Headlines

പാലക്കാട് റെയില്‍വെ ഡിവിഷന് മംഗളൂരു നഷ്ടമായി; വരുമാനം കുറയും, പുതിയ ട്രെയിന്‍ കിട്ടാതാകുമോ | Palakkad Railway Division Loses Mangaluru Area; Revenue To Drop, Will New Trains Be Missed?


Kerala

oi-Ashif N

പാലക്കാട് റെയില്‍വെ ഡിവിഷന്റെ ഓരോ ഭാഗങ്ങള്‍ നഷ്ടമാകുന്നു. നേരത്തെ സേലം ഡിവിഷന്‍ രൂപീകരിച്ചതോടെ ചില ഭാഗങ്ങള്‍ എടുത്തു മാറ്റിയിരുന്നു. ഇപ്പോള്‍ മംഗളൂരു ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ മൈസൂരു ഡിവിഷന്റെ കീഴിലേക്ക് മാറ്റി. ഇതോടെ പാലക്കാട് ഡിവിഷന് കീഴില്‍ 582 കിലോമീറ്റര്‍ മാത്രമായി. മലബാര്‍ മേഖലയില്‍ മാത്രമായി പാലക്കാട് റെയില്‍വെ ഡിവിഷന്‍ മാറുകയാണ്. ഒക്ടോബര്‍ ഒന്ന് മുതലാണ് പുതിയ മാറ്റം.

വളരെ മികച്ച ലാഭം നേടുന്ന മേഖലയാണ് റെയില്‍വെയുടെ പാലക്കാട് ഡിവിഷന്‍. മംഗളൂരു എടുത്തു മാറ്റിയതോടെ ചരക്കുനീക്കത്തിലൂടെ ലഭിക്കുന്ന വരുമാനം നഷ്ടമാകും. അതോടെ വികസന പ്രവര്‍ത്തനങ്ങളില്‍ ഇനി കുറവ് വന്നേക്കാം. പുതിയ ദീര്‍ഘദൂര ട്രെയിനുകള്‍ അനുവദിക്കുന്നതിലും കാലതാമസം നേരിടാനുള്ള സാധ്യതയുണ്ട്. ഉള്ളാള്‍ ഉള്‍പ്പെടെയുള്ള മംഗളൂരു മേഖലയാണ് മൈസൂരു ഡിവിഷന് കീഴിലേക്ക് മാറ്റിയിരിക്കുന്നത്. സൗത്ത് വെസ്റ്റേണ്‍ റെയില്‍വെയുടെ കീഴിലാണ് മൈസൂരു ഡിവിഷന്‍.

palakkad railway division lose mangaluru

വന്ദേഭാരത് എക്‌സ്പ്രസ്, മാവേലി, മലബാര്‍, പരശുറാം എക്‌സ്പ്രസുകള്‍ എന്നിവയുടെ അറ്റക്കുറ്റപണി പുനക്രമീകരിച്ചേക്കും. സമയത്തിലും ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇന്ത്യയില്‍ ഏറ്റവും വരുമാനമുള്ള രണ്ടാമത്തെ ഡിവിഷനാണ് പാലക്കാട്. വരുമാനം അടിസ്ഥാനമാക്കിയാണ് റെയില്‍വെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക. മംഗളൂരു നഷ്ടമാകുന്നതോടെ വരുമാനം ഇടിയുകയും പാലക്കാട് ഡിവിഷനിലെ വികസന പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങുകയും ചെയ്യുമെന്നാണ് ആശങ്ക.

മംഗളൂരു തുറമുഖത്തിലെ ചരക്കുനീക്കം വഴിയുള്ള ലാഭം കുറയുന്നതോടെ വരുമാനത്തില്‍ 65 ശതമാനം ഇടിവ് വരുമെന്നാണ് കരുതുന്നത്. കര്‍ണാടകയിലെ ബിജെപി നേതാക്കളുടെ സമ്മര്‍ദ്ദമാണ് പുതിയ തീരുമാനത്തിന് കാരണം എന്നാണ് വിമര്‍ശനം. വിഷയത്തില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ ഇടപെടണം എന്ന് എംകെ രാഘവന്‍ എംപി ആവശ്യപ്പെട്ടു. മംഗളൂരുവില്‍ നിന്ന് തുടങ്ങുന്ന ട്രെയിനുകളുടെ നിയന്ത്രണം ഇനി മൈസൂര്‍ ഡിവിഷനായിക്കും. കണ്ണൂരില്‍ നിര്‍ത്തുന്ന ട്രെയിനുകള്‍ മംഗളൂരുവിലേക്ക് നീട്ടണം എന്ന ആവശ്യം വേഗത്തില്‍ നടപ്പാക്കിയേക്കില്ല.

വിഷയത്തില്‍ ഇടി മുഹമ്മദ് ബഷീര്‍ എംപി പ്രതികരിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്- ”സതേണ്‍ റെയില്‍വേക്ക് കീഴില്‍ പാലക്കാട് ഡിവിഷനില്‍ ഉള്‍പ്പെടുന്ന മംഗലാപുരം മുതല്‍ കേരള അതിര്‍ത്തിയിലെ ഉള്ളാള്‍ വരെയുള്ള ഭാഗങ്ങള്‍ സൗത്ത് വെസ്റ്റ് റെയില്‍വേ ഡിവിഷന്‍ മൈസൂരുവിന്റെ ഭാഗമാക്കി മാറ്റിയ റെയില്‍വേ ബോര്‍ഡിന്റെ നടപടി പ്രതിഷേധാര്‍ഹം ആണ്.

വര്‍ഷങ്ങളായി പാലക്കാട് ഡിവിഷന്റെ പ്രധാന ഭാഗമായി പ്രവര്‍ത്തിക്കുന്ന ചരിത്ര പ്രാധാന്യമുള്ള ഈ ഭാഗങ്ങള്‍ ഒറ്റയടിക്ക് മറ്റൊരു ഡിവിഷനിലേക്ക് മാറ്റിയത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തും. മലയാളികള്‍ ഏറെ ആശ്രയിക്കുന്ന പ്രദേശമാണ് മംഗലാപുരം. തുറമുഖം, വിമാനത്താവളം ഉള്‍പ്പെടെയുള്ള മര്‍മ്മപ്രധാനമായ സ്ഥാപനങ്ങളില്‍ നിന്നുള്ള കണക്ടിവിറ്റി കുറവിനും അതുവഴി വലിയ തോതിലെ വരുമാന നഷ്ടത്തിനും ഈ നടപടി ഇടയാക്കും.

നേരത്തെ സേലം ഡിവിഷന്‍ രൂപീകരിച്ചതോടെ പാലക്കാട് ഡിവിഷന്റെ കിലോമീറ്റര്‍ ശ്രേണിയില്‍ വലിയ തോതില്‍ കുറവ് സംഭവിച്ചിരുന്നു. പുതിയ നടപടിയോടെ മംഗലാപുരത്തു നിന്ന് കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന നിരവധി ട്രെയിനുകളുടെ സര്‍വീസിന് ഉള്‍പ്പെടെ ദോഷകരമായി ബാധിക്കാനുള്ള സാധ്യതയുണ്ട്. ജീവനക്കാരുടെ പാറ്റേണ്‍, റെയില്‍വേ സ്വത്തുക്കളുടെ വിന്യാസം, ഭാവിയിലേക്കുള്ള വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ഈ നടപടി ഏറെ ദുഷ്‌കരമായി ബാധിക്കും.

റെയില്‍വേ ഇക്കാര്യത്തില്‍ അടിയന്തരമായ പുനപ്പരിശോധന നടത്തേണ്ടതുണ്ട്. മംഗലാപുരം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ നിലവിലുള്ളത് പോലെ പാലക്കാട് ഡിവിഷനില്‍ തന്നെ ഉള്‍പ്പെടുത്തി മുന്നോട്ടു പോകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നല്‍കി. ഇക്കാര്യത്തില്‍ യോജിച്ച തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങും. സര്‍ക്കാര്‍ ഇക്കാര്യം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണം.”



Source link

Leave a Reply

Your email address will not be published. Required fields are marked *