Headlines

കേരളത്തിൽ നബി ദിനം കൊണ്ടാടുന്നത് എന്ന്? പ്രവാചകന്റെ ജന്മദിനത്തിൽ ലോകമെമ്പാടും ആഘോഷങ്ങൾ | When Is Nabi Dinam Observed In Kerala? Celebrations Take Place Worldwide On The Prophet’s Birthday


Kerala

oi-Nidhin Illikkambath

നാടെങ്ങും നബി ദിന ആഘോഷത്തിനായി ഒരുങ്ങുകയാണ്. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ മലയാളി സമൂഹങ്ങൾ കൂടുതലായി ഉള്ള വിദേശ രാജ്യങ്ങളിലും വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. അതിനിടയിലാണ് പലർക്കും നബിദിനം കേരളത്തിൽ ഏത് ദിവസമാണ് ആഘോഷിക്കുന്നത് എന്ന സംശയം ഉയരുന്നത്. കേരളത്തിൽ മതസൗഹാർദ്ദത്തിന്റെ മറ്റൊരു നല്ല നാളിന് കൂടി വഴിയൊരുക്കി കൊണ്ടാണ് ഇക്കുറി നബി ദിനം വന്നെത്തുന്നത്.

കേരളത്തിൽ നബിദിനം ഓഗസ്‌റ്റ് 25നാണ് ഇക്കുറി ആഘോഷിക്കുക. റബീഉൽ അവ്വൽ ഒന്നാം തീയതി ഓഗസ്‌റ്റ് 14ന് ആയതിനാൽ റബീഉൽ അവ്വൽ 12-ാം തീയതി 25നാണ് വരിക. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനമായി ആഘോഷിക്കുന്നത്. അന്നത്തെ ദിനം വിവിധ ഇസ്ലാം സംഘടനകളുടെ നേതൃത്വത്തിൽ വലിയ റാലികാൾ നടക്കുക പതിവാണ്.

nabi dinam

നബി ദിനത്തില്‍ ദൈവത്തോട് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ആഘോഷങ്ങൾ നടത്തുകയാണ് പതിവ്. ഖുറാന്‍ പാരായണം സ്വലാത്തുകള്‍, ഇസ്ലാമിക കലാ സദസുകള്‍ , നബി ചരിത്ര വിവരണം,പ്രകീര്‍ത്തനം , മത പ്രസംഗം , അന്നദാനം, അഗതികളെയും രോഗികളെയും സഹായിക്കല്‍, ദരിദ്രര്‍ക്കുള്ള വസ്ത്രങ്ങൾ നൽകൽ, ഭക്ഷണ വിതരണം, ദാനധര്‍മ്മങ്ങള്‍ , ഘോഷയാത്രകള്‍ എന്നിങ്ങനെ പല രീതിയിലാണ് പലപ്പോഴും ആഘോഷങ്ങൾ സംഘടിപ്പിക്കാറുള്ളത്.

ഇസ്ലാമിലെ രണ്ട് പ്രബല വിഭാഗങ്ങളായ സുന്നികളും ഷിയകളും ഒരേ മാസത്തിലെ വ്യത്യസ്‌ത ദിവസങ്ങളില്‍ നബിദിനം ആഘോഷിക്കുന്നത് പലർക്കും അറിയാത്ത കാര്യമാണ്. റബി-ഉല്‍-അവ്വല്‍ മാസത്തിലെ പന്ത്രണ്ടാം ദിവസം സുന്നികള്‍ നബിദിനം ആചരിക്കുമ്പോള്‍, ഷിയകള്‍ മാസത്തിലെ 17ാം ദിവസമാണ് ഇത് ആഘോഷിച്ചു പോരുന്നത്. സാധാരണഗതിയിൽ നബി ദിനത്തില്‍ ഇസ്ലാം മതവിശ്വാസികള്‍ പരസ്‌പരം ആശംസകള്‍ കൈമാറുന്ന പതിവുണ്ട്.

കേരളത്തിലെ മഹല്ലുകളും മദ്രസകളും കേന്ദ്രീകരിച്ച് തന്നെയാണ് സാധാരണയായി നബിദിന റാലികള്‍ നടക്കാറുള്ളത്. നബി തന്റെ ജീവിതത്തിലൂടെ വിശ്വാസികൾക്ക് പകര്‍ന്നു നല്‍കിയ പങ്കുവയ്ക്കലിന്റെയും പരസ്‌പര സ്നേഹ-വിശ്വാസത്തിന്റെയും മാതൃകയില്‍ വിവിധയിടങ്ങളില്‍ അന്നദാനവും നടക്കാറുണ്ട്. ഓണം അവധി ആയതിനാൽ സ്‌കൂളുകൾ അടച്ചിട്ടത് കൊണ്ട് വിദ്യാർത്ഥികൾക്ക് അടക്കം പരിപാടികളിൽ സജീവമായി പങ്കെടുക്കാൻ കഴിയും.

നബി ദിനത്തിന്റെ ചരിത്രം

എഡി 571ൽ മക്കയിലെ ഖുറൈശി ഗോത്രത്തിലെ പ്രസിദ്ധമായ ഹാശിം കുടുംബത്തില്‍ അബ്‌ദുല്ല, ആമിന ദമ്പതികളുടെ മകനായാണ് മുഹമ്മദ് നബി എന്ന പുണ്യ പ്രവാചകൻ ജനിക്കുന്നത്. അദ്ദേഹത്തിന്റെ 1501ആമത് ജന്മദിനമാണ് ഇത്തവണ. ഗര്‍ഭത്തിലിരിക്കെ രണ്ട് മാസം മുമ്പ് പിതാവിനെയും ആറാം വയസിൽ തന്റെ മാതാവിനെയും നഷ്‌ടപ്പെട്ട് അനാഥനായിട്ടാണ് നബി വളര്‍ന്നത്.

പിതൃ സഹോദരനായ അബൂ ത്വാലിബായിരുന്നു അദ്ദേഹത്തിന് ആവശ്യമായ സംരക്ഷണം നല്‍കിയത്. ഇരുപത്തിയഞ്ചാം വയസില്‍ വിധവയായ ഖദീജയെ അദ്ദേഹം വിവാഹം കഴിച്ചു. വിശ്വസ്‌തൻ എന്ന് അർഥം വരുന്ന അൽ അമീൻ എന്ന പേരിലാണ് ജനങ്ങള്‍ക്കിടയില്‍ നബി അറിയപ്പെട്ടിരുന്നത്. ദൈവിക വചനമായ വേദ ഗ്രന്ഥം ജനങ്ങളെ പഠിപ്പിച്ചുകൊണ്ടായിരുന്നു നബിയുടെ പ്രവർത്തനങ്ങൾ.



Source link

Leave a Reply

Your email address will not be published. Required fields are marked *