽകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. നേരത്തെ ഇവിടെ പദ്ധതിയെ എതിർക്കുന്നവർ വിവിധ തരത്തിലുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ അസോസിയേഷൻ നേരിട്ട് രംഗത്ത് വന്നിരിക്കുന്നത്.

ബെംഗളൂരുവിൽ സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന 17,698 കോടി രൂപയുടെ ടണൽ റോഡ് പദ്ധതി കർണാടകയിലെ ഏറ്റവും പഴയ ഹരിത ഇടങ്ങളിലൊന്നായ ലാൽബാഗിന്റെ സൗന്ദര്യത്തെ തന്നെ ബാധിക്കുമെന്നാണ് ആശങ്ക. പദ്ധതിയുടെ ഭാഗമായി ഭൂമിക്കടിയിൽ തുരങ്കം നിർമിക്കുമ്പോൾ ലാൽബാഗ് പാറയ്ക്കും കേടുപാടുകൾ സംഭവിക്കാനിടയുണ്ട്.

ലാൽബാഗ് പാറയ്ക്ക് ഏകദേശം 320 മുതൽ 350 കോടി വർഷം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള പാറക്കൂട്ടങ്ങളിൽ ഒന്നായ ധാർവാർ ക്രാറ്റോണിന്റെ ഭാഗമാണിത്. കോലാർ മുതൽ മംഗളൂരു വരെയും വടക്ക് ബെല്ലാരി വരെയും ഈ പുരാതന പാറക്കൂട്ടം വ്യാപിച്ചുകിടക്കുന്നു. ഈ സാഹചര്യത്തിൽ കടുത്ത എതിർപ്പാണ് പരിസ്ഥിതി പ്രവർത്തകർക്ക് ഇടയിൽ നിന്നും പദ്ധതിക്കെതിരെ ഉയരുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *