Headlines

ബെംഗളൂരു വിമാനത്താവളത്തിൽ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്; ഉപയോക്തൃ വികസന ഫീസ് കുറയും, ഗുണം ആർക്ക്? | Attention Travelers Arriving At Bengaluru Airport; User Development Fee To Be Reduced, Who Stands To Benefit?


India

oi-Nidhin Illikkambath

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്ന് ഈടാക്കുന്ന ഉപയോക്തൃ വികസന ഫീസ് ഗണ്യമായി കുറയ്ക്കാൻ തീരുമാനിച്ച് വിമാനത്താവള സാമ്പത്തിക നിയന്ത്രണ അതോറിറ്റി. എന്നാൽ ബെംഗളൂരുവിലേക്ക് വന്നിറങ്ങുന്ന യാത്രക്കാരിൽ നിന്ന് ആദ്യമായി ഈ ഫീസ് ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. പുതിയ നിരക്ക് സംവിധാനം ഈ വർഷം സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരും.

പുതിയ നിരക്ക് പ്രകാരം ബെംഗളൂരുവിൽ നിന്ന് ആഭ്യന്തര യാത്ര നടത്തുന്ന പുറപ്പെടുന്ന യാത്രക്കാർക്ക് 300 രൂപയാണ് ഉപയോക്തൃ വികസന ഫീസായി നൽകേണ്ടത്. നിലവിലെ 550 രൂപയിൽ നിന്നാണ് ഇത് കുറച്ചത്. അന്താരാഷ്ട്ര യാത്രക്കാരുടെ പുറപ്പെടൽ ഫീസ് 1500 രൂപയിൽ നിന്ന് 997 രൂപയായും കുറയും. അതേസമയം, ബെംഗളൂരുവിൽ എത്തുന്ന ആഭ്യന്തര യാത്രക്കാർക്ക് 125 രൂപയും അന്താരാഷ്ട്ര യാത്രക്കാർക്ക് 426 രൂപയും പുതിയതായി ഈടാക്കും.

bengaluru

ഏപ്രിൽ 1 മുതൽ 2031 മാർച്ച് 31 വരെയുള്ള നാലാം നിയന്ത്രണ കാലയളവിനായാണ് പുതിയ നിരക്ക് സംവിധാനം നിശ്ചയിച്ചിരിക്കുന്നത്. സെപ്റ്റംബർ 1 വരെ നിലവിലുള്ള നിരക്കുകൾ തുടരും. പുതിയ സംവിധാനത്തോടെ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാരിൽ മാത്രം ഫീസ് ചുമത്തുന്ന രീതിക്ക് മാറ്റമുണ്ടാകും. ഇനി എത്തുന്നവരും പുറപ്പെടുന്നവരും ഫീസിന്റെ ഭാരം പങ്കിടുടുകയാണ് ചെയ്യുക.

എത്തുന്നവരുടെയും പുറപ്പെടുന്നവരുടെയും ഫീസ് ചേർത്താലും അടിസ്ഥാന ഫീസിൽ മൊത്തത്തിലുള്ള വർധനയുണ്ടാകില്ലെന്നാണ് വിമാനത്താവളം നിയന്ത്രിക്കുന്ന ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവള കമ്പനി പറയുന്നത്. പുതിയ സംവിധാനത്തിൽ ആഭ്യന്തര യാത്രക്കാരുടെ ആകെ ഫീസ് 425 രൂപയായിരിക്കും. നിലവിൽ പുറപ്പെടുന്ന ആഭ്യന്തര യാത്രക്കാരൻ മാത്രം നൽകുന്ന 550 രൂപയേക്കാൾ ഇത് കുറവാണ്.

അന്താരാഷ്ട്ര യാത്രക്കാരുടെ ആകെ ഫീസ് 1423 രൂപയായിരിക്കും. നിലവിലെ 1,500 രൂപയേക്കാൾ ഇതും കുറവാണ്. പുതിയ സംവിധാനത്തിൽ എത്തുന്നവർക്കും പുറപ്പെടുന്നവർക്കും ഉപയോക്തൃ വികസന ഫീസ് പങ്കിട്ടു ചുമത്തുകയാണ് ചെയ്യുന്നതെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. രാജ്യത്ത് അടുത്തിടെ ആരംഭിച്ച മറ്റ് പ്രധാന വിമാനത്താവളങ്ങളിൽ സ്വീകരിച്ച രീതിക്ക് സമാനമായാണ് ബെംഗളൂരുവിലും ഈ സംവിധാനം നടപ്പാക്കുന്നത്.

ബെംഗളൂരു വിമാനത്താവളത്തിനായി അധിക ശരാശരി വരുമാന ആവശ്യകത എന്ന പുതിയ രീതിയും ആദ്യമായി സ്വീകരിച്ചിട്ടുണ്ട്. ഈ രീതിയിൽ വിമാനത്താവള നടത്തിപ്പുകാരൻ നടത്തുന്ന നിക്ഷേപങ്ങളും ചെലവുകളും യഥാർഥത്തിൽ നടപ്പാക്കിയതിന് ശേഷമാണ് യാത്രക്കാരിൽ നിന്ന് ഈടാക്കുന്ന നിരക്കിലൂടെ വീണ്ടെടുക്കുക. ഭാവിയിൽ ഉണ്ടാകുമെന്ന് കണക്കാക്കുന്ന ചെലവുകൾ മുൻകൂട്ടി യാത്രക്കാരിൽ നിന്ന് ഈടാക്കുന്ന രീതിക്ക് ഇതിലൂടെ മാറ്റമുണ്ടാകും.

രണ്ടാം ടെർമിനലിന്റെ രണ്ടാം ഘട്ട വികസനം, അതുമായി ബന്ധപ്പെട്ട വിമാനത്താവളത്തറ വികസനം, വ്യോമമേഖലാ അടിസ്ഥാന സൗകര്യങ്ങൾ, റോഡുകൾ, ഭൂതല ഗതാഗത സംവിധാനങ്ങൾ തുടങ്ങിയ വിവിധ പദ്ധതികൾ പരിഗണിച്ചാണ് പുതിയ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. വലിയ പദ്ധതികളുമായി ബന്ധപ്പെട്ട അധിക നിരക്കുകൾ അവയുടെ നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനക്ഷമമാക്കിയതിന് ശേഷമേ ഈടാക്കുകയുള്ളൂ.

2029 ഓഗസ്‌റ്റിന് ശേഷം പ്രധാന വികസന പദ്ധതികളുടെ പുരോഗതി പരിഗണിച്ച് നിരക്കുകളിൽ വീണ്ടും മാറ്റം വരുത്തും. രണ്ടാം ടെർമിനലിന്റെ രണ്ടാം ഘട്ട വികസനവും അനുബന്ധ അടിസ്ഥാന സൗകര്യ പദ്ധതികളും ഇതിൽ ഉൾപ്പെടും. രണ്ട് വയസിന് താഴെയുള്ള കുട്ടികൾ, നയതന്ത്ര പാസ്‌പോർട്ട് ഉടമകൾ, ഔദ്യോഗിക ജോലിയുടെ ഭാഗമായി യാത്ര ചെയ്യുന്ന വിമാന ജീവനക്കാർ തുടങ്ങിയ ചില വിഭാഗങ്ങൾക്ക് ഉപയോക്തൃ വികസന ഫീസിൽ നിന്ന് ഇളവ് തുടരും.



Source link

Leave a Reply

Your email address will not be published. Required fields are marked *