Headlines

പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം; ദോഹ-ബെംഗളൂരു ഇന്‍ഡിഗോ വിമാനം മസ്‌കത്തിലിറക്കി | Indigo Flights: Doha-Bengaluru IndiGo Flight Diverts To Muscat After Pilot Felt Unwell Mid-Air


Gulf

oi-Jithin TP

ദോഹയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനം മസ്‌കത്തിലേക്ക് അടിയന്തരമായി തിരിച്ചുവിട്ടു. പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും അടിയന്തര വൈദ്യസഹായം ആവശ്യമായി വരികയും ചെയ്തതിനെത്തുടര്‍ന്നാണ് നടപടി. ദോഹയില്‍ നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന 6E 1302 എന്ന വിമാനമാണ് സുരക്ഷിതമായി മസ്‌കത്തിലേക്ക് തിരിച്ചുവിട്ടത്.

മസ്‌കത്തില്‍ വിമാനം ലാന്‍ഡ് ചെയ്ത ശേഷം മെഡിക്കല്‍ സംഘം പൈലറ്റിനെ പരിശോധിക്കുകയും ചെയ്തു. പിന്നീട് പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റി. യാത്രക്കാര്‍ക്ക് യാത്ര തുടരുന്നതിനായി, ഇന്‍ഡിഗോ മറ്റൊരു വിമാനവും പുതിയൊരു ജീവനക്കാരുടെ സംഘത്തെയും ക്രമീകരിച്ചു. യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി ബെംഗളൂരുവില്‍ നിന്ന് മസ്‌കത്തിലേക്ക് ഒരു പ്രത്യേക വിമാനം (റിലീഫ് ഫ്‌ലൈറ്റ്) അയക്കുന്നുണ്ട്.

Indigo Flights

മസ്‌കത്തില്‍ കാത്തിരിക്കുന്ന യാത്രക്കാര്‍ക്ക് ലഘുഭക്ഷണവും യാത്ര സംബന്ധിച്ച കത്യമായ വിവരങ്ങളും നല്‍കുന്നുണ്ടെന്നും എയര്‍ലൈന്‍ അറിയിച്ചു. ‘യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഞങ്ങള്‍ ഖേദിക്കുന്നു. മസ്‌കത്തില്‍ വിമാനം കാത്തിരിക്കുന്ന അവര്‍ക്ക് ലഘുഭക്ഷണവും കൃത്യമായ വിവരങ്ങളും നല്‍കുന്നതടക്കം, ഈ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കാനുള്ള എല്ലാ ശ്രമങ്ങളും ഞങ്ങള്‍ നടത്തുന്നുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും വിമാനത്തിന്റെയും സുരക്ഷയ്ക്കാണ് ഇന്‍ഡിഗോ എപ്പോഴും മുന്‍ഗണന നല്‍കുന്നത്,’ പ്രസ്താവനയില്‍ പറഞ്ഞു.

‘യാത്രയ്ക്കിടെ പൈലറ്റിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും ‘മേയ് ഡേ അടിയന്തര സാഹചര്യം പ്രഖ്യാപിക്കുകയും ചെയ്തു,’ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. എയര്‍ബസ് A320neo വിമാനത്തിലെ ഫസ്റ്റ് ഓഫീസര്‍ക്കാണോ (കോ-പൈലറ്റ്) അതോ പൈലറ്റ്-ഇന്‍-കമാന്‍ഡിനാണോ (പ്രധാന പൈലറ്റ്) വൈദ്യസഹായം വേണ്ടിവന്നതെന്ന് വ്യക്തമല്ല. അതേസമയം ജീവനക്കാരന്റെ ആരോഗ്യനില ഇപ്പോള്‍ മെച്ചപ്പെട്ടതായി ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചു.

ഗോവയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനം പറന്നുയര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അടിയന്തരമായി ഇറക്കേണ്ടി വന്ന് രണ്ട് ദിവസത്തിന് ശേഷമാണ് 6E 1302 എന്ന വിമാനം മസ്‌കത്തിലേക്ക് വഴിതിരിച്ചുവിട്ടത്. എന്‍ജിനുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഇതിന് കാരണമെന്ന് വിഷയവുമായി ബന്ധപ്പെട്ട ഒരാള്‍ സൂചിപ്പിച്ചെങ്കിലും, ഇന്‍ഡിഗോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ ഒരു മാസത്തിനിടെ എന്‍ജിന്‍ തകരാര്‍ നേരിടുന്ന രണ്ടാമത്തെ ഇന്‍ഡിഗോ വിമാനമാണിത്. ഓഗസ്റ്റ് 11-ന്, കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലേക്കുള്ള ഒരു വിമാനം ലാന്‍ഡിംഗിനായി താഴേക്ക് ഇറങ്ങുന്നതിനിടെ ഇടത് എന്‍ജിനില്‍ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അടിയന്തര ലാന്‍ഡിംഗ് നടത്തിയിരുന്നു.

അതിനിടെ നവംബര്‍ 16 മുതല്‍ 20 വരെ നടക്കാനിരിക്കുന്ന യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ പരിശോധനയ്ക്ക് മുന്നോടിയായി, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, ആകാശ എയര്‍, സ്‌പൈസ് ജെറ്റ് എന്നീ വിമാനക്കമ്പനികളില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നടത്തിയ സുരക്ഷാ ഓഡിറ്റുകളില്‍ ഗുരുതരമായ കണ്ടെത്തലുകള്‍ ഉണ്ടായതായി ഹിന്ദുസ്ഥാന്‍ ടൈംസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *