Headlines

നാളെ ബാങ്ക് പണിമുടക്ക്; നാല് ദിവസം അവധി, ത്രിദിന സമരം 28ന്, ഒക്ടോബറില്‍ അനിശ്ചിതകാലം | Bank Strike Tomorrow; Four Days Of Holidays, Here What Is Consumers Should Know About Transaction


India

oi-Ashif N

രാജ്യത്ത് നാളെ ബാങ്ക് പണിമുടക്ക്. ഏറെ കാലമായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബാങ്ക് യൂണിയനുകളുടെ സമരം. സെപ്തംബര്‍ 11ന് നടക്കുന്ന പണിമുടക്ക് സൂചനാ സമരമാണ് എന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ത്രിദിന പണിമുടക്കും അനിശ്ചിതകാല സമരവും പിന്നാലെ വരുന്നുണ്ട്. പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കി കുറയ്ക്കണം എന്നാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്.

യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) ആണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രവൃത്തി ദിനം അഞ്ചാക്കി ചുരുക്കുമെന്ന് നേരത്തെ നല്‍കിയ വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ല എന്ന് സമരക്കാര്‍ പറയുന്നു. ജോലിയിലെ പ്രകടനം അടിസ്ഥാനമാക്കി ആനുകൂല്യം നല്‍കുന്ന പദ്ധതിയിലെ വിവേചനം അവസാനിപ്പിക്കണമെന്നും പെന്‍ഷന്‍ അനുബന്ധ വിഷയം പരിഹരിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

bank strike tomorrow bank closed

നാളെ മാത്രമാണ് ഇപ്പോള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തൊട്ടടുത്ത ദിവസങ്ങള്‍ രണ്ടാം ശനിയും ഞായറുമാണ്. ചില സംസ്ഥാനങ്ങളില്‍ ഗണേശ ചതുര്‍ഥി ആയതിനാല്‍ തിങ്കളാഴ്ച ബാങ്ക് അവധിയാണ്. അതുകൊണ്ടുതന്നെ നാല് ദിവസം ബാങ്ക് അടഞ്ഞുകിടക്കും. കേരളത്തില്‍ തിങ്കളാഴ്ച അവധിയില്ല. അതിനാല്‍ സംസ്ഥാനത്ത് മൂന്ന് ദിവസം ബാങ്കുകള്‍ തുറക്കില്ല.

ബാങ്ക് ജീവനക്കാരുടെ ഏഴ് സംഘടനകള്‍ ചേര്‍ന്നതാണ് യുഎഫ്ബിയു. നാളെത്തെ പണിമുടക്ക് കൊണ്ട് സമരം അവസാനിപ്പിക്കാന്‍ ഇവര്‍ക്ക് ഉദ്ദേശമില്ല. നാളെ സൂചനാ പണിമുടക്ക് മാത്രമാണ്. സെപ്തംബര്‍ 28 മുതല്‍ തുടര്‍ച്ചയായ മൂന്ന് ദിവസം പണിമുടക്കുമെന്നാണ് സമരക്കാരുടെ ഭീഷണി. അവിടെയും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും അവര്‍ പറയുന്നു.

സാമ്പത്തിക വര്‍ഷത്തിന്റെ ആറ് മാസം തികയുന്നതിനോട് അനുബന്ധിച്ചാണ് സെപ്തംബര്‍ 28ന് സമരം നടക്കുക. ഡല്‍ഹിയില്‍ നാളെ മുതല്‍ ബ്രിക്‌സ് ഉച്ചകോടി ആരംഭിക്കുകയാണ്. വിവധ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്‍മാര്‍ ഡല്‍ഹിയില്‍ എത്തും. ഈ വേളയില്‍ സമരം നടത്തരുത് എന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു എങ്കിലും സമരക്കാര്‍ അംഗീകരിച്ചില്ല. സ്‌കൈല്‍ നാല് മുതല്‍ മുകളിലോട്ടുള്ള ജീവനക്കാര്‍ക്ക് പ്രകടനം നോക്കി ആനുകൂല്യം നല്‍കുന്നത് അംഗീകരിക്കില്ല എന്നാണ് സമരക്കാര്‍ പറയുന്നത്.

ആഴ്ചയില്‍ അഞ്ച് ദിവസമായി ജോലി ചുരുക്കാമെന്ന് നേരത്തെ സര്‍ക്കാര്‍ സമ്മതിച്ചിരുന്നുവത്രെ. ഓരോ ദിവസവും ജോലി സമയത്തില്‍ മാറ്റം വരുത്തിയ ശേഷം ശനി, ഞായര്‍ ദിവസങ്ങളില്‍ അവധി നല്‍കാമെന്നായിരുന്നു ധാരണ. ഇത് അംഗീകരിക്കാത്തതാണ് സമരക്കാര്‍ പ്രധാനമായും ഉന്നയിക്കുന്നത്. നിലവില്‍ രണ്ട്, നാല് ശനിയാഴ്ചകള്‍ ബാങ്ക് അവധിയാണ്. ഗണേശ് ചതുര്‍ഥിയോട് അനുബന്ധിച്ച് ബെംഗളൂരു, ഭുവനേശ്വര്‍, ചെന്നൈ, ഹൈദരാബാദ്, മുംബൈ, നാഗ്പൂര്‍, പനാജി, വിജയവാഡ തുടങ്ങിയ സ്ഥലങ്ങളില്‍ അവധിയാണ്. പ്രധാന ബാങ്ക് ഇടപാടുകള്‍ നേരത്തെ തീര്‍ക്കണം എന്ന് എസ്ബിഐ ഉപഭോക്താക്കളോട് അഭ്യര്‍ഥിച്ചു.



Source link

Leave a Reply

Your email address will not be published. Required fields are marked *