Last Updated:
ഭർത്താവ് സംവിധാനം ചെയ്ത ചിത്രത്തിലെ ഒരു രംഗത്തിന്റെ ചിത്രീകരണത്തിനായാണ് തുടർച്ചയായി സിഗരറ്റ് വലിക്കേണ്ടിവന്നത്
1993-ൽ പുറത്തിറങ്ങിയ ‘ഗുംറ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ, താൻ ഗർഭിണിയാണെന്നറിയാതെ ഒരു ദിവസം ഏകദേശം 100 സിഗരറ്റുകൾ വരെ വലിക്കേണ്ടിവന്നതായി നടി സോണി റസ്ദാൻ. അന്ന് രണ്ടാമത്തെ മകളായ ആലിയ ഭട്ടിനെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു താരം. മഹേഷ് ഭട്ട് സംവിധാനം ചെയ്ത ചിത്രത്തിലെ ഒരു രംഗത്തിന്റെ ചിത്രീകരണത്തിനായാണ് തുടർച്ചയായി സിഗരറ്റ് വലിക്കേണ്ടിവന്നത്.
അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് രണ്ട് ഗർഭകാലത്തും അഭിനയജീവിതം തുടർന്നതിനെക്കുറിച്ചും ചിത്രീകരണവേളകളിൽ സഹപ്രവർത്തകരിൽനിന്ന് ലഭിച്ച പിന്തുണയെക്കുറിച്ചും സോണി റസ്ദാൻ മനസ്സുതുറന്നത്. ‘ഗുംറ’യുടെയും തന്റെ ആദ്യ ടെലിവിഷൻ പരമ്പരയായ ‘ബുനിയാദ്’ന്റെ ചിത്രീകരണകാലത്തെ അനുഭവങ്ങളും താരം പങ്കുവച്ചു. ‘ഗുംറ’യിൽ അഭിനയിക്കുന്നതിനിടെയാണ് രണ്ടാമതും ഗർഭിണിയാണെന്ന വിവരം സോനി അറിയുന്നത്. എന്നാൽ ഗർഭിണിയാണെന്ന് തിരിച്ചറിയുന്നതിനുമുമ്പ് ചിത്രത്തിലെ തുടർച്ചയായി സിഗരറ്റ് വലിക്കുന്ന രംഗം ചിത്രീകരിച്ചിരുന്നു.
ആ അനുഭവം ഓർത്തെടുത്ത് ‘സ്ക്രീൻ’ (SCREEN)ന് നൽകിയ അഭിമുഖത്തിൽ സോണി പറഞ്ഞു: “ആ സിഗരറ്റ് വലിക്കുന്ന രംഗം ചിത്രീകരിച്ച ദിവസം ഏകദേശം 100 സിഗരറ്റുകളോളം ഞാൻ വലിച്ചിട്ടുണ്ടാകും. അന്ന് എന്റെ ഉള്ളിൽ ആലിയയുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. സാധാരണയായി ഞാൻ സിഗരറ്റ് വലിക്കാറില്ല. എന്നാൽ ആ സംഭവത്തിനുശേഷം സിഗരറ്റ് വലിക്കണമെന്ന ആഗ്രഹം ശക്തമായി തോന്നിത്തുടങ്ങി.”
1986-ൽ സംപ്രേഷണം ചെയ്ത ‘ബുനിയാദ്’ എന്ന ടെലിവിഷൻ പരമ്പരയുടെ ചിത്രീകരണത്തിനിടെയാണ് ആദ്യമായി ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞതെന്നും സോണി ഓർത്തെടുത്തു. രമേഷ് സിപ്പിയും ജ്യോതി സ്വരൂപും ചേർന്ന് സംവിധാനം ചെയ്ത ഈ പരമ്പരയിലൂടെയായിരുന്നു താരം ടെലിവിഷൻ രംഗത്തേക്ക് ചുവടുവച്ചത്. ആദ്യ ഗർഭകാലത്ത് ചിത്രീകരണവേളകളിൽ സിപ്പി കുടുംബം നൽകിയ കരുതലും പിന്തുണയും എടുത്തുപറഞ്ഞ സോണി, അന്നത്തെ ജീവിതസാഹചര്യങ്ങളും പങ്കുവച്ചു. അന്ന് മുംബൈയിലെ ലോഖണ്ഡ്വാലയിൽ താമസിച്ചിരുന്ന തനിക്ക് അതിരാവിലെ ചിത്രീകരണത്തിനായി യാത്ര ചെയ്യുക വലിയ വെല്ലുവിളിയായിരുന്നുവെന്ന് താരം പറഞ്ഞു.
“സിപ്പി കുടുംബം എന്നോട് വളരെ നല്ല രീതിയിലാണ് പെരുമാറിയിരുന്നത്. അന്ന് ലോഖണ്ഡ്വാലയിൽ വളരെ ഉൾപ്രദേശത്തായിരുന്നു എന്റെ താമസം. രാവിലെ ചിത്രീകരണത്തിന് പോകാൻ ഒരു ടാക്സി പോലും കിട്ടാൻ പ്രയാസമായിരുന്നു. വിവാഹം കഴിഞ്ഞിട്ട് അധികകാലമായിരുന്നില്ല. സ്വന്തമായി കാറുമുണ്ടായിരുന്നില്ല. രാവിലെ ആറുമണിക്ക് വാഹനം കണ്ടെത്താനുള്ള ബുദ്ധിമുട്ടും സമ്മർദവും ഒഴിവാക്കാൻ അവർ എനിക്കായി കാർ അയച്ചുതരുമായിരുന്നു.
അക്കാലത്ത് ലോഖണ്ഡ്വാല ഇന്നത്തെപ്പോലെ വികസിച്ചിരുന്നില്ല. ചിത്രീകരണത്തിനെത്തിയാലും എനിക്ക് ഏറ്റവും മികച്ച മുറി നൽകുകയും എല്ലാവിധ സൗകര്യങ്ങളും ഒരുക്കുകയും ചെയ്തിരുന്നു. അവർ എന്നെ വളരെയധികം ശ്രദ്ധിച്ചിരുന്നു,” സോണി പറഞ്ഞു. സോണി റസ്ദാനും ചലച്ചിത്ര സംവിധായകൻ മഹേഷ് ഭട്ടിനും 1988-ലാണ് ആദ്യ മകളായ ഷഹീൻ ഭട്ട് ജനിച്ചത്. ഏതാനും വർഷങ്ങൾക്കുശേഷം രണ്ടാമത്തെ മകളായി ആലിയ ഭട്ടും ജനിച്ചു. അഭിനയരംഗത്ത് സജീവമായ സോനി റസ്ദാൻ അവസാനമായി പ്രത്യക്ഷപ്പെട്ടത് ‘ഷാക്ക്: ട്രസ്റ്റ് നോ വൺ’ (Shaque: Trust No One) എന്ന പരമ്പരയിലാണ്.
Summary: Actress Soni Razdan has revealed that she smoked nearly 100 cigarettes in a single day while shooting for the 1993 film Gumrah, unaware that she was pregnant at the time. She was carrying her second daughter, Alia Bhatt. The cigarettes were part of a scene that required her to smoke continuously in the film, directed by Mahesh Bhatt
