Headlines

ബെംഗളൂരുവിന് ആശ്വാസം; കെങ്കേരി-ഹെജ്ജാല റെയിൽവേ സ്‌റ്റേഷനുകൾക്ക് ഇടയിലെ അണ്ടർ ബ്രിഡ്‌ജ്‌ തുറക്കുന്നു | Relief For Bengaluru; Underpass Between Kengeri And Hejjala Railway Stations To Open Today


India

oi-Nidhin Illikkambath

ബെംഗളൂരു: ഏകദേശം ഏഴ് മാസത്തോളം നീണ്ട രൂക്ഷമായ ഗതാഗതക്കുരുക്കിന് ഒടുവിൽ പടിഞ്ഞാറൻ ബെംഗളൂരുവിലെ ആയിരക്കണക്കിന് യാത്രക്കാർക്കും പ്രദേശവാസികൾക്കും വ്യവസായ മേഖലയിലെ ജീവനക്കാർക്കും ആശ്വാസമേകുന്ന വാർത്ത പുറത്ത്. കെങ്കേരിയിലെയും ഹെജ്ജാലയിലെയും റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലെ ലെവൽ ക്രോസിങ്-16ൽ പുതുതായി നിർമ്മിച്ച റെയിൽവേ അണ്ടർ ബ്രിഡ്‌ജ്‌ ഇന്ന് തുറന്നുകൊടുക്കും.

റെയിൽവേ സഹമന്ത്രി വി സോമണ്ണ അണ്ടർ ബ്രിഡ്‌ജ്‌ ഉദ്ഘാടനം ചെയ്യും. ഇതോടെ രാമോഹള്ളി-ദൊഡ്ഡ ആലദ മാര റോഡിനെയും (ബിഗ് ബന്യൻ ട്രീ റോഡ്) ബെംഗളൂരു-മൈസൂരു ദേശീയപാതയെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡ് വീണ്ടും ഗതാഗതത്തിനായി തുറക്കുകയാണ്. മനുഷ്യ നിയന്ത്രിത റെയിൽവേ ലെവൽ ക്രോസിങ്ങിന് പകരമായി അണ്ടർ ബ്രിഡ്‌ജ്‌ നിർമ്മിക്കുന്നതിനായി 2025 ഡിസംബർ 7 മുതലാണ് ഈ റോഡ് അടച്ചിട്ടിരുന്നത്.

bengaluru

ആദ്യഘട്ട കണക്കുകൾ പ്രകാരം നിർമ്മാണം പൂർത്തിയാക്കാൻ ഏകദേശം ഒരു വർഷമെടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ദക്ഷിണ പശ്ചിമ റെയിൽവേ ഏഴ് മാസത്തിനുള്ളിൽ തന്നെ പദ്ധതി പൂർത്തിയാക്കി, നിശ്ചയിച്ച സമയത്തേക്കാൾ മാസങ്ങൾ മുമ്പ് തന്നെ പൊതുജനങ്ങൾക്കായി ഗതാഗതത്തിനായി തുറന്നുകൊടുക്കുകയാണ്.

നേരത്തെ റോഡ് അടച്ചതോടെ രാമോഹള്ളി, കുമ്പൾഗോദ്ദ, ഭീമനകുപ്പെ, ബിഗ് ബന്യൻ ട്രീ എന്നിവിടങ്ങളിലെയും സമീപഗ്രാമങ്ങളിലെയും ജനങ്ങളുടെ യാത്ര ദുഷ്‌കരമായിരുന്നു. ബെംഗളൂരു-മൈസൂരു ദേശീയപാതയിലെത്താൻ ഇടുങ്ങിയ ഗ്രാമീണ റോഡുകളിലൂടെ 7 മുതൽ 10 കിലോമീറ്റർ വരെ അധികദൂരം സഞ്ചരിക്കേണ്ട സാഹചര്യമുണ്ടായി. മുമ്പ് വെറും പത്ത് മിനിറ്റിനുള്ളിൽ പൂർത്തിയാക്കിയിരുന്ന യാത്ര തിരക്കേറിയ സമയങ്ങളിൽ ഒരു മണിക്കൂറോളം നീളുന്ന അവസ്ഥയായിരുന്നു.

കൂടാതെ നിയന്ത്രണങ്ങൾ കുമ്പൾഗോദ്ദ വ്യവസായ മേഖലയെയും കാര്യമായി ബാധിച്ചു. 500-ലധികം വ്യവസായ സ്ഥാപനങ്ങൾ ഈ റോഡിനെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ആയിരക്കണക്കിന് തൊഴിലാളികൾ ദിവസേന ഇടുങ്ങിയ ഗ്രാമീണ റോഡുകളിലെ ഗതാഗതക്കുരുക്ക് തരണം ചെയ്‌ത്‌ ജോലിസ്ഥലങ്ങളിലെത്തേണ്ടി വന്ന സാഹചര്യമായിരുന്നു ഇതുവരെ.

ഭാരവാഹനങ്ങളും ചരക്കുലോറികളും ഭീമനകുപ്പെ, രാമോഹള്ളി എന്നിവിടങ്ങളിലൂടെ തിരിച്ചുവിട്ടതോടെ ഗ്രാമീണ റോഡുകൾ, കുടിവെള്ള പൈപ്പുകൾ, മറ്റ് പൊതുസൗകര്യങ്ങൾ എന്നിവയ്ക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. ഇതിനാണ് ഇപ്പോൾ അണ്ടർ ബ്രിഡ്‌ജ്‌ തുറന്നു കൊടുക്കുന്നതോടെ പരിഹാരമാവുന്നത്.

ലെവൽ ക്രോസിങ്ങിന് പകരമായി അണ്ടർ ബ്രിഡ്‌ജ്‌ നിർമ്മിച്ചതോടെ ട്രെയിനുകൾ കടന്നുപോകുമ്പോൾ ഉണ്ടാകുന്ന ഗതാഗത തടസാം പൂർണമായും ഒഴിവാക്കാനും റോഡ് സുരക്ഷ ഗണ്യമായി മെച്ചപ്പെടുത്താനും കഴിയുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. റെയിൽവേയുടെ സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കിയതെന്നും അധികൃതർ വ്യക്തമാക്കി.



Source link

Leave a Reply

Your email address will not be published. Required fields are marked *