Headlines

പോലീസ് വാനിന് മുന്നിൽ നെഞ്ചും വിരിച്ച് നിർഭയായി നിൽക്കുന്ന പെൺകുട്ടി; ആ ചിത്രത്തിനും പറയാനുണ്ടൊരു കഥ | Young Woman Standing Fearlessly In Front Of A Police Van; That Image Too Has A Story To Tell


India

oi-Nidhin Illikkambath

മുംബൈ: രാജ്യതലസ്ഥാനത്ത് നിന്ന് ഒരുകൂട്ടം വിദ്യാർഥികളുമായി തുടങ്ങിയ നീറ്റ് ക്രമക്കേടിന് എതിരായ പ്രതിഷേധം ദിവസങ്ങൾക്കുമപ്പുറം ഇന്ന് ഇന്ത്യയൊട്ടാകെ അലയടിച്ചു കൊണ്ടിരിക്കുകയാണ്. ഒട്ടുമിക്ക എല്ലാ സംസ്ഥാനങ്ങളിലും വിദ്യാർഥികളും യുവാക്കളും രംഗത്ത് ഇറങ്ങി കഴിഞ്ഞു. ഡൽഹിയിൽ കണ്ടത് രാജ്യത്തെ വിവിധ കോണുകളിൽ അരങ്ങേറുന്ന സമരത്തിന്റെ പരിച്ഛേദം മാത്രമാണെന്ന് നിസംശയം പറയാം. ചലോ സൻസദ് എന്ന പേരിൽ സിജെപി നടത്തിയ പാര്ലമെന്റ് മാർച്ച് ഇന്നത്തേക്ക് ആറാം ദിവസത്തിലേക്ക് അടുത്തിരിക്കുന്നു.

അതിനിടയിൽ ചെറുതും വലുതുമായ ഒട്ടേറെ സംഭവ വികാസങ്ങൾക്ക് ഡൽഹി സാക്ഷ്യം വഹിച്ചു. ജന്തർ മന്തറിൽ വിദ്യാർഥികൾ പോലീസ് മർദ്ദനം ഏറ്റുവാങ്ങുന്നതും നാനാ ഭാഗത്തുനിന്നുള്ള സെലിബ്രിറ്റികൾ ഉൾപ്പെടെ അവിടേക്ക് ഒഴുകിയെത്തുന്നതും നാം കണ്ടു. എന്നാൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ മുഖചിത്രമായി മാറിയ ഒരു സംഭവമുണ്ട്. പോലീസ് ജീപ്പിന് മുന്നിൽ നിർഭയമായി നെഞ്ചും വിരിച്ചു നിൽക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം. ഇന്ന് സോഷ്യൽ മീഡിയയിൽ അടക്കം വലിയ രീതിയിൽ കൊണ്ടാടുന്ന ചിത്രത്തിന് പിന്നിലൊരു കഥയുണ്ട്.

cjp protest

ശിവാജി പാർക്കിലെ ചെറുത്ത് നിൽപ്പ്

വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശിവാജി പാർക്കിൽ നടന്ന പ്രതിഷേധത്തിനിടെ മുംബൈ പോലീസ് വാഹനം തടഞ്ഞത് മോഡലും നടിയുമായ റിയ അഹിർ ആയിരുന്നു. പോലീസ് കസ്‌റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ കൊണ്ടുപോകുകയായിരുന്ന വാനിന് മുന്നിൽ ഒറ്റയ്ക്ക് നിന്ന് ഏകദേശം 40 മിനിറ്റോളം വാഹനം തടഞ്ഞുനിർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഒരു യുവ സംരംഭകയും അവതാരകയും കൂടിയാണവർ. സ്വന്തമായി ‘റിയാസത്’ എന്ന ആഡംബര വസ്ത്ര ബ്രാൻഡ് നടത്തുന്ന റിയ, കൈകൊണ്ട് നിർമിക്കുന്ന പ്രീമിയം വസ്ത്രങ്ങളിലൂടെയാണ് സംരംഭക രംഗത്തും ശ്രദ്ധ നേടിയത്. മോഡലിംഗിനും അവതരണത്തിനും പുറമെ നിരവധി സംഗീത ആൽബങ്ങളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ‘ദിൽബറ’ എന്ന മ്യൂസിക് വീഡിയോയിലും റിയ ശ്രദ്ധേയമായ വേഷത്തിലെത്തിയിരുന്നു.

റീലിൽ നിന്ന് റിയലിലേക്ക്

പോലീസ് വാഹനം തടയാൻ തീരുമാനിച്ചതിന് പിന്നിലെ സാഹചര്യങ്ങളും അപ്പോഴത്തെ തന്റെ മനോനിലയും അവർ എഎൻഐയോട് സംസാരിക്കവെ തുറന്ന് പറഞ്ഞിരുന്നു. പോലീസ് വാനിന് മുന്നിൽ നിന്നപ്പോൾ തനിക്ക് യാതൊരു ഭയവും തോന്നിയിരുന്നില്ലെന്നും ചുറ്റുമുള്ള സാഹചര്യങ്ങളെക്കുറിച്ച് പോലും അന്ന് ചിന്തിച്ചില്ലെന്നും റിയ പറഞ്ഞു. ആ നിമിഷത്തിൽ തന്റെ മനസിൽ ഉണ്ടായിരുന്നത് പോലീസ് വാനിനുള്ളിലുണ്ടായിരുന്ന വിദ്യാർഥികളെക്കുറിച്ചുള്ള ആശങ്ക മാത്രമായിരുന്നുവെന്നും അവർ വ്യക്തമാക്കി.

സമൂഹത്തോടും ചുറ്റുമുള്ള ആളുകളോടും ഉത്തരവാദിത്തമുള്ള ഒരു പൗരയെന്ന നിലയിലാണ് താൻ അന്ന് പ്രതികരിച്ചതെന്ന് റിയ അഹിർ പറഞ്ഞിരുന്നു. സമൂഹത്തിന് നന്മ ചെയ്യണമെന്ന ആത്മാർഥമായ ഉദ്ദേശ്യത്തോടെയാണ് ആ നടപടി സ്വീകരിച്ചതെന്നും അവർ വ്യക്തമാക്കി. ‘അവിടെ ഉണ്ടായിരുന്നവർ എന്ത് ചിന്തിക്കുമെന്നോ അതിന്റെ പ്രത്യാഘാതങ്ങൾ എന്താകുമെന്നോ ഞാൻ ആ നിമിഷം ആലോചിച്ചില്ല. അന്ന് ശരിയെന്ന് തോന്നിയത് ഞാൻ മടികൂടാതെ ചെയ്‌തു’ അവർ കൂട്ടിച്ചേർത്തു.

ടിയാൻമെൻ സ്‌ക്വയർ ഓർമ്മിപ്പിച്ചെന്ന് സോഷ്യൽ മീഡിയ

റിയ അഹിർ പോലീസ് വാനിന് മുന്നിൽ നിൽക്കുന്ന ചിത്രം നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെ 1989-ലെ ചൈനയിലെ ടിയാനൻമെൻ സ്ക്വയർ “ടാങ്ക് മാൻ” സംഭവവുമായി പലരും ഈ ചിത്രത്തെ താരതമ്യം ചെയ്‌തു. 1989-ൽ ചൈനയിൽ അന്നത്തെ ഭരണകൂടത്തിനെതിരെ വൻതോതിൽ വിദ്യാർഥികളും ജനാധിപത്യ അനുകൂല പ്രതിഷേധക്കാരും രംഗത്തെത്തിയിരുന്നു. ബീജിങ്ങിൽ നടന്ന ഈ പ്രക്ഷോഭങ്ങൾക്കിടെ നിരവധി പേർ അറസ്‌റ്റിലാവുകയും ഒട്ടേറെ പേർ വെടിവെപ്പിൽ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു.

അതിനിടെ, വെള്ള ഷർട്ടും ഇരുണ്ട നിറത്തിലുള്ള പാന്റും ധരിച്ച് കൈയിൽ ഷോപ്പിങ് ബാഗുകളുമായി ഒരാൾ സൈനിക ടാങ്കിന് മുന്നിൽ ഒറ്റയ്ക്ക് നിൽക്കുന്ന ദൃശ്യം ലോകശ്രദ്ധ നേടിയിരുന്നു. പിന്നീട് ഈ ചിത്രം ചരിത്രത്തിലെ ഏറ്റവും ശക്തമായ പ്രതിഷേധ പ്രതീകങ്ങളിലൊന്നായി മാറി. അധികാര ശക്തിക്കെതിരെ ഒരു സാധാരണ വ്യക്തി ധൈര്യത്തോടെ നിലകൊള്ളുന്നതിന്റെ പ്രതീകമായാണ് ടാങ്ക് മാൻ ചിത്രം ഇന്ന് ഓർമ്മിക്കപ്പെടുന്നത്.

അതിനെ ഓർമ്മപ്പെടുത്തിയ ചിത്രമെന്നാണ് പലരും റിയയുടെ പോലീസ് വാഹനം തടയലിനെ കുറിച്ച് പ്രതികരിച്ചത്. ചിത്രം വൈറലായെങ്കിലും സമരത്തിന്റെ ആത്യന്തിക ലക്ഷ്യത്തെ കുറിച്ച് ഒരിക്കൽ കൂടി റിയ ഓർമ്മിപ്പിച്ചു. ജനാധിപത്യ സംവിധാനത്തിൽ തങ്ങളുടെ അവകാശങ്ങൾക്കായി സമാധാനപരമായി പ്രതിഷേധിക്കുന്ന പൗരന്മാരെയും വിദ്യാർഥികളെയും സർക്കാരുകൾ ശത്രുക്കളായി കാണരുതെന്നും റിയ അഹിർ ആവശ്യപ്പെട്ടു.



Source link

Leave a Reply

Your email address will not be published. Required fields are marked *