Headlines

പ്രിയദർശന്റെ സംവിധാനത്തിൽ വീണ്ടും ലിസി: കൂടെ മകൾ കല്യാണിയും | Priyadarshan Directs Lissy’s Massive Comeback Advertisement with Kalyani Priyadarshan | സിനിമാ വാർത്ത


Last Updated:

38 വർഷങ്ങൾ കഴിഞ്ഞാണ് പ്രിയദർശന്റെ സംവിധാനത്തിൽ ലിസി വീണ്ടും അഭിനയിക്കുന്നത്

News18
News18

മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ഒരു സുപ്രധാന കൂടിച്ചേരലിന് ഒടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും കളമൊരുങ്ങി. നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്ക് വിരാമമിട്ട് പ്രിയനടിയായ ലിസി വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന കല്യാൺ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ പരസ്യചിത്രത്തിലൂടെയാണ് ലിസിയുടെ ഈ രണ്ടാം വരവ്.

ഏറ്റവും ആകർഷകമായ കാര്യം, പ്രിയദർശൻ ഒരുക്കുന്ന ഈ ദൃശ്യാവിഷ്കാരത്തിൽ മകൾ കല്യാണി പ്രിയദർശനും തെന്നിന്ത്യൻ താരം പ്രഭു ഗണേശനുമാണ് ലിസിക്കൊപ്പം അണിനിരക്കുന്നത്. ആരാധകർ ഏറെ കൊതിച്ച ഈ അപൂർവ്വ ഒത്തുചേരൽ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.

ഓഫ് വൈറ്റും മജന്തയും കലർന്ന അതിമനോഹരമായ കാഞ്ചീവരം പട്ടുസാരി ധരിച്ചാണ് ലിസി സെറ്റിലെത്തിയത്. ലൊക്കേഷനിലെത്തിയ അമ്മയെ ഓടിയെത്തി കെട്ടിപ്പിടിച്ച് സ്വീകരിക്കുന്ന മകൾ കല്യാണിയെ ദൃശ്യങ്ങളിൽ കാണാം. തുടർന്ന് ഷൂട്ടിങ്ങിന് മുൻപായി സംവിധായകൻ പ്രിയദർശനെ ആലിംഗനം ചെയ്ത് ലിസി സംസാരിക്കുന്നതും, ഇരുവരും ഒരുമിച്ചിരുന്ന് സ്ക്രിപ്റ്റ് ചർച്ച ചെയ്യുന്നതുമായ ലൊക്കേഷൻ കാഴ്ചകൾ വൻ കൗതുകത്തോടെയാണ് സിനിമാലോകം ഏറ്റെടുത്തിരിക്കുന്നത്.

1988-ൽ പുറത്തിറങ്ങിയ എക്കാലത്തെയും വലിയ ഇൻഡസ്ട്രി ഹിറ്റായ ‘ചിത്രം’ എന്ന സിനിമയ്ക്ക് ശേഷം, കൃത്യം 38 വർഷങ്ങൾ കഴിഞ്ഞാണ് പ്രിയദർശന്റെ സംവിധാനത്തിൽ ലിസി വീണ്ടും അഭിനയിക്കുന്നത്.

പ്രിയദർശന്റെ ആദ്യകാല സൂപ്പർഹിറ്റ് ചിത്രമായ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയിലൂടെയാണ് ലിസി നായികയായി അരങ്ങേറുന്നത്. പിന്നീട് പ്രിയൻ-മോഹൻലാൽ കൂട്ടുകെട്ടിലെ നിരവധി ഹിറ്റ് സിനിമകളിൽ ലിസി നായികയായി തിളങ്ങി. തുടർന്ന് 1990 ഡിസംബർ 13-നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷം താരം സിനിമയിൽ നിന്ന് പൂർണ്ണമായി ഇടവേളയെടുത്തു.

26 വർഷത്തെ ദാമ്പത്യത്തിനു ശേഷം 2016ൽ വേർപിരിഞ്ഞ പ്രിയദർശനും ലിസ്സിയും ഈയടുത്താണ് ജീവിതത്തിലും വീണ്ടും ഒന്നിച്ചത്. സിബി മലയിലിന്റെ മകന്റെ വിവാഹ ചടങ്ങിൽ ഇരുവരും കൈകോർത്ത് എത്തിയത് മുതൽ ഇവർ വീണ്ടും ഒന്നിക്കുകയാണെന്ന വാർത്തകൾ നിറഞ്ഞിരുന്നു. പിന്നീട് ചെന്നൈയിലെ ലിസിയുടെ സ്റ്റുഡിയോയിൽ വെച്ച് മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ലിസി തന്നെ പങ്കുവെച്ചതോടെ ആരാധകരുടെ പ്രതീക്ഷകൾ സത്യമായി. തങ്ങൾ ഇപ്പോൾ ഒരുമിച്ചാണ് താമസിക്കുന്നതെന്നും, എന്നാൽ മറ്റൊരു വിവാഹത്തെക്കുറിച്ച് നിലവിൽ ചിന്തിക്കുന്നില്ലെന്നും പ്രിയദർശൻ മുൻപ് വ്യക്തമാക്കിയിരുന്നു. ജീവിതത്തിലെന്ന പോലെ ഇപ്പോൾ ക്യാമറയ്ക്ക് മുന്നിലും പ്രിയനും ലിസിയും ഒന്നിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ.



Source link

Leave a Reply

Your email address will not be published. Required fields are marked *