Headlines

ദുബായില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതിക്ക് ക്വാട്ട നിശ്ചയിക്കാതെ കേന്ദ്രം; ആശങ്കയില്‍ വ്യാപാരികള്‍ | Gold Import: DGFT Yet Announce Quota Allocations for FY27 Eligible Gold Imports From the UAE, Details


Gulf

oi-Jithin TP

ഇന്ത്യ-യുഎഇ വ്യാപാര കരാറിന് കീഴിലുള്ള താരിഫ്-റേറ്റ് ക്വാട്ട അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം കാരണം, ദുബായിലെ സ്വര്‍ണ കയറ്റുമതിക്കാരും ഇന്ത്യന്‍ ഉപഭോക്താക്കളും തമ്മിലുള്ള പുതിയ വ്യാപാര ഇടപാടുകള്‍ മന്ദഗതിയില്‍. ഇത് കാരണം ദുബായില്‍ നിന്ന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നവര്‍ വാങ്ങലുകള്‍ ആസൂത്രണം ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണിപ്പോള്‍.

ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് കീഴില്‍, 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതിയ ക്വാട്ട അനുവദിക്കുന്ന കാര്യം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ കരാര്‍ പ്രകാരം, യുഎഇയില്‍ നിന്നുള്ള യോഗ്യമായ സ്വര്‍ണ ഇറക്കുമതിക്ക് ഇറക്കുമതി തീരുവയില്‍ ഒരു ശതമാനം ഇളവ് ലഭിക്കുന്നുണ്ട്. ക്വാട്ട അനുവദിക്കുന്ന പ്രക്രിയയുമായി ബന്ധപ്പെട്ട നിയമപരമായ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടാതെ തുടരുകയാണ്.

Gold Import

അതിനാല്‍, 2025-26 സാമ്പത്തിക വര്‍ഷത്തെ ക്വാട്ടയുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ സര്‍ക്കാര്‍ നീട്ടിയിരിക്കുകയാണ്. ഇന്ത്യയുടെ ഏറ്റവും വലിയ അവശ്യേതര ഇറക്കുമതി ഇനങ്ങളിലൊന്നായതും കറന്റ് അക്കൗണ്ട് കമ്മിക്ക് പ്രധാന കാരണമാകുന്നതുമായ സ്വര്‍ണ ഇറക്കുമതി നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് നിലവിലെ കാലതാമസമെന്നാണ് റിപ്പോര്‍ട്ട്.

‘ഇക്കാലയളവില്‍ സ്വര്‍ണത്തിനായുള്ള ലൈസന്‍സുകള്‍ വളരെ കുറവാണ്. താരിഫ് റേറ്റ് ക്വാട്ട ഇതുവരെ അനുവദിച്ചിട്ടില്ല,’ അല്‍ ഹയാത്ത് ഓവര്‍സീസ് ട്രേഡിംഗിന്റെ സ്ഥാപകനായ അമിത് ഗുപ്ത പറഞ്ഞു. സ്വര്‍ണ ഇറക്കുമതിക്കാര്‍ ഡിജിഎഫ്ടിയുമായും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും നയം ഇതുവരെ അന്തിമരൂപത്തിലായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായികളെ ഇത് രൂക്ഷമായി ബാധിച്ചിട്ടുണ്ട് എന്നാണ് അശോക ഗ്ലോബല്‍ സ്ഥാപകന്‍ മോണല്‍ താക്കര്‍ പറയുന്നത്. ഈ അനിശ്ചിതത്വം ഇന്ത്യ ഇന്റര്‍നാഷണല്‍ ബുള്ളിയന്‍ എക്‌സ്‌ചേഞ്ച് വഴിയുള്ള വ്യാപാരത്തെയും തടസപ്പെടുത്തിയതായി കയറ്റുമതിക്കാര്‍ പറയുന്നു. മുന്‍ അലോക്കേഷന്‍ സൈക്കിളില്‍ നിന്നുള്ള ഉപയോഗിക്കാത്ത ക്വാട്ട ചില ഇറക്കുമതിക്കാരുടെ കൈവശമുണ്ടെങ്കിലും, അവ പലര്‍ക്കിടയിലായി വിഭജിക്കപ്പെട്ടിരിക്കുന്നതിനാല്‍ വലിയ ഓര്‍ഡറുകള്‍ നടപ്പിലാക്കുന്നത് പ്രയാസകരമാണ്.

ബുള്ളിയന്‍ ഇറക്കുമതിയിലെ സുതാര്യത വര്‍ധിപ്പിക്കുന്നതിനാണ് അംഗീകൃത ബാങ്കുകള്‍ വഴിയും ഐഐബിഎക്‌സ് വഴിയും ഇറക്കുമതി ക്രമീകരിച്ചിരിക്കുന്നതെന്ന് വ്യവസായ രംഗത്തുള്ളവര്‍ പറയുന്നു. എന്നിരുന്നാലും, പുതിയ അലോക്കേഷനുകളെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുകയാണെങ്കില്‍, നിയമാനുസൃതമായ ആവശ്യം ഔദ്യോഗിക ചാനലുകള്‍ക്ക് പുറത്തേക്ക് മാറാന്‍ സാധ്യതയുണ്ടെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്.

2022-ല്‍ ഒപ്പുവെച്ച ഇന്ത്യ-യുഎഇ കരാര്‍ പ്രകാരം, യുഎഇയില്‍ നിന്നുള്ള യോഗ്യമായ സ്വര്‍ണ ഇറക്കുമതിക്ക് കസ്റ്റംസ് തീരുവയില്‍ ഒരു ശതമാനം ഇളവ് ലഭിക്കും. ഇതോടെ തീരുവ സാധാരണ നിരക്കായ 15 ശതമാനത്തില്‍ നിന്ന് 14 ശതമാനമായി കുറയുന്നു. എന്നാല്‍, ചെറുകിട, ഇടത്തരം, വന്‍കിട ഇറക്കുമതിക്കാര്‍ക്കായി ഡിജിഎഫ്ടി അനുവദിക്കുന്ന വാര്‍ഷിക താരിഫ് റേറ്റ് ക്വാട്ട പരിധിയില്‍ മാത്രമേ ഈ ഇളവ് ലഭ്യമാകൂ.

2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള വാര്‍ഷിക ക്വാട്ട 180 ടണ്ണായി നിശ്ചയിച്ചിരുന്നു. 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതിയ അനുവദിക്കലുകള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പകരം, മുന്‍വര്‍ഷത്തെ ലൈസന്‍സുകളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടിയിരിക്കുകയാണ്. ഇളവുകളോടെയുള്ള ഈ ക്വാട്ടയ്ക്കുള്ള ആവശ്യം ലഭ്യതയേക്കാള്‍ വളരെ കൂടുതലാണ്. 2026 ല്‍ ലഭ്യമായ 180 ടണ്‍ ക്വാട്ടയ്‌ക്കെതിരെ 450 ടണ്ണിലധികം വരുന്നതിനുള്ള അപേക്ഷകളാണ് ലഭിച്ചത്.



Source link

Leave a Reply

Your email address will not be published. Required fields are marked *